'കുഞ്ഞുങ്ങളുടെ ക്രീം ഉപയോഗിച്ചാൽ ചർമം കൂടുതൽ മൃദുവാകുമോ?' ഈ ചോദ്യം ഒരിക്കലെങ്കിലും മനസ്സിൽ തോന്നാത്തവർ കുറവായിരിക്കും. ബേബി ലോഷൻ, ബേബി ഓയിൽ, ബേബി ഷാംപൂ, ബേബി പൗഡർ... കുഞ്ഞുങ്ങൾക്കായി തയ്യാറാക്കിയ ഈ ഉൽപ്പന്നങ്ങൾ ഇന്ന് മുതിർന്നവരുടെയും ഡ്രസ്സിങ് ടേബിളിൽ ഇടംപിടിച്ചുകഴിഞ്ഞു.
കുഞ്ഞുങ്ങളുടെ ചർമത്തിന് സുരക്ഷിതമാണെങ്കിൽ മുതിർന്നവർക്കും അതിലും സുരക്ഷിതമായിരിക്കുമെന്ന ധാരണയാണ് ഇതിന് പിന്നിൽ. എന്നാൽ ഇത് എത്രത്തോളം ശരിയാണ്? കുഞ്ഞുങ്ങളുടെ ചർമ്മത്തിനായി രൂപകൽപ്പന ചെയ്ത ഉൽപ്പന്നങ്ങൾ മുതിർന്നവരുടെ ചർമ്മത്തിനും യഥാർഥത്തിൽ അനുയോജ്യമാണോ?
എന്തുകൊണ്ടാണ് ബേബി ഉൽപ്പന്നങ്ങൾ ഇത്രയും ആകർഷകമാകുന്നത്?
കുഞ്ഞുങ്ങളുടെ ചർമ്മം വളരെ നേർത്തതും മൃദുവും അതീവ സംവേദനക്ഷമവുമാണ്. അതിനാൽ അവർക്കായി നിർമ്മിക്കുന്ന ക്രീമുകളിലും ലോഷനുകളിലും സാധാരണയായി കട്ടിയുള്ള രാസഘടകങ്ങളോ കഠിനമായ സുഗന്ധവസ്തുക്കളോ ഉണ്ടാകാറില്ല. ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നിലനിർത്തുകയും പുറത്തു നിന്നുള്ള ദോഷങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഈ ഉൽപ്പന്നങ്ങളുടെ പ്രധാന ലക്ഷ്യം.
ഇതുകൊണ്ടുതന്നെ അലർജിയോ ചർമ്മത്തിലെ ചുവപ്പോ വരൾച്ചയോ അനുഭവിക്കുന്ന പല മുതിർന്നവരും ബേബി ഉൽപ്പന്നങ്ങളിലേയ്ക്ക് ആകർഷിക്കപ്പെടുന്നു. ലളിതമായ ചർമ്മപരിചരണമാണ് ആഗ്രഹിക്കുന്നവർക്കും ഇവ പ്രിയപ്പെട്ടപ്പെട്ടതായി മാറിയിട്ടുണ്ട്.
കുഞ്ഞുങ്ങളുടെ ചർമ്മവും മുതിർന്നവരുടെ ചർമ്മവും ഒരുപോലെയാണോ?
ഇവിടെയാണ് പലർക്കും തെറ്റിദ്ധാരണ സംഭവിക്കുന്നത്. കുഞ്ഞുങ്ങളുടെ ചർമ്മത്തിന് സംരക്ഷണം നൽകാനാണ് ബേബി ഉൽപ്പന്നങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. എന്നാൽ മുതിർന്നവരുടെ ചർമ്മത്തിന്റെ ആവശ്യങ്ങൾ അതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്.
പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിന്‍റെ ഘടന മാറുന്നു. സൂര്യപ്രകാശം, മലിനീകരണം, മാനസിക സമ്മർദം, ജീവിതശൈലി, ഹോർമോൺ വ്യതിയാനങ്ങൾ എന്നിവ ചർമ്മത്തെ ബാധിക്കുന്നു. മുഖക്കുരു, കരുവാളിപ്പ്, പാടുകൾ, ചുളിവുകൾ, വരൾച്ച, സൂര്യാഘാതം മൂലമുള്ള കേടുപാടുകൾ എന്നിവയെല്ലാം മുതിർന്നവരിൽ സാധാരണമാണ്.ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേകമായി രൂപകൽപന ചെയ്ത ഘടകങ്ങൾ ബേബി ഉൽപ്പന്നങ്ങളിൽ സാധാരണയായി ഉണ്ടാകില്ല.
ബേബി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?
മിക്ക ബേബി ഉൽപ്പന്നങ്ങളും ആരോഗ്യവാനായ മുതിർന്നവർക്ക് ഉപയോഗിക്കാൻ പൊതുവെ സുരക്ഷിതമാണ്. പ്രത്യേകിച്ച് മൃദുവായ ക്ലെൻസറുകളും മോയ്സ്ചറൈസറുകളും ചർമ്മത്തിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായിച്ചേക്കാം. ചർമ്മചികിത്സകൾക്കുശേഷം ചർമ്മം വളരെ സംവേദനക്ഷമമാകുമ്പോഴും എക്സിമ പോലുള്ള ചില അവസ്ഥകളിലും ഡോക്ടർമാർ ചില ബേബി ഉൽപ്പന്നങ്ങൾ നിർദേശിക്കാറുമുണ്ട്.
പലരും ചെയ്യുന്ന 'ബ്യൂട്ടി പരീക്ഷണങ്ങൾ'
സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്ന 'ബ്യൂട്ടി ഹാക്കുകൾ' കാരണം പലരും ബേബി ഉൽപ്പന്നങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഡയപ്പർ റാഷ് ക്രീം മുഖത്തെ മോയ്സ്ചറൈസറായി, ബേബി പൗഡർ ഡ്രൈ ഷാംപൂവിന് പകരം, ബേബി ഷാംപൂ മുഖം കഴുകാൻ, ബേബി ഓയിൽ ശരീരത്തിലെ മോയ്സ്ചറൈസറായി, കുട്ടികൾക്കുള്ള സൺസ്ക്രീൻ മുഖത്ത് ഉപയോഗിക്കാൻ. ഇവ ചിലപ്പോൾ താൽക്കാലികമായി ഉപയോഗിക്കാമെങ്കിലും, ദീർഘകാല പരിഹാരമായി കാണരുതെന്നാണ് ചർമ്മവിദഗ്ധരുടെ മുന്നറിയിപ്പ്.
എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകാം?
ബേബി ഉൽപ്പന്നങ്ങൾ മൃദുവാണെങ്കിലും അവ എല്ലാത്തരം ചർമ്മത്തിനും അനുയോജ്യമാകണമെന്നില്ല. ഉദാഹരണത്തിന്, ഡയപ്പർ റാഷ് ക്രീമിന്റെ കട്ടിയുള്ള ഘടന മുഖത്തെ സുഷിരങ്ങൾ അടച്ച് മുഖക്കുരുവിന് കാരണമായേക്കാം. ബേബി ഓയിൽ ചർമ്മത്തിലെ ഈർപ്പം നിലനിർത്തുമെങ്കിലും അത് ചർമ്മത്തിന് ആവശ്യമായ ജലാംശം നൽകുന്നില്ല. എണ്ണമയമുള്ള ചർമ്മമുള്ളവരിൽ ഇത് അസ്വസ്ഥത വർധിപ്പിച്ചേയ്ക്കാം.
ബേബി ഷാംപൂ മൃദുവായതിനാൽ മുഖത്തെ മേക്കപ്പും സൺസ്ക്രീനും അധിക എണ്ണയും പൂർണമായി നീക്കം ചെയ്യാൻ കഴിയണമെന്നില്ല. അതുപോലെ ബേബി പൗഡറിന്‍റെ അമിത ഉപയോഗം തലയോട്ടിയിൽ അടിഞ്ഞുകൂടി അസ്വസ്ഥത സൃഷ്ടിക്കാനും സാധ്യതയുണ്ട്.
പരസ്യങ്ങൾ സൃഷ്ടിക്കുന്ന തെറ്റിദ്ധാരണ
'ഹൈപ്പോഅലർജെനിക്', 'ജെന്റിൽ', 'പ്യുവർ', 'ബേബി സേഫ്' തുടങ്ങിയ വാക്കുകൾ ഉപഭോക്താക്കളിൽ വലിയ വിശ്വാസം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇത്തരം വിശേഷണങ്ങൾ ഒരു ഉൽപ്പന്നം എല്ലാവർക്കും ഒരുപോലെ അനുയോജ്യമാണെന്ന് അർഥമാക്കുന്നില്ല. ഓരോരുത്തരുടെയും ചർമസ്വഭാവം വ്യത്യസ്തമായതിനാൽ ഒരാൾക്ക് അനുയോജ്യമായ ഉൽപ്പന്നം മറ്റൊരാൾക്ക് അലർജിയുണ്ടാക്കാനും സാധ്യതയുണ്ട്.
ബേബി ഉൽപ്പന്നങ്ങൾ എപ്പോൾ ഉപയോഗിക്കാം?
ചർമ്മം വളരെ വരണ്ടിരിക്കുമ്പോൾ, നേരിയ അലർജിയോ അസ്വസ്ഥതയോ അനുഭവപ്പെടുമ്പോൾ, ചില ഡെർമറ്റോളജി ചികിത്സകൾക്കുശേഷം, അല്ലെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം എക്സിമ പോലുള്ള അവസ്ഥകളിൽ ബേബി ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം.
എന്നാൽ മുഖക്കുരു, കരുവാളിപ്പ്, പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ, ചുളിവുകൾ, പിഗ്മെന്‍റേഷന്‍ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇവ ഫലപ്രദമായ ചികിത്സയല്ല.കുഞ്ഞുങ്ങൾക്കുള്ള ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ സുരക്ഷിതവും മൃദുവുമാണ്. എന്നാൽ അവയുടെ ലക്ഷ്യം ചികിത്സയല്ല, സംരക്ഷണമാണ്. അതുകൊണ്ടുതന്നെ മുതിർന്നവരുടെ ചർമ്മത്തിന്റെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാൻ അവയ്ക്ക് കഴിയില്ല.
നിങ്ങളുടെ ചർമ്മത്തിന് യഥാർഥത്തിൽ എന്താണ് വേണ്ടതെന്ന് മനസ്സിലാക്കി അതിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുകയാണ് ആരോഗ്യകരമായ ചർമ്മത്തിന്റെ രഹസ്യം.