Image Credit : Facebook
തെന്നിന്ത്യന്‍ നായികയാണെങ്കിലും ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കവര്‍ന്ന താരമാണ് നടി മൃണാള്‍ താക്കൂര്‍. സീതാരാമം എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായ പ്രിന്‍സസ് നൂര്‍ജഹാന്‍ എന്ന കഥാപാത്രമായാണ് മൃണാള്‍ എത്തിയത്. അഭിനയം കൊണ്ടുമാത്രമല്ല സൗന്ദര്യം കൊണ്ടും മുന്നിലാണ് ഈ തെന്നിന്ത്യന്‍ താരം. 33 വയസുണ്ടെങ്കിലും ചര്‍മം കണ്ടാല്‍ ഇരുപതുകളുടെ തുടക്കമെന്ന് മാത്രമേ തോന്നൂ. താരത്തിന്‍റെ സൗന്ദര്യരഹസ്യം എന്തെന്നുളള ആരാധകരുടെ ചോദ്യത്തിന് മൃണാള്‍ തന്നെ ഉത്തരവുമായി എത്തിയിരിക്കുകയാണ്. 2 സൂപ്പര്‍ ഫെയ്സ് പാക്കുകളാണ് തന്‍റെ സൗന്ദര്യത്തിന് പിന്നിലെന്നാണ് മൃണാള്‍ പറയുന്നത്.
അവോക്കാഡോ തേൻ ഫെയ്സ് മാസ്ക്
ചര്‍മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും തിളക്കം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ് തേന്‍. തേൻ ഒരു സ്വാഭാവിക ഹ്യൂമെക്റ്റന്റായി പ്രവർത്തിക്കുകയും ഇതുവഴി ചർമത്തെ മൃദുവായി നിലനിർത്തുകയും ചെയ്യുന്നു. തേനിനോടൊപ്പം അവോക്കാഡോയിൽ നിന്നുള്ള ഫാറ്റി ആസിഡുകളും ചേരുമ്പോള്‍ ഇതൊരു മികച്ച ഫെയ്സ് പാക്കിന്‍റെ ഫലം പ്രദാനം ചെയ്യും. എങ്ങനെ ഈ ഫെയ്സ് പാക്ക് തയാറാക്കാം. ഒരു പഴുത്ത അവോക്കാഡോയുടെ പകുതിയും 1 ടേബിൾസ്പൂൺ തേനും എടുക്കുക. അവോക്കാഡോ പേസ്റ്റ് രൂപത്തിലേക്ക് അരച്ചെടുക്കുക. ശേഷം ഇതിലേക്ക് തേൻ ചേർത്ത് നന്നായി ഇളക്കുക. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും നന്നായി തേച്ചുപിടിപ്പിക്കുക. 10-15 മിനിറ്റിനു ശേഷം ചെറുചൂടു വെള്ളത്തിൽ കഴുകിക്കളയാം. ഈ ഫെയ്സ് പാക്കിലൂടെ തിളക്കമുളളതും മൃദുവായതുമായ ചര്‍മം നിങ്ങള്‍ക്ക് സ്വന്തമാക്കാം.
തേനും പഴവും കൊണ്ടൊരു ഫെയ്സ് പാക്ക്
ചർമത്തിനു മികച്ച ഫലം നൽകുന്ന ഒന്നാണ് വാഴപ്പഴം. 1 പഴുത്ത വാഴപ്പഴം, 1 ടേബിൾസ്പൂൺ തേൻ, 1 ടീസ്പൂൺ നാരങ്ങാനീര് എന്നിവയാണ് ഈ ഫെയ്സ് പാക്ക് തയാറാക്കാന്‍ വേണ്ടത്. പഴം നന്നായി ഉടച്ച് പേസ്റ്റ് രൂപത്തിലാക്കുക. തുടർന്ന്, തേനും നാരങ്ങാനീരും ചേർക്കുക. ഈ മിശ്രിതം മുഖം വൃത്തിയാക്കിയ ശേഷം മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. 10 മുതൽ 15 മിനിറ്റിന് ശേഷം ചെറുചൂടുവെളളത്തില്‍ കഴുകിക്കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പായ്ക്ക് ഉപയോഗിക്കുക.