കാടിന്റെ വന്യതയ്ക്കുള്ളിൽ നിന്ന് പ്രകൃതിദത്ത നിറങ്ങൾ വേർതിരിച്ചെടുത്ത് വസ്ത്രങ്ങളിൽ വിസ്മയം തീർക്കുകയാണ് പാലക്കാട് പറമ്പിക്കുളത്തെ ഗോത്രവനിതകൾ. വനംവകുപ്പും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന 'വനവർണിക' പദ്ധതിയിലൂടെ സുങ്കം ഉന്നതിയിലെ വനിതകളുടെ ജീവിതമാണ് പുതിയ നിറങ്ങളിലേക്ക് ഉണരുന്നത്. 

തേക്കില തളിരും ചെണ്ടുമല്ലിയും കാട്ടുപൂക്കളും ഉപയോഗിച്ച് തുണികളിൽ നിറങ്ങൾ പടർത്തുമ്പോൾ പിറക്കുന്നത് വെറും ഷാളുകളോ കുഞ്ഞുടുപ്പുകളോ അല്ല. ഇവരുടെ ജീവിതത്തിന് പുതിയ നിറങ്ങൾ കൂടിയാണ്. കാടിൽ നിന്ന് പറിച്ചെടുക്കുന്ന പൂക്കളും ഇലകളും ചേർത്ത് പ്രകൃതിയുടെ തനത് നിറങ്ങൾ തീർക്കുകയാണ് പറമ്പിക്കുളം സുങ്കം ഉന്നതിയിലെ ഗോത്രവനിതകൾ. പ്രകൃതിദത്ത നിറങ്ങൾ മാത്രം. ഇതിൽ 

രാസവസ്തുക്കൾ ഒന്നും തന്നെ ചേർക്കുന്നില്ല. വനംവകുപ്പും കുടുംബശ്രീയും ചേർന്നാണ്  'വനവർണിക' പദ്ധതി നടപ്പാക്കുന്നത്. 

സുങ്കം ഉന്നതിയിലെ മലശർ വിഭാഗത്തിൽ പെട്ട 12 വനിതകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. വീട്ടുജോലിക്കും കൂലിപ്പണിക്കും അപ്പുറം സ്ഥിരമായ ഒരു വരുമാനം കണ്ടെത്താൻ ഈ കൈത്തൊഴിലിലൂടെ ഇവർക്ക് സാധിക്കുന്നു. കാടിന്റെ വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാതെ, ലഭ്യമായ പ്രകൃതിദത്ത വസ്തുക്കളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി പരിസ്ഥിതി സൗഹൃദ വിപണിയിൽ ഇടംപിടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിജയകരമായി മുന്നേറുന്ന ഈ സംരംഭം, ഗോത്രജനതയുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയും ദിശാബോധവും സമ്മാനിക്കുന്നു.

ENGLISH SUMMARY:

Tribal women in Parambikulam are creating beautiful textiles using natural dyes extracted from the forest. The 'Vana Varnika' project, a collaboration between the Forest Department and Kudumbashree, is bringing new life and sustainable income to these women.