ചർമം വൃത്തിയായി സൂക്ഷിക്കാൻ പലവഴികളും തേടുന്നവരാണ് നമ്മൾ. ഇന്നത്തെ കാലത്ത് പലതരം ക്രീമുകളും ചികിൽസകളുമെല്ലാം നാം ഇതിനായി ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ അനുവാദമില്ലാതെ നമ്മുടെ മുഖത്ത് ജീവിക്കുന്ന ഒരു കൂട്ടം ജീവികളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഫേസ് വാഷ് ഉപയോഗിച്ചു മുഖം കഴുക്കുന്നവരാണെന്നും എൻറെ മുഖത്ത് ഇത്തരം ജീവികൾ ഇല്ലെന്നും ഇപ്പോൾ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. എന്നാൽ ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളിൽ മുതൽ എല്ലാവരിലും ഈ ഒരു സൂക്ഷ്മ ജീവി സമൂഹമുണ്ട് . എത്ര വിലകൂടിയ ഉല്പന്നങ്ങൾ ഉപയോഗിച്ചു മുഖം കഴുകിയാലും 90 ശതമാനം ആളുകളുടെ മുഖത്തും ഈ സൂക്ഷമജീവിയുണ്ടാകും.
നമ്മളറിയാതെ നമ്മുടെ മുഖത്ത് നടക്കുകയും ഇണചേരുകയും വിസർജിക്കുകയും ഒടുവിൽ അവിടെ തന്നെ മരിക്കുകയും ചെയ്യുന്നവയാണ് ഈ സുക്ഷ്മ ജീവി സമൂഹം. പറഞ്ഞു വരുന്നത്, ഡെമോഡെക്സ് വിഭാഗത്തിൽ പെട്ട ഡെമോഡെക്സ് ഫോളികുലോറം എന്ന സൂക്ഷ്മജീവിയെ കുറിച്ചാണ്.. ഐലാഷ് മൈറ്റ്, ഫേസ് മൈറ്റ് എന്നിങ്ങനെയും ഇവ അറിയപ്പെടാറുണ്ട്. പേടിച്ച് വിറച്ച് ശക്തികൂടിയ ഫെയ്സ് വാഷ് വാങ്ങാൻ ഓടേണ്ട. മൈക്രോസ്കോപ്പു കൊണ്ടു മാത്രം കാണാൻ പറ്റുന്ന ഈ പാവങ്ങളെകൊണ്ട് പ്രത്യേകിച്ച് നമുക്ക് ദോഷങ്ങളൊന്നുമില്ല.
മറ്റു ശരീരഭാഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മുഖത്ത് ഇവർ താമസമാക്കാനുള്ള യഥാർഥ കാരണം വ്യക്തമല്ല. കൂടുതൽ സെബേഷ്യസ് ഗ്രന്ഥികളുള്ളതാകാം മുഖം ഈ ജീവികളുടെ ആവാസകേന്ദ്രമാകാനുള്ള ഒരു കാരണമെന്നു കരുതുന്നു. കവിളുകൾ, മൂക്ക്, പുരികം, കൺപീലി, നെറ്റി എന്നിവിടങ്ങളിലാണ് കൂട്ടമായി ഇവരെ കാണുക. ഈ ഒരു സൂക്ഷ്മജീവിയുടെ തുടക്കവും ഒടുക്കവും എല്ലാം മനുഷ്യൻറെ ചർമ്മ സുഷിരങ്ങളിലാണ്. ഇവ എപ്പോഴും നമ്മുടെ മുഖത്ത് സഞ്ചരിക്കാറില്ല. പകൽ സമയം ഇവ പുറത്തിറങ്ങില്ല. രാത്രി കാലങ്ങളിൽ പുതിയ ചർമ്മ പാളികൾ കണ്ടെത്തുന്നതിനും പങ്കാളിയുമായി ഇണ ചേരുന്നതിനും ഇവ പുറത്തിറങ്ങും.
0.1 മുതൽ 0.4 മില്ലീമീറ്റർ മാത്രം നീളമുള്ള ഈയൊരു സൂക്ഷ്മജീവിയുടെ ആയുർദൈർഘ്യം വെറും 2 ആഴ്ച മാത്രമാണ്. ധാരാളം ചെറിയ കാലുകളും,വായും നീണ്ട വാലുമുള്ളതാണ് ഈ ജീവി . ഇവയുടെ മുട്ടവിരിഞ്ഞിറങ്ങുന്ന ലാർവകൾ കാഴ്ചയിൽ മുതിർന്ന മൈറ്റിനെപ്പോലെ ആണെങ്കിലും മൂന്നുജോഡി കാലുകളേ ഉണ്ടാകു. ഒരു പെൺ മൈറ്റ് മുഖത്തെ ഒരു രോമക്കുഴിയിൽ 20- 24 മുട്ടകൾ ഇടും. മുട്ട വിരിഞ്ഞ് ലാർവ്വകൾ ഉണ്ടായാൽ അവ സെബേഷ്യസ് ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സ്രവത്തിലൂടെ ഒഴുക്കിൽ നീങ്ങി രോമക്കുഴിയുടെ വക്കിലെത്തി ഒരാഴ്ചകൊണ്ട് വളർച്ച പൂർത്തീകരിക്കും.
65 ഇനം ഡെമോഡെക്സ് മൈറ്റുകളുണ്ടെങ്കിലും മനുഷ്യരിൽ പ്രധാനമായും രണ്ട് ഇനങ്ങളെയാണ് കാണപ്പെടുന്നത്. ഒന്ന് നമ്മുടെ മുഖത്തെ രോമകൂപങ്ങളിൽ പ്രത്യേകിച്ച് നമ്മുടെ കൺപീലികളിലും പുരികങ്ങളിലും കാണപ്പെടുന്ന ഡെമോഡെക്സ് ഫോളികുലോറം. മറ്റൊന്ന് എണ്ണമെഴുക്ക് സ്രവിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികളുടെ ഉള്ളിൽ തൊലിയുടെ ആഴത്തിൽ കഴിയാൻ ഇഷ്ടപ്പെടുന്ന ഡെമോഡെക്സ് ബ്രവിസ്.
1841-ൽ ജർമ്മൻ ശാസ്ത്രജ്ഞനായ ജേക്കബ് ഹെൻലെയാണ് ഡെമോഡെക്സ് ഫോളികുലോറത്തിനെ കുറിച്ചുള്ള ആദ്യ പഠനറിപ്പോർട്ട് തയാറാക്കിയത്. ഒരു പ്രാദേശിക മാധ്യമത്തിൽ അച്ചടിച്ചുവന്ന അദ്ദേഹത്തിൻറെ റിപ്പോർട്ടിന് അന്ന് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. ഈ ജീവിയും മനുഷ്യരുമായുള്ള ബന്ധം അന്നേ ശാസ്ത്രലോകത്തിന് കൗതുകമായിരുന്നു. നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മെഗൻ തോയെംസും സംഘവും 2014 ൽ നടത്തിയ ഒരു പഠനമാണ് ചില ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ടത്. പരിശോധനയിൽ മനുഷ്യരിൽ പതിനാല് ശതമാനം പേരുടെ മുഖത്തുനിന്നും ഫൈസ് മൈറ്റുകളെ കണ്ടെത്തിയെന്നും കൂടാതെ പതിനെട്ട് വയസ്സുകഴിഞ്ഞ മുഴവൻ ആളുകളുടെ മുഖത്തും ഈ മൈറ്റുകളുടെ DNA സാന്നിദ്ധ്യം ഉണ്ടെന്ന് തെളിയുകയും ചെയ്തു..
ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഈ സൂക്ഷ്മാണു കുഞ്ഞിന്റെ മുഖത്ത് ഉണ്ടാകാറില്ല, പിന്നെ എങ്ങനെയാണ് ഇവ നമ്മുടെ മുഖത്ത് സ്ഥാനം പിടിച്ചിരിക്കുന്നത് എന്നല്ലേ? ഒരു കുഞ്ഞ് ജനിച്ചു വീണ് അമ്മ മുലയൂട്ടുന്ന സമയത്തോ അല്ലെങ്കിൽ അമ്മ കുഞ്ഞിനെ ഉമ്മ വയ്ക്കുകയോ ചെയ്യുമ്പോഴാണ് ഇവ കുഞ്ഞിൻറെ മുഖത്ത് കയറിക്കൂടുന്നത്. തുടർന്ന് ജീവിത കാലം മുഴുവൻ ഇവ നമ്മോടൊപ്പമുണ്ടാകും. അതായത് ഈയൊരു സൂക്ഷ്മജീവിയില്ലാത്ത മുഖം കാണില്ലെന്ന് എന്നു തന്നെ പറയാം.
ഇവയെ അത്ര ഏളുപ്പം ഇല്ലാതാക്കാൻ കഴിയില്ല. ചർമ്മത്തിൻറെ ആഴങ്ങളിൽ ജീവിക്കുന്നതിനാൽ എത്ര സോപ്പിട്ട് കഴുകിയാലും ഇവയ്ക്ക് ഒന്നും സംഭവിക്കില്ല. ഇത്തരം സൂക്ഷ്മജീവികൾ നമ്മുടെ മുഖത്ത് ധാരാളമായി ജീവിക്കുന്നുണ്ടെങ്കിലും ഇടയ്ക്ക് ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുമെങ്കിലും ഇവ അപകടകാരികളല്ല. ചർമ്മത്തിന് നാശവും വരുത്താറില്ല.
നമ്മുടെ മുഖത്ത് ഇങ്ങനെ ഫ്രീയായി ജീവിക്കാൻ അനുവദിക്കുന്നതിന് പകരമായി അവയും നമുക്ക് ഒരു നല്ല കാര്യം ചെയ്തു തരുന്നുണ്ട്. എന്താണെന്നല്ലേ? അവ നമ്മുടെ ചർമ സുഷിരങ്ങൾ വൃത്തിയാക്കുന്നു. കോശങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു. നമ്മളുടെ ആരോഗ്യകരമായ ചർമ്മത്തിന് അവയും ഒരു കാരണമാണെന്ന് അർഥം. എന്നാൽ, മൈക്രോസ്കോപ്പിക് ഡെമോഡെക്സ് മൈറ്റ് അധികമായാൽ ഉണ്ടാകുന്ന ചർമരോഗമാണ് ഡെമോഡെക്റ്റിക് മഞ്ച് എന്ന മുഖക്കുരു . ചിട്ടയായ ഭക്ഷണക്രമം ശുചിത്വവുമാണ് ഈ രോഗത്തിനുള്ള പരിഹാര . ചില മരുന്നുകളും ഗുണകരമാണ്.
സുഷിരങ്ങളിലെ കോശങ്ങളിൽ രുപപ്പെടുന്ന മെഴുക്കാണ ഈ ജിവികുടെ ആഹാരം. സുഷിരങ്ങൾ വലുതാകുന്നതിനനുസരിച്ച് മുതിർന്നവരിൽ ഈ ജീവികളുടെ എണ്ണവും കൂടുതലാണ്. മനുഷ്യൻറെ വികാസത്തോടൊപ്പം ഈ ജീവികൾക്കും പരിണാമം സംഭവിച്ചിട്ടുണ്ടെണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. പരാന്നഭോജികളിൽ നിന്ന് ഇവ സഹജീവികളായി മാറുകയാണെന്ന് യുകെയിലെ റീഡിംഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ കണ്ടെത്തി. പെട്ടന്നൊരു ദിവസം അവ ഇല്ലാതായാൽ ചിലപ്പോൾ നമ്മുടെ ചർമ്മത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നും ഗവേഷകർ പറയുന്നു.