ഐപിഎല്ലില്‍ കന്നിക്കിരീടമുയര്‍ത്തിയ ആര്‍സിബിയുടെ വിജയാഘോഷത്തില്‍ ഏവരുടെയും ശ്രദ്ധ പതിച്ചത് വിരാട് കോലി അനുഷ്ക ദമ്പതികളുടെ സ്നേഹനിമിഷങ്ങളിലേക്കാണ്. കിരീടനേട്ടത്തിലും അനുഷ്കയെ തിരയുന്ന കോലി, കളി കഴിഞ്ഞയുടനെ കോലിയെ വന്ന് വാരിപ്പുണരുന്ന അനുഷ്ക, ഇരുവരുടെയും സുന്ദരനിമിഷങ്ങളായിരുന്നു റീലുകളിലും ട്രെന്‍ഡിങ്. ഇപ്പോഴിതാ സോഷ്യലിടത്ത് ചര്‍ച്ചാവിഷയം മറ്റൊന്നാണ്. ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയ അനുഷ്ക ധരിച്ച വാച്ചിലാണ് ഇത്തവണ ഫാഷന്‍ പ്രേമികളുടെ കണ്ണുടക്കിയത്.
പ്ലാറ്റിനം റോളക്സ് ഡേ-ഡേറ്റ് 40 എന്ന വാച്ചാണ് അനുഷ്ക ഐപിഎല്‍ ഫൈനല്‍ കാണാനെത്തിയപ്പോള്‍ ധരിച്ചിരുന്നത്. ഇത് റോളക്സ് എന്ന ആഡംബര വാച്ച് ബ്രാന്‍ഡിന്‍റെ വളരെ എക്സ്ക്സൂസീവായ സിഗ്നേച്ചര്‍ പ്രൊഡക്ടാണ്. 40 മില്ലീമീറ്റർ ചുറ്റളവുള്ള നീല ഓംബ്രെ നിറമുള്ള ഡയലാണ് വാച്ചിന്‍റെ പ്രത്യേകത. റോളക്സ് സൈറ്റ് പ്രകാരം 56,47,000 രൂപ ആണ് വാച്ചിന്റെ വില. ഉയർന്ന നിലവാരമുള്ള പ്ലാറ്റിനം ഉപയോഗിച്ചാണ് വാച്ച് നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റേഡിയത്തിന്‍റെ വെളിച്ചത്തില്‍ വാച്ചിന്‍റെ സ്ട്രാപ്പ് തിളങ്ങിയതും വാച്ച് ശ്രദ്ധേയമാകുന്നതിന് കാരണമായി.
റോളക്സ് വെബ്സൈറ്റ് പ്രകാരം ഡയമണ്ട് പതിച്ച ബെസല്‍ ആണ് ഒരാള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ വാച്ചിന്‍റെ വില 99,79,000 രൂപ വരെ ഉയരും. അതേസമയം വാച്ചില്‍ മാത്രമല്ല ആരാധകരുടെ കണ്ണുടക്കിയത്. അനുഷ്കയുടെ ഔട്ട്ഫിറ്റും ഫാഷന്‍ പ്രേമികളുടെ മനംകവര്‍ന്നു. യൂറോപ്പ്യൻ ബ്രാൻഡായ സാൻഡ്രോ പാരിസിന്റെ ബ്ലൂ ഡെനിമും അലക്സാണ്ടർ വാങ് എന്ന ബ്രാൻഡിന്റെ കോട്ടൺ ബട്ടൺ-ഡൗൺ വെള്ള ഷർട്ടും ധരിച്ചാണ് അനുഷ്ക ഫൈനല്‍ കാണാനെത്തിയത്. മികച്ച ഫാഷന്‍ സെന്‍സുകൊണ്ടും കോലിയുമായുളള കെമിസ്ട്രി കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് അനുഷ്കയെന്നാണ് സോഷ്യല്‍ ലോകം വ്യക്തമാക്കുന്നത്.