radhika-veera

TOPICS COVERED

നേരം പോവാൻ ചിലർ ചിത്രം വരയ്ക്കും, സിനിമ കാണും, പാട്ട് കേൾക്കും. എന്നാൽ, ബോറടി മാറ്റാൻ മുത്തുകൾ കോർത്ത് പ്രത്യേക രൂപങ്ങൾ ഉണ്ടാക്കുകയാണ് തൃശൂർ ചേലക്കര സ്വദേശി രാധികാ വീര രാഘവൻ. പഴങ്ങളും പച്ചക്കറികളും, ചെസ്സ്ബോർഡും, എന്തിന് പതിനെട്ടാം പടിയുൾപ്പെടെ 500ലധികം മുത്തുരൂപങ്ങൾ ഇതുവരെയുണ്ടാക്കി.  

വർണ്ണമുത്തുകൾ കോർത്തിണക്കിയ വിസ്മയങ്ങളാണിവയെല്ലാം. ഈ 64 കാരിയുടെ വീട് ഇന്ന് മുത്തുമണികൾ തീർക്കുന്ന മായാലോകമാണ്. ആദ്യം ചെറിയ മുത്തുകൾ കോർത്തെടുക്കും. പിന്നെ ഓരോന്നിനും കൃത്യമായ സ്ഥാനം കണ്ടെത്തും. കൈകളും കാലുകളും മുഖവും ശരീരവും ആയുധങ്ങളുമെല്ലാം പ്രത്യേകം തയ്യാറാക്കി ക്ഷമയോടെ ഓരോ ഭാഗവും കൂട്ടിച്ചേർക്കും. ദിവസങ്ങൾ നീളുന്ന അധ്വാനം. അങ്ങനെയാണ് ഓരോ മുത്തുബൊമ്മയും രാധികയുടെ കൈകളിൽ പിറക്കുന്നത്.. നാലുവർഷം മുൻപ് തുടങ്ങിയതാണ് ഈ ശീലം. 

ശബരിമലയിലെ പതിനെട്ടാംപടിയാണ് ഏറ്റവും ഒടുവിലായി മുത്തുകളിൽ തീർത്തത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മുഴുവൻ മുത്തുകളിൽ പുനസൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ. ചെന്നൈയിൽനിന്ന് മകൾ അയച്ചുനൽകുന്ന പ്രത്യേക മുത്തുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. പ്രിയപ്പെട്ട ഹോബി എന്നതിനപ്പുറം ഇതൊരു ബിസിനസായി  വളർത്തണമെന്ന ചിന്തയേയില്ല.