AI Image

എൻസിഇആർടി പാഠപുസ്തകങ്ങളിൽ വരുന്ന മാറ്റങ്ങള്‍ സമീപകാലത്തായി വിദ്യാഭ്യാസ മേഖലയിൽ വലിയ രാഷ്ട്രീയ - അക്കാദമിക ചർച്ചക്കാണ് ആവര്‍ത്തിച്ച് വഴിവക്കുന്നത്. രാജ്യത്തെ  സ്‌കൂൾ പാഠ്യപദ്ധതിയിൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് വലിയ മാറ്റങ്ങളാണ് കൊണ്ട് വന്നുകൊണ്ടിരിക്കുന്നത്. കോവിഡിന് ശേഷം പാഠന ഭാരം കുറയ്ക്കുന്നു എന്ന പേരിൽ ആരംഭിച്ച ഈ നടപടികൾ വലിയ വിവാദമാണ് സൃഷിക്കുന്നത്. മുഗൾ ചരിത്രം ഒഴിവാക്കിയും, അടിയന്തരാവസ്ഥയും SIRഉം ചേര്‍ത്തുമൊക്കെയാണ് പാഠപുസ്തകങ്ങള്‍ ഇറങ്ങുന്നത്.  വിശദീകരണം പലതുണ്ടെങ്കിലുംചരിത്രത്തെ മാറ്റിയെഴുതാനുള്ള ശ്രമമാണിതെന്ന് വിമർശകർ ആരോപിക്കുന്നു.

 

 

എൻസിഇആർടി വരുത്തിയ പ്രധാന മാറ്റങ്ങൾ

 

 

SIR പഠിക്കണം

 

എൻ‌സി‌ഇആർ‌ടിയുടെ ഒമ്പതാം ക്ലാസ് സാമൂഹ്യ ശാസ്‌ത്ര പാഠ പുസ്‌തകത്തിൽ എസ്‌ഐആര്‍ ഉൾപ്പെടുത്തി. തിരഞ്ഞെടുപ്പ് നടപടി സംബന്ധിച്ച അധ്യായത്തിലാണ് മാറ്റം. യോഗ്യരായ ഒരു പൗരനെയും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായാണ് വോട്ടർ പട്ടിക പരിഷ്‌കരണം എന്ന് പാഠഭാഗത്തില്‍. "അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്" എന്ന പാഠഭാഗത്തിലാണ് വോട്ടർ പട്ടിക പരിഷ്‌കരണത്തെക്കുറിച്ച് പരാമശിക്കുന്നത്.

 

അടിയന്തരാവസ്ഥ പാഠഭാഗത്തില്‍

 

ചരിത്രത്തിലാദ്യമായി ഒമ്പതാം ക്ലാസ് പാഠ്യപദ്ധതിയിൽ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചരിത്രഭാഗം ഉൾപ്പെടുത്തി. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് ഉള്‍പെടുത്തിയത്. 

 

ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രവർത്തനം, കരുത്ത്, നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്ന "സമൂഹത്തെ മനസ്സിലാക്കൽ: ഇന്ത്യയും അതിനപ്പുറവും" എന്ന പുതിയ പാഠപുസ്തകത്തിലെ 'ജനാധിപത്യത്തോടുള്ള വെല്ലുവിളി' എന്ന പ്രത്യേക വിഭാഗത്തിലാണ്  വിഷയം ഉൾപ്പെടുത്തിയത്.അടിയന്തരാവസ്ഥ കാലത്തെ ജനാധിപത്യ ധ്വംസനങ്ങളും പൗരാവകാശ ലംഘനങ്ങളുമാണ് ഇതിൽ പ്രധാനമായും വിശദീകരിക്കുന്നത്.

 

മുഗൾ ചരിത്രവും ഡൽഹി സുൽത്താനേറ്റും കട്ട്

 

ഏഴാം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ചരിത്ര പുസ്തകങ്ങളിൽ നിന്ന് മുഗൾ സാമ്രാജ്യത്തെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള സുപ്രധാന ഭാഗങ്ങൾ നീക്കം ചെയ്തു. മുഗൾ ഭരണാധികാരികളുടെ ഭരണനേട്ടങ്ങളും വാസ്തുവിദ്യാ സംഭാവനകളും ഒഴിവാക്കിയവയിൽ ഉൾപ്പെടുന്നു. ഇതിനെതിരെ ചരിത്രകാരന്മാരിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നത്.

 

ഗാന്ധി വധത്തെക്കുറിച്ചുള്ള പരാമർശങ്ങളിലെ തിരുത്തൽ

 

മഹാത്മാഗാന്ധിയുടെ വധത്തിന് ശേഷം ആർഎസ്എസ്  ഉൾപ്പെടെയുള്ള സംഘടനകളെ നിരോധിച്ചുവെന്ന പരാമർശവും, നാഥുറാം ഗോഡ്സെയുടെ ഹിന്ദുത്വ പശ്ചാത്തലവും പാഠപുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്തു. 

 

ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കി

 

പത്താം ക്ലാസിലെ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം നീക്കം ചെയ്തത് ശാസ്ത്രലോകത്ത്  ഞെട്ടലുണ്ടാക്കി. ആധുനിക ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായ സിദ്ധാന്തം ഒഴിവാക്കിയത് വിദ്യാർത്ഥികളുടെ ശാസ്ത്രാവബോധത്തെ ബാധിക്കുമെന്ന് ശാസ്ത്രജ്ഞരും അധ്യാപകരും മുന്നറിയിപ്പ് നൽകി.

 

പീരിയോഡിക് ടേബിളും രസതന്ത്ര പാഠങ്ങളും ഒഴിവാക്കി

 

പത്താം ക്ലാസിലെ സയൻസ് സിലബസിൽ നിന്ന് മൂലകങ്ങളുടെ പീരിയോഡിക് ടേബിളും  ചില അടിസ്ഥാന രസതന്ത്ര പാഠങ്ങളും ഒഴിവാക്കി. പാഠ്യഭാരം കുറയ്ക്കാനാണ് ഇതെന്നാണ് വിശദീകരണമെങ്കിലും ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നാണ്  വിലയിരുത്തൽ.

 

 

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കി

 

പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളിൽ നിന്ന് 2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴിവാക്കി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിമർശനങ്ങളും, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ 'രാജധർമ്മ' പരാമർശവും നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു.

 

ഭരണഘടനാ പരമായ ഉള്ളടക്കങ്ങളിലെ മാറ്റം

 

ഭരണഘടനാ സ്ഥാപനങ്ങൾ, ജനാധിപത്യ പ്രക്രിയകൾ, ആമുഖം എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ കാര്യമായി വെട്ടി.  ഭരണഘടനാ മൂല്യങ്ങൾ ഇപ്പോഴും സിലബസിന്റെ ഭാഗമാണെന്ന് എൻസിഇആർടി വാദിക്കുന്നു.

 

പ്രാചീന ഇന്ത്യൻ വിജ്ഞാനത്തിന് കൂടുതൽ ഊന്നൽ

 

പുതിയ പാഠപുസ്തകങ്ങളിൽ ഇന്ത്യയുടെ പ്രാചീന വിജ്ഞാന ശാഖകളായ ഗണിതം, ജ്യോതിശാസ്ത്രം, ആയുർവേദം, തത്ത്വശാസ്ത്രം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇതിനുപുറമെ പുണ്യ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചുള്ള 'സേക്രഡ് ജ്യോഗ്രഫി' , മഹാകുംഭമേള എന്നിവയും പുതിയതായി ഉൾപ്പെടുത്തി.

 

'ഇന്ത്യ'യ്ക്ക് പകരം 'ഭാരതം'

 

പാഠപുസ്തകങ്ങളിൽ 'ഇന്ത്യ' ക്കൊപ്പം  'ഭാരതം'  ഉം ഉപയോഗിക്കാനുള്ള ശുപാർശ ദേശീയ തലത്തിൽ വലിയ ചര്‍ച്ചയായി.

 

ജുഡീഷ്യറിയെക്കുറിച്ചുള്ള പാഠം

 

എട്ടാം ക്ലാസിലെ പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് 2026 ഫെബ്രുവരിയിൽ പിൻവലിക്കേണ്ടി വന്നു. 

ENGLISH SUMMARY:

NCERT textbook changes are at the forefront of educational discussions, reflecting significant political and academic debates. The National Council of Educational Research and Training is implementing major revisions as part of the National Education Policy, impacting various subjects from history to science.