എറണാകുളം മാണിക്യമംഗലത്തെ സംസാരശേഷിയില്ലാത്ത കുടുംബത്തിന് ഇനി ഉള്ളുതുറന്ന് ചിരിക്കാം. സംസാരശേഷിയില്ലാത്ത നാല് കുഞ്ഞുങ്ങൾക്കും ഒടുവിൽ തിരിച്ചറിയൽ രേഖയായി. മനോരമ ന്യൂസ് ഇംപാക്ട്. കഴിയാത്ത നാല് കുഞ്ഞുങ്ങൾക്കും ആധാർകാർഡ് ലഭിച്ചു. അവരെ നെഞ്ചോട് ചേർത്ത് പിടിച്ച് നിറകണ്ണുകളോടെ അച്ഛനും അമ്മയും കേരളത്തോട് നന്ദി പറയുകയാണ്.

ഏറെ പ്രതീക്ഷകളോടെ കേരളത്തിലേക്ക് എത്തിയ സംസാരശേഷിയില്ലാത്ത ദമ്പതികളാണ് ഹാജ മൊയ്ദിനും ശാരദയും. മിണ്ടാൻ കഴിയാത്ത അവരുടെ നാല് കുഞ്ഞുങ്ങൾക്ക്‌ രേഖകളില്ലാത്തതിനാൽ സ്കൂളിൽ ചേരാൻ കഴിയുന്നില്ലെന്ന മനോരമ ന്യൂസ് വാർത്ത പലരുടെയും കണ്ണ് നനയിച്ചിരുന്നു. എറണാകുളം സെന്റ് ക്ലയർ ബധിര വിദ്യാലയത്തിലെ സിസ്റ്റർ അഭയയാണ് 2022 മുതൽ ഈ കുടുംബത്തിന്റെ ശബ്ദം.

കാത്തിരിപ്പിനോടുവിൽ നാല് പേർക്കും ആധാർ കാർഡ് ലഭിച്ചപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തിലാണ് സിസ്റ്റർ. അച്ഛനും അമ്മയ്ക്കും കൂലി വേല ചെയ്ത് കിട്ടുന്ന തുച്ഛമായ തുകയാണ് ആറ് പേര് അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം. ഒരു കുഞ്ഞ് വീട് വേണമെന്ന കുടുംബത്തിന്റെ ആഗ്രഹമാണ് ഇനി സഫലമാകാനുള്ളത്. ഇനി ഈ കുഞ്ഞുങ്ങൾക്ക് മറ്റ് കുട്ടികളെപ്പോലെ സ്കൂളിൽ ചേരാം, സ്വപ്നങ്ങൾ കാണാം, ഉയരങ്ങളിലെത്താം. 

ENGLISH SUMMARY:

Malayala Manorama Online News reported on a speech-impaired family in Ernakulam's Manikyamangalam, whose four children have finally received identification documents. This Manorama News impact story highlights how the children can now attend school and pursue their dreams, bringing immense joy to their parents and the community.