92–ാം വയസിൽ ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ച് സമൂഹ മാധ്യമങ്ങൾ കീഴടക്കിയ ഒരു കർഷകൻ. പക്ഷേ തൃശൂരുകാർക്ക് അദ്ദേഹം പോൾ അല്ല, ചീരച്ചായൻ ആണ്. ഇപ്പോൾ പ്രേക്ഷകർ മറ്റൊരു പേര് കൂടി വിളിക്കുന്നുണ്ട്.
ചീരക്കെട്ടുകളുമായി തൃശൂരിന്‍റെ വഴികളിലൂടെ കാലങ്ങളോളം നടന്ന മനുഷ്യന് നാട്ടുകാർ ഒരു പേരിട്ടു, ചീരച്ചായൻ. ഈ 92–ാം വയസിൽ മറ്റൊരു പേര് കൂടി വീണു, ഹീറോച്ചായൻ. ഒൻപത് മാസത്തിനിടെ അഞ്ച് ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ചു. തുടക്കക്കാരന്‍റെ പതർച്ചയൊന്നുമില്ലാതെ കഥാപാത്രത്തെ കയ്യടക്കിയതോടെ അവതരിപ്പിച്ചപ്പോള്‍ പ്രേക്ഷകരും പറഞ്ഞു, ഈ ചീരച്ചായൻ കൊള്ളാം.
ചെറുപ്പം മുതലേ അഭിനയിക്കാൻ താല്പര്യമുണ്ടായിരുന്നു. അവസരം തേടിയെത്തിയപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. പീച്ചിയിലെ നാല് ചെറുപ്പക്കാർ ചേർന്ന് രൂപീകരിച്ച നവരംഗ് തിയറ്ററിന്‍റെ ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. പ്രായത്തിന്റെ ചുളിവുകളല്ല, അഭിനയത്തിന്റെ തിളക്കമാണ് പിന്നെ കണ്ടത്.
ചീരയ്ക്കൊപ്പം ജാതിയും വാഴയും കമുകുമെല്ലാം കൃഷി ചെയ്തു. ഭൂമിക്കച്ചവടത്തിലും ഒരു കൈ നോക്കി, അവിടെയും വിജയിച്ചു. ഇനി പതുക്കെ വെള്ളിത്തിരയിലേക്ക് ഇറങ്ങണം. നല്ല വേഷങ്ങൾ കിട്ടിയാൽ സിനിമയിലും ഒരു കൈ നോക്കണം, ചീരച്ചായൻ പറയുന്നു.