രാജ്യത്തെ മെഡിക്കൽ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ്-യുജി അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി(CBT) മാറുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു. കാലങ്ങളായി ചർച്ച ചെയ്യപ്പെടുന്ന മാറ്റമാണിത്. മെയ് 3-ന് 23 ലക്ഷം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ജൂണ്‍ 21ന് പുനപരീക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ വര്‍ഷവും വ്യത്യസ്തവും വിചിത്രവുമായ ക്രമക്കേടുകളാണ് പൊതുപ്രവേശന പരീക്ഷകളില്‍ നടക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പ്. ഇത് തടയാനാണ് പുതിയ നീക്കം. ഒ.എം.ആർ(OMR) ഷീറ്റുകൾ ഉപയോഗിക്കുന്നതിനേക്കാള്‍ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ കുറച്ചുകൂടി സുരക്ഷിതമാണെന്നും എന്നാൽ സൈബർ കുറ്റകൃത്യങ്ങൾ വെല്ലുവിളിയാണെന്നും ധര്‍മേന്ദ്ര പ്രധാൻ പറഞ്ഞു.
ഇപ്പോൾ മാറ്റം എന്ത് കൊണ്ട്?
2024ലെ നീറ്റ് യുജി ചോദ്യപേപ്പർ ചോര്‍ച്ചക്ക് പിന്നാലെ, പൊതുപരീക്ഷ നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കാൻ മുൻ ഐ.എസ്.ആർ.ഒ (ISRO) മേധാവി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കേന്ദ്രം ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലേക്ക് മാറാൻ സമിതി നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പിലാക്കിയിരുന്നില്ല.
സമിതി കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ, പേനയും പേപ്പറും ഉപയോഗിച്ചുള്ള പരീക്ഷകളിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിൽ പരീക്ഷ നടത്താനുള്ള വെല്ലുവിളികൾ പരിഹരിക്കണം, സുരക്ഷിതമായ പ്ലാറ്റ്‌ഫോം, നെറ്റ്‌വർക്ക്, പരീക്ഷാ സൗകര്യങ്ങൾ, മികച്ച പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഒന്നിലധികം ഷിഫ്റ്റുകളിലായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതിയാണ് സുരക്ഷിതമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കീബോർഡുമായി ബന്ധിപ്പിക്കാത്ത കമ്പ്യൂട്ടർ ഉപയോഗിച്ച്, മൗസ് വഴി മാത്രം ഉത്തരങ്ങൾ രേഖപ്പെടുത്താൻ കഴിയുന്ന രീതിയാണ് സമിതി നിർദേശിക്കുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. പരീക്ഷാ സമയത്ത് എപ്പോൾ വേണമെങ്കിലും ഉത്തരങ്ങൾ തിരുത്താനുള്ള സൗകര്യമുണ്ടാകും. നിലവിലെ പേന-പേപ്പർ രീതിയിൽ, വിദ്യാർത്ഥികൾ ഒ.എം.ആർ ഷീറ്റിലാണ് ഉത്തരങ്ങൾ രേഖപ്പെടുത്തുന്നത്. 180 ചേദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. പ്രത്യേകമായി പ്രിന്റ് ചെയ്ത കടലാസുകളിൽ പെൻസിലോ പേനയോ ഉപയോഗിച്ച് അടയാളപ്പെടുത്തുന്നത് തിരിച്ചറിയാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് ഒ.എം.ആർ (Optical Mark Recognition). മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ അടങ്ങിയ പരീക്ഷകളിലാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത്. ചോദ്യപേപ്പറുകൾ അച്ചടിക്കുന്നതിനും പായ്ക്ക് ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനും സൂക്ഷിക്കുന്നതിനുമായി വിവിധ ഏജൻസികളെ ആശ്രയിക്കേണ്ടി വരുന്നതിനാൽ, പേന-പേപ്പർ പരീക്ഷകളിൽ ചോദ്യങ്ങൾ ചോരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചോദ്യപേപ്പറുകൾ കൈകാര്യം ചെയ്യുന്ന നിലവിലെ പ്രക്രിയയെ പരീക്ഷാ നടത്തിപ്പിലെ ഏറ്റവും ദുർബലമായ ഘട്ടമായാണ് സമിതി വിശേഷിപ്പിച്ചത്. നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് നിലവില്‍ വിദ്യാഭ്യാസ മന്ത്രാലയം മാറ്റത്തിനൊരുങ്ങുന്നത്.
മാറ്റത്തിനോടുള്ള വിമുഖത എന്തുകൊണ്ട്?
2018-ൽ മാനവവിഭവശേഷി മന്ത്രിയായിരുന്ന പ്രകാശ് ജാവഡേക്കർ, 2019 മുതല്‍ നീറ്റ്-യുജി ഓൺലൈനാക്കുമെന്നും വർഷത്തിൽ രണ്ടുതവണ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ ലഭ്യത ഇല്ലന്നായിരുന്നു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയത്. മൂല്യനിർണ്ണയത്തിലെ മാറ്റങ്ങൾ, പരീക്ഷാ നടത്തിപ്പിനുള്ള സൗകര്യ കുറവ് എന്നിവ കാരണം നീറ്റിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ പദ്ധതി മാറ്റിവെക്കപ്പെട്ടു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന പരീക്ഷകളിൽ ഏറ്റവും കൂടുതൽ വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷയാണ് നീറ്റ്-യുജി. നിലവിൽ ഒരു ദിവസം ഒരൊറ്റ ഷിഫ്റ്റായാണ് പരീക്ഷ നടത്തുന്നത്. രാജ്യത്തെ ഇപ്പോഴത്തെ അടിസ്ഥാന സൗകര്യങ്ങൾ വെച്ച് എൻ.ടി.എയ്ക്ക് ഒരൊറ്റ ഷിഫ്റ്റിൽ ഏകദേശം ഒന്നര ലക്ഷം വിദ്യാർത്ഥികൾക്ക് മാത്രമേ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താനാവൂ.
23 ലക്ഷം നീറ്റ് വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ സൗകര്യങ്ങൾ വലിയ രീതിയിൽ വർദ്ധിപ്പിക്കണം, കൂടുതൽ ഷിഫ്റ്റുകളിലായി പരീക്ഷ നടത്തുകയും വേണം.ലഭ്യമായ പല കമ്പ്യൂട്ടർ പരീക്ഷാ കേന്ദ്രങ്ങളും സ്വകാര്യ സ്ഥാപനങ്ങളുടേതാണ്. അവയിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണം. ഓരോ ജില്ലയിലും ചുരുങ്ങിയത് ഒരു പരീക്ഷാ കേന്ദ്രമെങ്കിലും വേണമെന്നാണ് രാധാകൃഷ്ണൻ സമിതി നിര്‌ദേശം. കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ, സംസ്ഥാന-കേന്ദ്ര സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ സുരക്ഷിതമായ പരീക്ഷാ സൗകര്യങ്ങൾ ഒരുക്കാമെന്നും സമിതി ചൂണ്ടിക്കാട്ടി. ഒരു സെഷനിൽ രണ്ട് ലക്ഷം മുതൽ രണ്ടര ലക്ഷം വരെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ കഴിയുന്ന തരത്തിൽ 500 പരീക്ഷാ കേന്ദ്രങ്ങളുടെ ഒരു ശൃംഖല ഒരു വർഷത്തിനുള്ളിൽ സജ്ജമാക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.ഒന്നിലധികം സെഷനുകളായി പരീക്ഷ നടത്തുമ്പോൾ, മാർക്കുകൾ 'നോർമലൈസ്' ചെയ്യേണ്ടതുണ്ട്. വ്യത്യസ്ത സെഷനുകളിൽ ചോദ്യപേപ്പറുകളുടെ കാഠിന്യം വ്യത്യസ്തമായിരിക്കാം എന്നതിനാൽ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണിത്. സ്‌കോറുകൾ നോർമലൈസ് ചെയ്യാനും അതുവഴി പെർസെന്റൈൽ സ്‌കോർ തയ്യാറാക്കാനും എൻ.ടി.എയ്ക്ക് കൃത്യമായ പ്രക്രിയയുണ്ട്. ഒരൊറ്റ ഷിഫ്റ്റിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രകടനത്തെ താരതമ്യം ചെയ്താണിത്.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകള്‍?
എൻ.ടി.എ ഓൺലൈനായും ഒന്നിലധികം ഷിഫ്റ്റുകളായും സെഷനുകളായും പരീക്ഷകൾ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്നുണ്ട്. 2019-ൽ എൻ.ടി.എ പരീക്ഷാ നടത്തിപ്പ് ഏറ്റെടുത്തപ്പോൾ ജെ.ഇ.ഇ (മെയിൻ) കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റി. രണ്ട് സെഷനുകളാക്കി. ഐ.ഐ.ടികൾ നടത്തുന്ന ജെ.ഇ.ഇ അഡ്വാൻസ്ഡ് (JEE Advanced) പരീക്ഷയും പൂർണ്ണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാണ്. ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി-യുജി (CUET-UG) പരീക്ഷയും എൻ.ടി.എ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് നടത്തുന്നത്. കഴിഞ്ഞ വർഷം 10.20 ലക്ഷം വിദ്യാർത്ഥികൾക്കായി 10 ഷിഫ്റ്റുകളിലായാണ് യു.ജി.സി-നെറ്റ് പരീക്ഷ നടന്നത്. എൻ.ടി.എ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളിലും പല സമയത്തും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ചില കേന്ദ്രങ്ങളിൽ സി.യു.ഇ.ടി-യുജി പരീക്ഷയ്ക്കിടെ കമ്പ്യൂട്ടർ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡാർക്ക്‌നെറ്റിലൂടെ ചോദ്യപേപ്പർ ചോർന്നുവെന്ന ആശങ്കയെത്തുടർന്ന് 2024-ൽ യു.ജി.സി-നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു.