ഉത്തര മലബാറിലെ സർക്കാർ ഓഫീസിലെ ഏക അംബാസഡർ വിന്റേജ് കാറിന് ഇനി വിശ്രമകാലം. കോഴിക്കോട് മേഖല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുടെ ഓഫീസിന്റെ ഔദ്യോഗിക വാഹനമായി 15 വർഷത്തോളം സേവനം ചെയ്ത അംബാസഡർ കാർ കാലാവധി പൂർത്തിയായതോടെ കലക്ടറേറ്റിലെ വാഹന വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റി.
ഔദ്യോഗിക ആവശ്യങ്ങൾക്കായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ വർഷങ്ങളോളം സഞ്ചരിച്ചിരുന്ന ഈ വിന്റേജ് കാർ, ജീവനക്കാർക്കും നാട്ടുകാർക്കും ഒരുപോലെ പരിചിതമായിരുന്നു. സർക്കാർ ഓഫീസിന്റെ മുറ്റത്തും നഗരവീഥികളിലും ഔദ്യോഗിക പരിപാടികളുടെ വേദികളിലുമെല്ലാം സ്ഥിരം സാന്നിധ്യമായിരുന്ന അംബാസഡറിന് യാത്രയയപ്പ് നൽകിയത് ഏറെ വൈകാരികമായാണ്.
കാറിന്റെ കാലാവധി അവസാനിച്ചതായി ആർടിഒയുടെ സന്ദേശം ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ ഫോണിലെത്തിയതോടെയാണ് അവസാന യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സന്ദേശം ലഭിച്ചത്. തുടർന്ന് ഡ്രൈവർ സരിൻ മുരളി താക്കോലുമായി കാറിനടുത്തെത്തി. അവസാന യാത്രയ്ക്കു മുൻപ് കാർ നന്നായി കഴുകി വൃത്തിയാക്കി. വർഷങ്ങളോളം ഔദ്യോഗിക യാത്രകൾക്കായി ഒപ്പമുണ്ടായിരുന്ന വാഹനത്തെ അവസാനമായി അണിയിച്ചൊരുക്കിയതും ജീവനക്കാർക്ക് വൈകാരികമായ നിമിഷമായി.
കാർ കഴുകുന്ന ദൃശ്യങ്ങളും പിന്നീട് കലക്ടറേറ്റിന്റെ മുന്നിൽനിന്ന് യാത്രതിരിക്കുന്ന ദൃശ്യങ്ങളും ജീവനക്കാർ പകർത്തി. പിആർഡി ഫോട്ടോഗ്രഫർ കെ.വി. ശ്രീജേഷിന്റെ നേതൃത്വത്തിലായിരുന്നു ഈ ഓർമച്ചിത്രീകരണം. അംബാസഡറിന്റെ അവസാന യാത്രയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി. കോഴിക്കോട് മേഖല ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറുടെ ഓഫീസിലേക്ക് ഏകദേശം 15 വർഷം മുൻപാണ് അംബാസഡർ കാർ അനുവദിച്ചത്. പിന്നീട് വർഷങ്ങളോളം ഔദ്യോഗിക ആവശ്യങ്ങൾക്കായി കാർ ഉപയോഗിച്ചു.
ജില്ലയിലെ വിവിധ സർക്കാർ പരിപാടികൾ, ഔദ്യോഗിക സന്ദർശനങ്ങൾ, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി കാർ നിരന്തരം ഓടിയിരുന്നു. പിആർഡി ജീവനക്കാരുടെ ദൈനംദിന ഔദ്യോഗിക യാത്രകളിലും അംബാസഡർ പ്രധാന പങ്കുവഹിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുമ്പോൾ വഴിയരികിൽ കാർ നിർത്തിയാൽ അംബാസഡറിനൊപ്പം നിന്ന് ആളുകൾ സെൽഫിയെടുക്കുന്നത് പതിവായിരുന്നുവെന്ന് പിആർഡി ഓഫിസർ കെ. മുഹമ്മദ് ഓർത്തെടുത്തു. പഴയകാലത്തിന്റെ ഓർമകൾ ഉണർത്തുന്ന രൂപഭംഗിയായിരുന്നു കാറിന്റെ പ്രധാന ആകർഷണം.
കാറിനെ കണ്ട പലരും അതിന്റെ വിലയെക്കുറിച്ച് ചോദിക്കാറുണ്ടായിരുന്നു. ലക്ഷങ്ങൾ വിലപറഞ്ഞവരും ഉണ്ടായിരുന്നുവെന്ന് കെ. മുഹമ്മദ് . ഒരുപക്ഷേ അമ്പി തിരിച്ചെത്തിയേക്കാനും സാധ്യതയുണ്ട്. സർക്കാർ വാഹനങ്ങൾക്ക് നിശ്ചയിച്ച കാലാവധി പൂർത്തിയായാൽ, നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച് പെർമിറ്റ് പുതുക്കാനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്ന വകുപ്പിന് ബന്ധപ്പെട്ട ആർടിഒ ഓഫീസിൽ അപേക്ഷ നൽകണം.
തുടർന്ന് മോട്ടർ വാഹന വകുപ്പ് വാഹനം പരിശോധിക്കും. തുടർന്നും സർവീസ് നടത്താൻ വാഹനം ഫിറ്റാണെന്ന് പരിശോധനയിൽ കണ്ടെത്തിയാൽ നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി അഞ്ച് വർഷം കൂടി പെർമിറ്റ് അനുവദിക്കാൻ കഴിയുമെന്ന് മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. ഇത് ബന്ധപ്പെട്ട മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ അധികാരപരിധിയിൽ വരുന്ന നടപടിയാണ്. വാഹനത്തിന്റെ കാലപ്പഴക്കം മാത്രമല്ല, റോഡിൽ സുരക്ഷിതമായി ഉപയോഗിക്കാനുള്ള ഫിറ്റ്നസും പരിശോധനയിൽ പ്രധാനമാണ്.