2022 ലെ തിരുവോണം ബംപര്‍ അടിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് ഇന്നും ട്രെന്‍ഡാണ്. ലോട്ടറിയടിക്കുന്നവര്‍ക്കും എടുക്കുന്നവര്‍ക്കും ഒരുപോലെ പാഠമാണ് അനൂപിന്‍റെ ജീവിതം. ലോട്ടറിയടിച്ച ശേഷം ചെറിയ രീതിയില്‍ ഹോട്ടല്‍ ബിസിനസിലേക്ക് ഇറങ്ങിയ അനൂപിന് ഇന്ന് അട്ടക്കുളങ്ങരയില്‍ സ്വന്തമായി 'രുചിക്കട' എന്ന പേരില്‍ ഹോട്ടല്‍ നടത്തുകയാണ്. ലോട്ടറിയിച്ച ശേഷം വന്ന മാറ്റങ്ങളെ പറ്റി സംസാരിക്കുകയാണ് അനൂപ്.
Also Read: ഷെയറിട്ട് ലോട്ടറിയെടുക്കല്‍; ബംപറടിക്കാനുള്ള സാധ്യത കൂടുതല്‍; പക്ഷേ നികുതി ഇരട്ടിയാകാം
ലോട്ടറിയടിച്ച ശേഷം ജീവിതം അടിപൊളിയായി മുന്നോട്ട് പോവുകയാണെന്ന് അനൂപ് മനോരമ ന്യൂസിനോട് പറഞ്ഞു. 'വിചാരിച്ച പോലെ സ്വന്തമായി ഹോട്ടല്‍ തുടങ്ങാന്‍ പറ്റി. ചെറിയ കട തുടങ്ങി. വിജയിച്ച ശേഷം പുതിയ കട ആരംഭിച്ചു. അട്ടകുളങ്ങരയില്‍ പുതിയ ബില്‍ഡിങ് പണി നടക്കുന്നു. അടിപൊളിയായി പോകുന്നു' എന്നായിരുന്നു അനൂപിന്‍റെ വാക്കുകള്‍. ലോട്ടറിയടിച്ചയുടനെ അനൂപ് എല്ലാവരെയും സന്തോഷം വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ ലോട്ടറിയടിക്കുന്നവര്‍ പുറത്തു പറയരുതെന്നാണ് അനൂപിന്‍റെ അനുഭവം. കടം ചോദിച്ചുവരുന്നവരുടെ ബുദ്ധിമുട്ട് അന്നും ഇന്നും അനൂപ് നേരിടുന്നു. ലോട്ടറിയടിച്ച സമയം ആളുകൂടി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ കടയിലേക്കും ആളുവരുന്നു എന്നും അനൂപ് പറഞ്ഞു.
Also Read: 30 കോടിയുടെ ഓണം ബംപർ ലോട്ടറിയടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും; നികുതി അടയ്ക്കാൻ വൈകിയാൽ നഷ്ടം കോടികൾ
ലോട്ടറിയടിച്ച തുകയില്‍ നിന്നും വായ്പയായി നല്‍കിയ 15 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്നും അനൂപ് പറഞ്ഞു. 15 ലക്ഷം രൂപ കടം കൊടുത്തിട്ടുണ്ട്. തിരികെ ചോദിക്കുമ്പോള്‍ ലോട്ടറിയടിച്ചതല്ലേ. വെറുതെ കിട്ടിയതല്ലേ എന്നു പറയും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ലോട്ടറിയടിച്ച പണം കടം ചോദിക്കാന്‍ ആവശ്യക്കാര്‍ പലരും വരും. പിണക്കങ്ങളുണ്ടാകും മുന്നോട്ട് പോകുക എന്നാണ് അനൂപ് അടുത്ത ഭാഗ്യവാനു നല്‍കുന്ന ഉപദേശം.
30 കോടി കിട്ടുമെന്നാണ് പലരും വിചാരിക്കുന്നത്. സര്‍ക്കാര്‍ നികുതി പിടിച്ച പണം തന്നാലും കേന്ദ്ര സര്‍ക്കാറിലേക്ക് ആദായ നികുതി നമ്മളടയ്ക്കണം. ഇതുവരെ ഒരു വര്‍ഷം പണം ഹോള്‍ഡ് ചെയ്യണം. അതൊക്കെ കഴിഞ്ഞ് മാത്രമെ ചെലവാക്കി തുടങ്ങാന്‍ പാടുള്ളൂ എന്നും അനൂപ് പറഞ്ഞു. ഇത്തവണയും അനൂപ് ലോട്ടറിയെടുത്തിട്ടുണ്ട്. തന്‍റെ കയ്യില്‍ നിന്നും ലോട്ടറി വാങ്ങമെന്ന് ആഗ്രഹിച്ചെത്തിയവര്‍ക്ക് വില്‍പനയും നടത്തി. ഇക്കൂട്ടത്തിലൊരാള്‍ക്ക് ലോട്ടറിയടിക്കണം എന്നാണ് അനൂപിന്‍റെ ആഗ്രഹം.