എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
കിഴക്ക് മലനിരയും പടിഞ്ഞാറ് കടലും കാവല്‍, പച്ചയുടുത്ത് പുഴകള്‍ വാരിയണിഞ്ഞ് ചന്തത്തിലൊരു കിടപ്പ്. മൂന്നരക്കോടി മലയാളിയുടെ അമ്മ നാട്. കേരളം. ആ കേരളത്തിന് ഇന്ന് പിറന്നാള്‍ ദിനം. മലയാളം സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം പിറന്നിട്ട് ഇന്ന് 70 വര്‍ഷം തികയുന്നു. ഇന്ന് ലോകത്തെവിടെയും അറിയുന്ന മേല്‍വിലാസമാണ് കേരളം എന്ന ഈ കൊച്ച് സംസ്ഥാനം. സ്വന്തം നാടിന് നേരാം. ആയിരമായിരം ജന്മദിനാശംസകള്.
എഴുപത് കൊല്ലത്തിനും പണ്ടേ ഈ നാടുണ്ട്. കേരളമെന്ന പേരുമുണ്ട്. ഇവിടത്തെ പ്രകൃതിയും രുചിയും മനുഷ്യരുടെ കഴിവും കലയും അറിയാത്ത ലോകങ്ങളില്ല. ഭാഷ തിരിച്ച് സംസ്ഥാനങ്ങളുടെ അതിരു വരച്ചപ്പോള്‍ സ്വതന്ത്ര ഇന്ത്യ മലയാളത്തിന് മാറ്റിവച്ച മണ്ണ്. 1956 നവംബര്‍ 1ന് ശേഷം നാടേതാ എന്ന് ചോദിച്ച മറുനാട്ടുകാരോട് മലയാളി അഭിമാനം നിറച്ചു പറഞ്ഞു. കേരളം. അതിനു മുമ്പത്തെ മലബാറുകാരനും കൊച്ചിക്കാരനും തിരുവിതാംകൂറുകാരനും അന്നു മുതല്‍ കേരളീയനായി.
അഭിമാനിക്കാന്‍ വേറെയും പലത് പണിതുണ്ടാക്കി മലയാളി. ആരോഗ്യം, വിദ്യാഭ്യാസം, ഭൂപരിഷ്കരണം, മനുഷ്യാവകാശം, മതേതരത്വം, സ്ത്രീ– പുരുഷാനുപാതം അങ്ങനെ ലോകത്തിനു മുന്നില്‍ എണ്ണിപ്പറയാന്‍ നേട്ടങ്ങളേറെ.
രാഷ്ട്രീയ– സാമൂഹ്യ– സാമുദായിക– സന്നദ്ധ സംഘടനകളെല്ലാം കേരളത്തെ ഒരു മാതൃകയാക്കണമെന്ന മല്‍സരത്തില്‍ ഒന്നിച്ചണി ചേര്‍ന്നു. കലാ– സാംസ്കാരിക– സാഹിത്യ– കായിക– ശാസ്ത്ര– വാണിജ്യ രംഗങ്ങളിലെല്ലാം നമ്മള് വേറിട്ട വഴിയില്‍ തിളക്കം തീര്‍ത്തു. ലോകത്തെ ഏത് കോണിലൊരു മലയാള ശബ്ദം കേട്ടാലും നാട്ടിലെവിടെയാ എന്ന് ചോദിച്ചോടിയെത്തുന്ന പ്രവാസി പോയിടത്തെല്ലാം കേരളത്തിന്റെ പെരുമ കൂടെക്കൊണ്ട് പോയി.
ഉടുപ്പിലും നടപ്പിലും മട്ടിലും മാതിരിയിലും എല്ലാം കേരളം മാറിക്കൊണ്ടേയിരുന്നു. മാറിയ കാലത്തെപ്പറ്റി രാജ്യത്തെ അറിയിക്കുന്ന നാടാണ് ഇന്ന് കേരളം. വെല്ലുവിളികളുണ്ട്. എഴുപതാണ്ടത്തെ അനുഭവമാണ് ഏത് പ്രതിസന്ധിയും നേരിടാനുള്ള കരുത്ത്. ആ കരുത്തിലാണ് ഈ പിറന്നാളിലും മലയാളി വിശ്വാസമര്‍പ്പിക്കുന്നത്. കേരളം എന്ന പേരുമാറ്റത്തിന് ശേഷമുള്ള ആദ്യ പിറവിദിനമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ജന്മദിനാശംസകള് പ്രിയ നാടേ...
അതേസമയം, കരുതലോടെ സദ്ഭരണം ലക്ഷ്യമാക്കി പ്രവർത്തിക്കുമെന്ന് കേരളപ്പിറവി സന്ദേശത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് പറഞ്ഞു. ചെറുപ്പക്കാരെയും മുതിർന്നവരെയും ഒരുപോലെ പരിഗണിക്കുന്ന സംസ്ഥാനമായി കേരളം മാറണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.