സംസ്ഥാനത്തെ പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് കുടിശ്ശിക പൂർണ്ണമായി തീർപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി 30 കോടി രൂപ കൂടി അധികമായി അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയതായി പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു. ഒ.ഇ.സി., ഒ.ബി.സി. വിഭാഗങ്ങളിലെ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ ലഭിക്കാനുണ്ടായിരുന്ന 310 കോടി രൂപയുടെ കുടിശ്ശികയാണ് ഇതോടെ പൂർണ്ണമായി തീർപ്പാക്കുന്നത്.
വിദ്യാർത്ഥികളുടെ പഠനം സാമ്പത്തിക പ്രതിസന്ധി മൂലം തടസ്സപ്പെടാതിരിക്കാനും അർഹമായ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും സർക്കാർ പ്രത്യേക പരിഗണനയാണ് നൽകുന്നത്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പിന്നാക്ക ക്ഷേമവകുപ്പ് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. അനുവദിച്ച തുക അർഹരായ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള നടപടികൾ വകുപ്പ് വേഗത്തിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിലെ സുപ്രധാന വാഗ്ദാനമാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. സ്കോളർഷിപ്പ് തുക ലഭിക്കുന്നതിൽ മുൻപ് ഉണ്ടായ കാലതാമസം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുടിശ്ശിക തീർപ്പാക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചത്. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സാമ്പത്തിക പരിമിതികൾ കാരണം ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകാതിരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും വകുപ്പ് പുറത്തിറിക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.