പുതിയ ഗാനമായ ‘വിമൻസ് വേൾഡി’ന്‍റെ പ്രമോഷൻ വ്യത്യസ്തമാക്കി അമേരിക്കൻ ഗായിക കാറ്റി പെറി. പാരിസ് ഫാഷൻ വീക്കിന് എത്തിയ കാറ്റി, തന്‍റെ വസ്ത്രത്തിലൂടെയാണ് പുതിയ പാട്ടിന്റെ പ്രചാരണം നടത്തിയത്. 200 അടി നീളമുള്ള വസ്ത്രമാണ് ഗായിക ധരിച്ചത്.
ബലൻസിയാഗ ഡിസൈൻ ചെയ്ത ചുവപ്പ് നിറമുള്ള വസ്ത്രമാണ് കാറ്റി പെറി അണിഞ്ഞത്. കാഴ്ചയിൽ ലളിതമെന്നു തോന്നുമെങ്കിലും വസ്ത്രത്തിൽ പുതിയ പാട്ടിന്റെ വരികൾ ഗായിക ആലേഖനം ചെയ്തിരുന്നു. നടക്കുന്തോറും കാറ്റിയുടെ വസ്ത്രത്തിന്‍റെ നീളം കൂടിക്കൂടി വന്നു. നീണ്ടുനീണ്ട് വരുന്ന ഉടുപ്പ് കണ്ട് ആളുകൾ അമ്പരന്നു.
ഫാഷൻ വീക്കിൽ കാറ്റി പെറിയുടെ ദൃശ്യങ്ങൾ ഇതോടെ വൈറലായി. ഗായികയുടെ വസ്ത്രത്തിന്‍റെ യഥാർഥ നീളം കണ്ട് ആരാധകർ അതിശയത്തോടെ പ്രതികരിക്കുന്നു. വസ്ത്രത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ് ഒളിപ്പിക്കുമെന്ന് പ്രതീക്ഷിച്ചതേയില്ലെന്നാണ് ലഭിക്കുന്ന കമന്റുകൾ. ജൂലൈ 11നാണ് ‘വിമൻസ് വേൾഡി’ന്‍റെ റിലീസ്.