പ്രതീകാത്മക ചിത്രം
ഗര്‍ഭകാലത്ത് പല തരം മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് സ്ത്രീകള്‍ കടന്നുപോകുന്നത്. ശാരീരിക അസ്വസ്ഥതകള്‍, മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിശപ്പില്ലായ്മ, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക തുടങ്ങി ബുദ്ധിമുട്ടുകള്‍ പലവിധമാകാം. ഈ സമയത്ത് ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തിനായി അമ്മ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും സ്വന്തം കാര്യം മറന്നുപോകുകയും ചെയ്യും. പ്രസവശേഷവും പലതരത്തിലുളള മാറ്റങ്ങള്‍ അമ്മയുടെ ശരീരത്തിലുണ്ടാകാറുണ്ട്. പ്രസവകാലത്തും പ്രസവശേഷവും ശരീരസൗന്ദര്യം നിലനിര്‍ത്താനും ആരോഗ്യത്തോടെ ഇരിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.
മസാജ്
ഗർഭകാലത്ത് കയ്യിലും കാലിലും മരവിപ്പ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. ശ്രദ്ധയോടെയുള്ള മസാജ് വഴി ഇതിനെ മറികടക്കാം. മുഖത്തും ശരീരഭാഗങ്ങളിലുമുള്ള മസാജാണ് ഏറ്റവും നല്ലത്. രക്തയോട്ടം വർധിപ്പിക്കാനും അതുവഴി കോശങ്ങളെ ഉണർവോടെ നിർത്തി യുവത്വം തോന്നിക്കാനും സഹായിക്കുന്നു. ഫെയ്സ് മസാജ് മുഖത്തെ പേശികളെ പരിപോഷിപ്പിക്കാനും അതുവഴി മുഖത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കും. ഇത്തരം ചെറിയ കാര്യങ്ങള്‍ പാര്‍ലറില്‍ പോകാതെ വീട്ടിലിരുന്ന് തന്നെ ചെയ്യാം. കഴുത്തിന്‍റെ ഭാഗങ്ങളില്‍ മസാജ് ചെയ്യുമ്പോള്‍ പ്രത്യേകശ്രദ്ധ വേണം.
വ്യായാമം
വ്യായാമം എപ്പോഴും ശരീരത്തിന് നല്ലതാണ്, ആവശ്യവുമാണ്. എന്നാല്‍ ഗര്‍ഭകാലത്ത് വ്യായാമം ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ലഘു വ്യായാമങ്ങളാണ് ഈ സമയത്ത് നല്ലത്. അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിന് ഏതളവില്‍, ഏതൊക്കെ എക്സര്‍സൈസുകള്‍ ചെയ്യാം എന്ന് ഡോക്ടറോട് ചോദിച്ച് മനസിലാക്കാം. എന്നും വ്യായാമം ചെയ്യുന്നത് പ്രസവം എളുപ്പമാക്കാനും സഹായിക്കും. ഡോക്ടറുടെ അനുമതിയോടെ പ്രസവശേഷവും വ്യായാമം തുടരുക. പ്രസവശേഷം പലസ്ത്രീകളും നേരിടുന്ന പ്രശ്നമാണ് അമിതവണ്ണം. ഇതിനെ പ്രതിരോധിക്കാനും ആരോഗ്യത്തോടെ ഇരിക്കാനും വ്യായാമം ഗുണം ചെയ്യും.
ഭക്ഷണം
ഇഷ്ടമുളളതെല്ലാം ഇഷ്ടാനുസരണം കഴിക്കാനുളള സമയമായി ഗര്‍ഭകാലത്തെ കാണരുത്. പ്രത്യേകിച്ച് ഫാസ്റ്റ് ഫുഡ്. കുഞ്ഞിന്‍റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതിനൊപ്പം അമ്മയുടെ ആരോഗ്യത്തിനും പ്രധാന്യം നല്‍കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം വേണ്ട സാധനങ്ങള്‍ കൃത്യമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുക. അനാവശ്യമായ ഭക്ഷണവും ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതികളും കാരണം പ്രസവശേഷം ശരീരത്തിന്റെ ആകാരവടിവും രൂപഭംഗിയും നഷ്ടപ്പെടാം. അല്‍പം നിയന്ത്രണം പാലിച്ചാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാം.
പരീക്ഷണം വേണ്ട
സാധാരണ ജീവിതം നയിക്കുമ്പോള്‍ സൗന്ദര്യസംരക്ഷണത്തിനായി നമ്മള്‍ പല പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് ഇത്തരം പരീക്ഷണങ്ങള്‍ അരുത്. മുഖസൗന്ദര്യം വര്‍ധിപ്പിക്കാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. പരസ്യം കണ്ട് കെമിക്കലുകള്‍ ധാരാളം ഉളള നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങി മുഖത്തും ശരീരത്തും പ്രയോഗിക്കരുത്. ഗർഭധാരണത്തിനു മുൻപ് ഉപയോഗിച്ചുവന്ന എല്ലാ സൗന്ദര്യവർധക വസ്തുക്കളും മരുന്നുകളും ശാരീരിക വ്യായാമങ്ങളും ഗർഭാവസ്ഥയിൽ ഉപേക്ഷിക്കണം. അഥവാ ഉപയോഗിക്കേണ്ടി വന്നാല്‍ വിദഗ്ധരോട് അഭിപ്രായം തേടുക. നിസാരമെന്ന് കരുതുന്ന മോസ്ചറൈസിങ് ക്രീം പോലും ശരീരത്തില്‍ വലിയ റിയാക്ഷനുകള്‍ക്ക് കാരണമാകും. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്ല ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുക. ഗര്‍ഭകാലത്തും പ്രസവശേഷവും ഇപ്പറഞ്ഞ കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തിയാല്‍ കുഞ്ഞിന്‍റെ ആരോഗ്യത്തിനൊപ്പം അമ്മയുടെ ആരോഗ്യവും സൗന്ദര്യവും പഴയതിലും മികച്ചതായി നിലനിര്‍ത്താം.