കണ്ണൂർ ധർമ്മടത്തുനിന്ന് പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി. മാഹി പന്തക്കൽ ഐ.കെ. കുമാരൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ ആദിത്യ കുമാറിനെയാണ് (16) കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. യു.പി സ്വദേശികളായ അരുൺ കുമാർ-സീമദേവി ദമ്പതികളുടെ മകനാണ്.
പഠനത്തിൽ താൽപ്പര്യമില്ലാതിരുന്ന കുട്ടി കൈവശമുണ്ടായിരുന്ന 1,500 രൂപയുമായാണ് വീടുവിട്ടിറങ്ങിയത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് കുട്ടിയെ കണ്ടതായി പൊലീസ് പറഞ്ഞു. യു.പിയിലേക്കാണ് കുട്ടി പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളുടെ പരാതിയിൽ ധർമ്മടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ, കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പതിനേഴുകാരൻ ശിവസൂര്യയെക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ല. ‘കാശിയ്ക്ക് പോകുന്നു’ എന്ന് കത്തെഴുതിവച്ചാണ് കുട്ടി വീടുവിട്ടുപോയത്.
തുടർന്ന് വാരാണസിയിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഏറ്റവുമൊടുവിൽ തമിഴ്നാട്ടിലെ രാമേശ്വരത്ത് കുട്ടിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.