പ്രതീകാത്മക ചിത്രം
നിലവാരമില്ലാത്ത ലിപ്സ്റ്റിക് മുതല്‍ പോഷകാഹാരക്കുറവ് വരെ ചുണ്ടുകളുടെ നിറം നഷ്ടപ്പെടാന്‍ കാരണമാകാറുണ്ട്. ലിപ് ബ്രൈറ്റ്നിങ് ക്രീമുകള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം. ചർമത്തിന്റെ നിറത്തിന് ആനുപാതികമായി മാത്രമേ ചുണ്ടുകൾക്ക് നിറമുണ്ടാകൂ എന്ന വസ്തുത ആദ്യം മനസിലാക്കുക. ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നത് തടയുകയും ഇരുണ്ട ചുണ്ടുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രീതിയില്‍ പരിഹാരം കാണുകയുമാണ് ചെയ്യേണ്ടത്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
നിലവാരമില്ലാത്ത ലിപ്സ്റ്റിക് ഉപയോഗിക്കാതിരിക്കുക. വിപണിയില്‍ നിന്ന് കെമിക്കല്‍–ഫ്രീ ആയ ലിപ്സ്റ്റിക് തിരഞ്ഞെടുക്കാം. ലിപ്സ്റ്റിക് ഇടുംമുന്‍പ് മികച്ച എസ്പിഎഫ് ഉളള ലിപ് ബാമുകള്‍ ഉപയോഗിക്കാം. ഇത് വെയിലേറ്റ് ചുണ്ടുകളുടെ നിറം മങ്ങുന്നത് തടയാന്‍ സഹായിക്കും. ലിപ് ബാം പുരട്ടിയ ശേഷമേ ലിപ്സ്റ്റിക് ഉപയോഗിക്കാവൂ. നല്ല ലിപ് ബാം തിരഞ്ഞെടുക്കാന്‍ ഒരു കോസ്മെറ്റോളജിസ്റ്റിന്‍റെ സഹായം തേടാം.
ഇനി ചുണ്ടുകളുടെ ഇരുണ്ട നിറത്തിന് കാരണം പോഷകഹാരക്കുറവാണെങ്കില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വിറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചുണ്ടുകളുടെ ഇരുണ്ട നിറം അകറ്റാനും സ്വാഭാവിക നിറം വീണ്ടെടുക്കാനും സഹായിക്കും. വിറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, തക്കാളി, നെല്ലിക്ക എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. വീട്ടില്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില പൊടിക്കൈകളമുമുണ്ട്.
തക്കാളിനീരും വെളിച്ചെണ്ണയും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടിയാൽ നിറംമങ്ങൽ കുറയും. രാത്രി ഉറങ്ങാൻ പോകും മുൻപ് പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ എന്നിവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടാം. ഇങ്ങനെ പതിവായി ചെയ്‌താൽ ചുണ്ടുകൾക്കു നല്ല നിറം ലഭിക്കും. ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ പുരട്ടി വിരൽകൊണ്ട് അമർത്തിയുഴിഞ്ഞാൽ ചുണ്ടിനു നിറവും ഭംഗിയും വര്‍ധിക്കും. ഉറങ്ങുന്നതിന് മുന്‍പ് ഒരു ടീസ്‌പൂൺ ബദാം എണ്ണയും അര ടീസ്‌പൂൺ ആവണക്കെണ്ണയും യോജിപ്പിച്ചു ചുണ്ടിൽ പുരട്ടുന്നതും നല്ലതാണ്.
വീടിനുപുറത്തുപോയി വന്ന ശേഷം മേക്കപ്പ് റിമൂവ് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ലിപ്സ്റ്റിക് റിമൂവറോ വെളിച്ചെണ്ണയോ ഉപയോഗിച്ച് കളഞ്ഞ ശേഷം ചുണ്ടുകള്‍ നന്നായി വൃത്തിയാക്കി നല്ല ലിപ് ബാം പുരട്ടുക. ഇത് ശീലമാക്കിയാല്‍ ചുണ്ടുകളുടെ നിറം മങ്ങുന്നത് തടയാം. നന്നായി വെളളം കുടിക്കാനും ശ്രദ്ധിക്കുക. ഇത് ചുണ്ടുകളുടെ മാത്രമല്ല ചര്‍മ്മത്തിന്‍റെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.