പാക്കിസ്ഥാനെ തുണച്ച തുര്‍ക്കിയെ തുരത്തി ഓണ്‍ലൈന്‍ ഫാഷന്‍ വിതരണക്കാരും . തുര്‍ക്കിയില്‍ നിന്നുള്ള ഫാഷന്‍ ബ്രാന്‍ഡുകളെ ഷോക്കേസില്‍ നിന്ന് നീക്കി പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളായ അജിയോയും മിന്ത്രയും. തുർക്കിക്കെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങൾ വർധിച്ചതോടെയാണ് ഈ തീരുമാനം.
ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ ക്യാംപുകള്‍ തകര്‍ത്തതിനെതിരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളെ തുര്‍ക്കിയും അസര്‍ബൈജാനും പരസ്യമായി പിന്തുണച്ചിരുന്നു. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ തന്നെ മിന്ത്ര ടര്‍ക്കിഷ് ബ്രാന്‍ഡുകള്‍ ഒഴിവാക്കിയിരുന്നു.
ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള മിന്ത്രയ്ക്കാണ് ഇന്ത്യയിൽ ടര്‍ക്കിഷ് ബ്രാന്‍ഡായ ട്രെൻഡ്യോൾ വിൽക്കാനുള്ള പ്രത്യേക അവകാശം ഉണ്ടായിരുന്നത്. വ്യാഴാഴ്ചയോടെ എല്ലാ തുർക്കി ബ്രാന്‍ഡ് വസ്ത്രങ്ങളും ഒഴിവാക്കിയതായി രണ്ടു കമ്പനികളും അറിയിച്ചു. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള അജിയോ കോട്ടോൺ, എൽസി വൈകീക്കി, മാവി തുടങ്ങിയ ടർക്കിഷ് ഫാഷൻ ബ്രാന്‍ഡുകളുടെ വിൽപ്പന നിർത്തിവച്ചു.
ഈ ഉൽപ്പന്നങ്ങളൊന്നും സ്റ്റോക്കില്ലെന്നാണ് അജിയോയില്‍ തിരയുന്നവര്‍ക്ക് കിട്ടുന്ന മറുപടി. റിലയൻസ് തുർക്കിയിലെ ഓഫീസും അടച്ചുപൂട്ടി. അജിയോയിൽ നിന്ന് എല്ലാ ടര്‍ക്കിഷ് ബ്രാൻഡുകളും നീക്കം ചെയ്യുമെന്നും സ്ഥിരീകരിച്ചിരുന്നു. തുർക്കിയിലെ ടെക്സ്റ്റൈൽ കമ്പനിയായ ക്വാങ്ക് ടെക്സ്റ്റൈലുമായുള്ള പങ്കാളിത്തം നേരത്തെ തന്നെ അവസാനിപ്പിച്ചതായും റിലയന്‍സ് വ്യക്തമാക്കി.
വെള്ളിയാഴ്ച കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് തുർക്കിയുമായും അസർബൈജാനുമായും ഉള്ള വ്യാപാരം നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു പ്രമേയം പാസാക്കിയിരുന്നു. തുർക്കിയിലോ അസർബൈജാനിലോ ചിത്രീകരിക്കുന്ന ഇന്ത്യൻ സിനിമകൾ ബഹിഷ്‌കരിക്കുമെന്നും സിഎഐടി അറിയിച്ചു.