മുത്തു ലോട്ടറി ഏജന്‍സി ഉടമ
30 കോടി രൂപയുടെ തിരുവോണം ബംപർ ഇത്തവണ എത്തിയത് കണ്ണൂരിലാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലെ ചില്ലറ വിൽപ്പനക്കാരൻ വിറ്റ TL 360615 നമ്പറിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വിറ്റ ഏജൻസിയുടെ വിവരങ്ങൾ പുറത്തുവന്നെങ്കിലും ആരാണ് ഭാഗ്യശാലി എന്നതു മാത്രമെ ഇനി അറിയേണ്ടതുള്ളൂ. മൂന്നു പേർ കൈമാറിയാണ് ഭാഗ്യശാലിയിലേക്ക് ഓണം ബംപറെത്തിയതെന്നാണ് വിവരം.
ചക്കരക്കലിലുള്ള മുത്തു ഏജന്‍സിയില്‍ നിന്നും തളിപ്പറമ്പിലെ പിവി വല്‍സരാജന്‍റെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയിലേക്കാണ് ആദ്യം 30 കോടിയുടെ ലോട്ടറി എത്തുന്നത്. പിന്നീട് തമ്പുരാൻ ഏജൻസിയുടെ തളിപ്പറമ്പ് ബസ്റ്റാന്‍ഡിലെ കടയില്‍ നിന്നും ചില്ലറവിൽപ്പനക്കാരൻ സുജിത്തിലേക്ക് ലോട്ടറി എത്തി. ഇയാളിൽ നിന്നാണ് ഭാഗ്യവാൻ ഓണം ബംപറെടുത്തത്. തളിപ്പറമ്പില്‍ നിന്നാണ് ഭാഗ്യവാന്‍ ലോട്ടറി എടുത്തത്. അതിനാല്‍ ഭാഗ്യവാന്‍ കണ്ണൂരില്‍ നിന്നുള്ള ആളാകാനാണ് സാധ്യത കൂടുതൽ.
Also Read: 30 കോടിയുടെ ഓണം ബംപർ ലോട്ടറിയടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും; നികുതി അടയ്ക്കാൻ വൈകിയാൽ നഷ്ടം കോടികൾ
രണ്ടാം തവണയാണ് മുത്തു ഏജൻസിക്ക് ബംപറടിക്കുന്നത്. സമ്മാന തുകയുടെ പത്ത് ശതമാനം (മൂന്ന് കോടി രൂപ) ഏജന്റിന് കമ്മിഷനായി ലഭിക്കും. ഡബിള്‍ ഹാപ്പിയാണെന്ന് ബംപര്‍ വിറ്റ ചക്കരക്കല്ലിലെ ഏജന്റ് മനോരമ ന്യൂസിനോട് പറഞ്ഞു. അന്‍പതിനായിരം ബംപര്‍ ടിക്കറ്റ് ഇക്കുറി വിറ്റു. 2025 ല്‍ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറും അടിച്ചിരുന്നു. എടുത്തത് ആരെന്ന് അറിയില്ല, പരിശോധിക്കുന്നു എന്നും അനീഷ് പറഞ്ഞു.