പള്ളിയിലെത്തി തന്റെ ഉപ്പായ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ കരഞ്ഞുകൊണ്ടുപറയുന്ന മഞ്ജു എന്ന സ്ത്രീയുടെ വിഡിയോ പങ്കുവച്ച് കണ്ടന്റ് ക്രിയേറ്റര്‍ കൂടിയായ അന്‍സാരി സുഹ്രി ആലപ്പുഴ. പള്ളിയില്‍ ദിവസവുമെത്താറുള്ള ഹസനിക്കയുടെ വീട്ടില്‍ ജോലിക്കുനില്ക്കുന്നതാണ് മഞ്ജു. സ്വന്തം മകളെപ്പോലെയാണ് ഹസനിക്കയും ഭാര്യയും തന്നെ നോക്കുന്നതെന്നും ഉപ്പായ്ക്കോ ഉമ്മയ്ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതോടെ ജീവിതം തന്നെ തീര്‍ന്നെന്നും മഞ്ജു ഉസ്താദിനോട് പറഞ്ഞു . മകളെപ്പോലെയല്ല മഞ്ജു അവരുടെ മകള്‍ തന്നെയെന്ന് അന്‍സാരി പറയുന്നു.
ഉപ്പായ്ക്ക് വീണു പരുക്കേറ്റതാണെന്നും തനിക്ക് ഭക്ഷണം കഴിക്കാനോ ജോലി ചെയ്യാനോ പോലും പറ്റുന്നില്ലെന്നും മഞ്ജു കരഞ്ഞുകൊണ്ട്പറയുന്നു. മഞ്ജുവിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെ അന്‍സാരി തുടരുന്നു–
‘എന്റെ ഉപ്പക്ക് വേണ്ടി ദുആ ചെയ്യണം എന്ന വാക്ക് കേട്ടപ്പോ നിങ്ങളുടെ മനസ്സൊന്ന് ഇടറിയിട്ടുണ്ടാവും. കണ്ണൊന്ന് നിറഞ്ഞിട്ടുണ്ടാവും. ഇത് മഞ്ജു എന്ന സഹോദരി. നമ്മുടെ പള്ളിയിൽ എല്ലാ നിസ്കാരത്തിനും പങ്കെടുക്കുന്ന ഹസനിക്കാടെ വീട്ടിൽ ജോലി ചെയ്യുന്ന സഹോദരിയാണ്. ഹസനിക്ക ചെറുതായിട്ട് ഒന്നുവീണു എന്നാണ് അവർ പറഞ്ഞത്. എന്റെ ഉപ്പക്ക് വേണ്ടി പ്രാർത്ഥിക്കണം. സഹോദര സമുദായത്തിൽപ്പെട്ട ഒരു പെണ്ണ് പള്ളിയുടെ മുൻപിൽ വന്ന് ആ പള്ളിയിലെ ഉസ്താദിനോട് പറയുകയാണ് അൻസാരി ഉസ്താദേ, എന്റെ ഉപ്പക്ക് വേണ്ടി പ്രാർത്ഥിക്കണം. എന്റെ ഉപ്പ എന്ന് കേൾക്കുമ്പോഴൊക്കെ ഹൃദയം വല്ലാതെ പുളകിതമാവുകയാണ്’.
നമ്മുടെ നാടുപോലൊരു നാട് വേറെ എവിടേയും ഇല്ല, ഇതുപോലെ കാരുണ്യവും സ്നേഹവും പാരസ്പര്യമുള്ള ഒരു നാട് ലോകത്തെവിടെയുമില്ല. ഈ നാടിനെ നരകഭൂമിയാക്കരുത്. നമ്മൾ ആകെപ്പാടെ ഈ ഭൂമിയിൽ കുറച്ചുനാളേ ജീവിക്കുകയുള്ളൂ. ആ ഉള്ള കാലം അത്രയും സന്തോഷത്തോടെ ജീവിച്ചുകൂടെ? എന്തിനാണ് വൈരാഗ്യം? എന്തിനാണ് ഈ പരസ്പരം വിദ്വേഷം? നമ്മളെല്ലാവരും ഒരു വാപ്പയിൽ നിന്നും ഒരു ഉമ്മയിൽ നിന്നും ഉദയം കൊണ്ടവരാണ്.
പരസ്പരം കൂടപ്പിറപ്പുകളെ പോലെ നമുക്ക് ജീവിച്ചൂകൂടെ? ഇതൊക്കെ നിങ്ങൾ കാണുന്നില്ലേ ഈ മനുഷ്യന്മാരുടെ സ്നേഹം? ഈ സോഷ്യൽ മീഡിയയിൽ കാണുന്ന വൈരാഗ്യത്തിനും വെറുപ്പിനും അപ്പുറത്തേക്ക് പച്ചയായ മനുഷ്യർ ജീവിക്കുന്ന ഒരു ഇടം ഉണ്ട്, അവർക്ക് അച്ഛനും ഉപ്പയും എല്ലാം ഒന്നാണ്’– അന്‍സാരി പറയുന്നു. താന്‍ ഉപ്പായ്ക്കുവേണ്ടി ദുആ ചെയ്യാമെന്ന് ഉറപ്പുനല്‍കിയാണ് ഉസ്താദ് അന്‍സാരി മഞ്ജുവിനെ തിരിച്ചയച്ചത്.