മൂക്കിന്‍റെ സൈഡിലുണ്ടായ മുഖക്കുരു പൊട്ടിച്ചതിനെ തുടർന്ന് യുവതിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അലീഷ മൊണാക്കോ എന്ന 32-കാരിയാണ് തന്‍റെ ദുരനുഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ആളുകള്‍ക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് പങ്കുവച്ചിരിക്കുന്ന പോസ്റ്റെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. 81ലക്ഷത്തിലധികം ആളുകളാണ് യുവതി പങ്കുവച്ച വിഡിയോ കണ്ടത്.
സാധാരണയായി മുഖക്കുരു വരുന്ന ശരീര പ്രകൃതമാണ് അലീഷയുടേത്. ഒരു ദിവസം മൂക്കിന്‍റെ അറ്റത്ത് വളരെ വേദനയോടെ ഒരു മുഖക്കുരു വന്നു. സാധാരണയായി കുരുക്കള്‍ വന്നയുടന്‍ പൊട്ടിച്ചു കളയാറുള്ള യുവതി ഇത്തവണ വേദന കാരണം അത് പൊട്ടിക്കാന്‍ തയാറായില്ല. ഇത്തവണ ഭര്‍ത്താവ് കുരു പൊട്ടിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഭര്‍ത്താവ് മൂക്കിന്‍റെ അറ്റത്തുള്ള കുരുവില്‍ അമര്‍ത്തിയപ്പോള്‍ അലീഷ തന്‍റെ ചെവിയിൽ നിന്ന് ഒരു 'പോപ്പ്' ശബ്ദം കേട്ടു. ആദ്യം എന്താണെന്ന് യുവതിക്ക് മനസിലായില്ല. ഭര്‍ത്താവ് വീണ്ടും അമര്‍ത്തിയപ്പോള്‍ വീണ്ടും അതേ ശബ്ദം കേട്ടു. എന്താണെന്ന് മനസിലാകാത്തതുകൊണ്ട് യുവതി വേഗം മുഖം വൃത്തിയാക്കി, ഒരു പിംപിൾ പാച്ച് ഒട്ടിച്ചു.
കുരു അമര്‍ത്തിയപ്പോള്‍ കേട്ട ശബ്ദം എന്താണെന്ന് അറിയാനായി ആകാംഷയോടെ അലീഷ ഗൂഗിളിൽ തിരഞ്ഞു. അപ്പോഴാണ് മൂക്കിന്‍റെ പാലം മുതൽ വായയുടെ കോണുകൾ വരെയുള്ള മുഖത്തിന്‍റെ മധ്യഭാഗത്തെ 'ഡെത്ത് ട്രയാംഗിൾ' എന്നതിനെ കുറിച്ച് മനസിലാക്കിയത്. ഈ ഭാഗത്ത് വരുന്ന കുരുക്കള്‍ പൊട്ടിക്കരുതെന്നും അത് വലിയ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും യുവതി മനസിലാക്കി. പിന്നീട് അലീഷ ഉറങ്ങാന്‍ പോയി. നാല് മണിക്കൂറിന് ശേഷം കഠിനമായ വേദനയുമായി അവള്‍ ഉണർന്നു, അപ്പോഴേക്കും മുഖമെല്ലാം വീര്‍ത്തിരുന്നു. മുഖത്തിന്‍റെ ഒരു ഭാഗം ഉയർത്താൻ കഴിഞ്ഞില്ല, ചെവിയിൽ ദ്രാവകം നിറഞ്ഞതായി അനുഭവപ്പെടുകയും കാഴ്ച മങ്ങുകയും ചെയ്തു.
ഉടന്‍ തന്നെ യുവതിയും ഭര്‍ത്താവും ആശുപത്രിയിലേക്ക് പുറപ്പെട്ടു. ഡോക്ടർമാർ യുവതിക്ക് ആന്‍റിബയോട്ടിക് മരുന്നുകൾ നൽകി. 12 മണിക്കൂറിനുള്ളിൽ വീക്കം കുറഞ്ഞു. 'ഡെത്ത് ട്രയാംഗിൾ' ഭാഗത്തെ മുഖക്കുരു പൊട്ടിക്കരുതെന്ന് ആളുകൾക്ക് ഇപ്പോൾ മുന്നറിയിപ്പ് നൽകുകയാണ് അലീഷ. ഈ ഭാഗത്തെ മുഖക്കുരു പൊട്ടിക്കുന്നത് തലച്ചോറിൽ അണുബാധയ്ക്ക് കാരണമാകും. കണ്ണിന്റെ കുഴികൾക്ക് പിന്നിൽ കാവെർനസ് സൈനസ് എന്നറിയപ്പെടുന്ന വലിയ സിരകളുടെ ഒരു ശൃംഖലയുണ്ട്, അതിലൂടെ രക്തം തലച്ചോറിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നു. 'ഡെത്ത് ട്രയാംഗിളിലെ' ഏതെങ്കിലും അണുബാധ തലച്ചോറിലേക്ക് പടരാൻ സാധ്യതയുണ്ട്.