തെറ്റ് പറ്റി എന്ന് സമ്മതിക്കാൻ രാഹുൽ ഈശ്വർ കാണിച്ച മനസ് അംഗീകരിക്കുന്നുവെന്ന് നടി റിനി ആൻ ജോർജ്. പരസ്പരം വലിച്ചു കീറാൻ തീരുമാനിച്ചുക്കൊണ്ട് കണ്ടു മുട്ടിയ രണ്ടു പേർ പരസ്പരം കെയർ ചെയ്ത അദ്ഭുതമാണ് സംഭവിച്ചത്. താൻ ഹൃദയത്തിൽ നിന്ന് സംസാരിച്ചത് ഹൃദയം കൊണ്ട് രാഹുൽ കേട്ടത് കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും ഫെയ്സ്ബുക്കിൽ റിനി കുറിച്ചു.

ഒരുമിച്ച് പങ്കെടുത്ത റിയാലിറ്റി ഷോയിൽ വെച്ചായിരുന്നു റിനിയും രാഹുൽ ഈശ്വറും സൗഹൃദത്തിലായത്. പലരും തെറ്റായ വിവരങ്ങൾ നൽകിയത് കൊണ്ട് തെറ്റിദ്ധരിക്കപെട്ടാണ് താൻ റിനിക്കെതിരെ വിഡിയോകൾ ചെയ്തതെന്ന് രാഹുൽ പറഞ്ഞതായും റിനി കുറിച്ചു. തന്റെ വീട്ടിൽ വന്നു മാതാപിതാക്കളോടടക്കം മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നു എന്നും രാഹുൽ പറഞ്ഞതായി റിനി പറയുന്നു. 

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെ ഇത്തരം വിഡിയോകൾ ചെയുന്നത് കൊണ്ട് മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന മാനസിക  സമ്മർദ്ദങ്ങളെ കുറിച്ചും സംസാരിച്ചപ്പോൾ ഇനി ശ്രദ്ധിക്കാമെന്നും സ്ത്രീകൾക്ക് വേണ്ടി കൂടി സംസാരിക്കും എന്നും രാഹുൽ വാക്ക് തന്നു. രാഹുൽ തനിക്ക് തന്ന വാക്കുകൾ പാലിക്കും എന്ന് തന്നെ വിശ്വസിക്കാനാണ് ഇഷ്ടം എന്നും റിനി കുറിച്ചു.

കേരളത്തിലെ ഒരു യുവനേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമുള്ള റിനിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് പാലക്കാട് എംഎൽഎയായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ ആരോപണങ്ങളും കേസുകളും ഉയർന്നുവന്നത്. റിനിയുടെ തുറന്നുപറച്ചിൽ ആസൂത്രിതമായിരുന്നുവെന്നും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നുമാണ് രാഹുൽ ഈശ്വർ അടക്കമുള്ളവർ വാദിച്ചിരുന്നത്. 

സ്ത്രീവിരുദ്ധ പ്രസ്താവന നടത്തി എന്നാരോപിച്ച് രാഹുല്‍ ഈശ്വറിനെതിരെ റിനിയും, തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റിനിക്കെതിരെ രാഹുലും പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നാൽ ഇരുവരും ഒരുമിച്ച് ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിലിനെതിനെതിരായ റിനിയുടെ തുറന്നുപറച്ചിൽ ആസൂത്രിതമല്ലായിരുന്നെന്ന് താൻ 99 ശതമാനവും വിശ്വസിക്കുന്നതായി രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു. 

 

ENGLISH SUMMARY:

Rini Ann George acknowledges Rahul Easwar's sincerity in admitting his mistake. The surprising turn of events saw two individuals who intended to tear each other down instead show care for one another.