കാക്കകളുടെ പേരില്‍ പ്രശസ്തമായ ഒരു നാടുണ്ട് കോഴിക്കോട്. ആദ്യകാലങ്ങളിൽ കാക്കക്കൂട്ടത്തെ തെല്ലൊരു ഭയത്തോടെ നോക്കിക്കണ്ടവർ, ഇന്ന് അവരില്ലാതെ ഒരു നിമിഷം പോലും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഈ നാട്ടുകാര്‍. മനുഷ്യനും കാക്കകളും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ കഥയാണത്.

സന്ധ്യമയങ്ങിയാല്‍ ഗ്രാമത്തിന്‍റെ ആകാശത്തിന് കറുപ്പഴകാണ്. കൂട്ടത്തോടെയെത്തുന്ന കാക്കകൾ ആകാശത്ത് ചിത്രമെഴുതുന്ന നാട്. പേരാമ്പ്രയ്ക്കടുത്തുള്ള വെള്ളിയൂരിലെ കാക്കപ്പറമ്പ്. അൻപതു വർഷങ്ങൾക്ക് മുൻപ് കൈതക്കൽ മൂർഖൻകണ്ടി പറമ്പിലായിരുന്നു ഈ കാക്കക്കൂട്ടങ്ങളുടെ സഹവാസം. കാലം മാറി, ആവാസവ്യവസ്ഥ പ്രതികൂലമായപ്പോൾ അവ കൂട്ടത്തോടെ ചിറകടിച്ചു പറന്നുവന്നത്  വെള്ളിയൂരിലെ വലിയ പറമ്പിലേക്കായിരുന്നു. പിന്നെപ്പിന്നെ ഈ മണ്ണും മനസ്സും അവരുടേതായി. അങ്ങനെ നാട്ടുകാരുടെ പ്രിയപ്പെട്ട വെള്ളിയൂർ, കാക്കകളുടെ  പ്രിയപ്പെട്ട 'കാക്കപ്പറമ്പാ’യി 

ഇവര്‍ തമ്മിലുള്ള ആത്മബന്ധത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.  വൈകിട്ട്  ചേക്കാറാന്‍ വൈകിയാലും വേവലാതിയാണ്. അപ്പോള്‍  ആകാശത്തേക്ക് നോക്കി അവര്‍  വിളിച്ചു വരുത്തും. ആദ്യകാലങ്ങളിൽ ഇവരുടെ ബഹളവും, ഓലകൾ നശിപ്പിക്കുന്നതും, കാക്കക്കാഷ്ടം കുടിവെള്ളത്തിൽ കലരുന്നതുമൊക്കെ നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. കാക്കക്കൂട്ടത്തിന്‍റെ കാരണംതേടി  തലമുറകൾക്ക് മുൻപ് ജ്യോത്സ്യന്മാരുടെ മുന്നിൽ കവടിനിരത്തിയ ചരിത്രം പോലുമുണ്ട്. എന്നാൽ കാലം ഈ കലപില ശബ്ദം നാട്ടിന്‍റെ സംഗീതമാക്കി മാറ്റി. ഇന്ന് കാക്കകളില്ലാത്ത വെള്ളിയൂരിനെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്നായി അവസ്ഥ. 

The Village Where Crows Rule the Sky in Kozhikode:

the unique bond between humans and crows in Velliyur, a small village in Kozhikode. This fascinating story showcases how generations have transformed a nuisance into a harmonious coexistence with nature