Photo Courtesy- sayedamahamalrafai (instagram)
ഒരു കറുത്ത ബ്ലൗസ് ഉപയോഗിച്ച് പല സാരി മാറി മാറി ഉടുക്കുക, ഒരു പാന്‍റ് പല ടോപ്പുകൾക്ക് ഉപയോഗിക്കുക, ഇങ്ങനെ ചെയ്യുമ്പോള്‍ ആരെങ്കിലും ‘പിശുക്ക്’ എന്ന് പറഞ്ഞാൽ വിഷമിക്കേണ്ട, ഇത് ക്യാപ്സ്യൂൾ വാര്‍ഡ്രോബ് എന്ന തന്ത്രമാണ്. കുറച്ച് വസ്ത്രങ്ങളും ആക്സറീസും ഉള്ള ഒരു ചെറിയ വാര്‍ഡ്രോബ്. കൃത്യമായ പ്ലാനിങ്ങോടെ ഇവിടെ കൂടുതല്‍ സ്റ്റൈലിങ് പരീക്ഷിക്കാം.
ഓരോരുത്തരുടെയും സ്റ്റൈലും ട്രെന്‍ഡും വാര്‍ഡ്രോബും അവരവരുടെ ജോലിയും ഇഷ്ടങ്ങളുമനുസരിച്ച് മാറും. വ്യത്യസ്ത ഇനം ടോപ്പുകൾ, ടീ ഷർട്ട്, ടാങ്ക് ടോപ്, ക്രോപ് ടോപ് തുടങ്ങിയവ സാധാരണ പാന്റുകളോടൊപ്പം ധരിക്കാതെ, ബ്ലെയ്സേഴ്സ്, ഷോൾ, ഓവർകോട്ട്, ഡ്രസിനുമുകളിലൂടെ ഷർട്ട് എന്നിവയുപയോഗിച്ച് സ്റ്റൈൽ ചെയ്യാം. പാന്റ്സ് പോലെ സ്കർട്ടും നല്ലൊരു സ്റ്റൈലിങ്ങ് ഓപ്ഷനാണ്. സ്നീക്കേഴ്സിനൊപ്പവും ഹീൽസിനൊപ്പവും ഫ്ലാറ്റ്സിനൊപ്പവും സ്റ്റൈൽ ചെയ്യുമ്പോൾ ഔട്ട്ഫിറ്റ് ലുക്ക് മാറിക്കൊണ്ടേയിരിക്കും. അതൊരു പുതുമയാണ്.
വില കൂടിയ ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങി കുറേക്കാലം ഉപയോഗിക്കുന്ന പ്രവണതയാണ് ആവർത്തന വിരസതയുടെ പ്രധാന കാരണം. പുതുമ വേണ്ടവർക്ക് ക്യാപ്സ്യൂൾ വാഡ്രോബ് ആണ് അനുയോജ്യം. മാത്രമല്ല ഉള്ളത് എല്ലാക്കാലത്തും ഉപയോഗിക്കാന്‍ പറ്റുന്ന വസ്ത്രങ്ങള്‍ ആണെങ്കില്‍ ട്രെന്‍ഡ് ഔട്ട് ആകുമോയെന്ന് പേടിയും വേണ്ട.
എങ്ങനെ വസ്ത്രങ്ങൾ ലെയർ ചെയ്ത് ധരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ക്യാപ്സ്യൂൾ വാര്‍ഡ്രോബിന്റെ വിജയം. ഒരു ദിവസം പ്ലെയിനായി ടാങ്ക് ടോപും ജീൻസും ധരിച്ചാൽ അടുത്ത ദിവസം ഒരു സ്റ്റോൾ കൂടി ഉൾപ്പെടുത്താം. സാരിക്ക് ബ്ലൗസായി ക്രോപ് ടോപ്പോ മിനിമല്‍ കോട്ടണ്‍ ഷര്‍ട്ടോ ഉപയോഗിക്കാം. മോണോക്രൊമാറ്റിക് പെയറിങ്ങിൽ കുർത്ത പരീക്ഷിക്കുന്നത് എത്‍നിക് പ്രേമികൾക്ക് ശ്രമിക്കാവുന്നതാണ്.