കാലടി സംസ്കൃത സർവകലാശാലയിൽ ബി.എ പരീക്ഷ തോറ്റ വിദ്യാർത്ഥിനി എം.എ പരീക്ഷ ജയിച്ചു.സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 2014 - 2017 അക്കാദമിക വർഷം ബി.എ സംസ്കൃത സാഹിത്യം പഠിച്ച വിദ്യാർത്ഥിനി കോഴ്സ് പാസായിരുന്നില്ല. എന്നാല്‍ ഇതേ വിദ്യാര്‍ഥിനി 2017ൽ എം.എ കോഴ്സിന് അതേ സെന്ററില്‍ തന്നെ പ്രവേശനം നേടി. 2019 ൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. പാസായ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും കൈപ്പറ്റി. ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങുവാൻ വിദ്യർഥിനി സർവകലാശാലയിൽ എത്തിയപ്പോഴാണ് ഇക്കാര്യം പരീക്ഷ വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടത്.
ഈ വർഷം സെപ്റ്റംബറിൽ പെൺകുട്ടി അഞ്ചാം സെമസ്റ്ററിലെ വിഷയങ്ങളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചിട്ടുള്ളതായും കണ്ടെത്തി. സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നത്. ബിരുദമില്ലാത്ത വിദ്യാർത്ഥിക്ക് എം.എക്ക് പ്രവേശനം നൽകുന്നത് ഏന്തു മാനദണ്ഡ പ്രകാരമാണെന്ന് വ്യക്തമാക്കണമെന്നും ഓഡിറ്റ് വിഭാഗം സർവകലാശാലയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.