തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ നടന്ന ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ യോഗവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ച് നടത്തിയ പരാമർശം പിന്നീട് പിൻവലിച്ചതിനെതിരെ സിപിഎം നേതാക്കളായ ബിനീഷ് കോടിയേരിയെയും കെ.എസ്. അരുണ്‍കുമാറിനെയും പരിഹസിച്ച് കെപിസിസി സെക്രട്ടറി അഡ്വ. വസന്ത് സിറിയക്.
യോഗത്തിന്റെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി “അപ്പോൾ തിരുവനന്തപുരം ഭരിക്കുന്നത് ബിജെപിയാണോ?” എന്ന തരത്തിൽ ബിനീഷ് കോടിയേരിയും കെ.എസ്. അരുണ്‍കുമാറും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ യഥാർഥ സാഹചര്യം മനസ്സിലായതോടെ ഇരുവരും പോസ്റ്റുകൾ പിൻവലിച്ചു.
വസ്തുതകൾ പരിശോധിക്കാതെ രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്തെത്തിയ ശേഷം അമളി മനസ്സിലായപ്പോൾ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യുന്നത് ശരിയായ രാഷ്ട്രീയ രീതിയല്ലെന്നും വസന്ത് സിറിയക് വിമർശിച്ചു. “ക്യാപ്സ്യൂൾ വാരി വിതറുമ്പോൾ എക്സ്പയറി ഡേറ്റ് എങ്കിലും നോക്കിയിട്ട് വേണ്ടേ, ബിനീഷേ?” എന്നായിരുന്നു വിനീഷ് കോടിയേരിയെ പരിഹസിച്ച് അഡ്വ. വസന്ത് സിറിയക്കിന്റെ പ്രതികരണം.
സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണമെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ശേഷം പോസ്റ്റ് പിൻവലിക്കുന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.