അധ്യാപകരോടും കൂട്ടുകാരോടും മാത്രമല്ല, പ്രിയപ്പെട്ട ഡ്രിൽ ഇൻസ്ട്രക്ടറോടുമുണ്ട് വിദ്യാർഥികൾക്ക് പറയാനേറെ സ്നേഹം. ആ സ്നേഹം പിറന്നാൾ ദിനത്തിൽ ഒരു സർപ്രൈസ് സമ്മാനമായി പങ്കുവെച്ചിരിക്കുകയാണ് തണ്ണിത്തോട് സെന്റ് ബെനഡിക്ട് എം.എസ് ഹൈസ്കൂളിലെ എസ്.പി.സി കേഡറ്റുകൾ.
തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അരുൺ സുരേന്ദ്രനായിരുന്നു കുട്ടികളുടെ ഈ സ്നേഹസമ്മാനത്തിന് അർഹനായത്. തങ്ങളുടെ പ്രിയപ്പെട്ട ഡ്രിൽ ഇൻസ്ട്രക്ടറുടെ പിറന്നാൾ വ്യത്യസ്തമായി ആഘോഷിക്കണമെന്ന ആഗ്രഹത്തിൽ കുട്ടികൾ ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു ഇത്.
വൈകിട്ട് നാലുമണിയോടെ കേക്കുമായി കുട്ടികൾ പൊലീസ് സ്റ്റേഷനിലെത്തി. അപ്രതീക്ഷിതമായെത്തിയ കുരുന്നുകളുടെ സ്നേഹത്തിന് മുന്നിൽ അരുൺ സുരേന്ദ്രനും സന്തോഷം മറച്ചുവച്ചില്ല. തുടർന്ന് കേക്ക് മുറിച്ചും പിറന്നാൾ ആശംസകൾ നേർന്നും സെൽഫി എടുത്തും കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട ഇൻസ്ട്രക്ടറോടുള്ള സ്നേഹം പങ്കുവച്ചു.