നെടുമ്പാശേരിയിൽ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പൊലീസ് വീഴ്ച വരുത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ വ്യക്തമാക്കി. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലും ജനറൽ ഡയറി (ജിഡി) റിപ്പോർട്ട് തയ്യാറാക്കുന്നതിലും പൊലീസിന് വീഴ്ച സംഭവിച്ചെന്ന ആരോപണം പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് നിയമസഭയിൽ ഉന്നയിച്ചത്.
പ്രതിയുടെ പേര് പോലും എഫ്ഐആറിൽ രേഖപ്പെടുത്തിയില്ലെന്ന് പിണറായി വിജയൻ ആരോപിച്ചു. വൈദ്യപരിശോധന കൃത്യമായി നടന്നില്ലെങ്കിൽ കേസ് കോടതിയിൽ എങ്ങനെ നിലനിൽക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ബോസ്റ്റൽ ഹോമിലേക്കാണോ അയക്കേണ്ടതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
സംഭവം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. കേസിൽ ശരിയായ അന്വേഷണം നടത്തി പ്രതിയായ സുഹൈലിന് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ ഐജി നിശാന്തിനിയെ ചുമതലപ്പെടുത്തിയതായും ആഭ്യന്തരമന്ത്രി അറിയിച്ചു.
നിലവിലുള്ള നിയമപ്രകാരം പ്രതിയെ ബോസ്റ്റൽ ഹോമിലേക്ക് അയക്കണമോയെന്ന തീരുമാനം കോടതിയുടേതാണെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു. മൂന്ന് കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ പേരിൽ വർഗീയ പ്രചാരണം നടത്തുന്നവരെ നിയമസഭ ശക്തമായി അപലപിക്കുന്നതായി സ്പീക്കറും വ്യക്തമാക്കി.