കൊച്ചിയിൽ കാർ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സ്വകാര്യ ബസ് ക്ലീനർ മുഹമ്മദ് അൻസാറിനെതിരെ വീണ്ടും കേസെടുത്തു. കഴിഞ്ഞ മാസം പടമുകളിൽ വെച്ച് കാർ തടഞ്ഞ സംഭവത്തിലാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജാമ്യം നൽകി വിട്ടയച്ചത് വിവാദമായിരുന്നു.
ആഗസ്റ്റ് 22 -ാം തീയതി കാക്കനാട് പടമുകളിൽ വച്ച് കാർതടഞ്ഞതിനും യാത്രക്കാരനെ അസഭ്യം പറഞ്ഞതിനുമാണ് സ്വകാര്യ ബസിലെ ക്ലീനറായ മുഹമ്മദ് അൻസാറിനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. സംഭവ ദിവസം തന്നെ പടമുകൾ സ്വദേശിയായ കാർ യാത്രക്കാരൻ ദൃശ്യങ്ങൾ സഹിതം തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതി ജോലി ചെയ്യുന്ന ബസിനെതിരെ പിഴ ഈടാക്കുക മാത്രമാണ് അന്ന് പൊലീസ് ചെയ്തത്. കലൂരിൽ കാർ തടയുകയും യാത്രക്കാരെ ഭീഷണി പെടുത്തിയതിലും മുഹമ്മദ് അൻസാറിനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിലും കേസെടുത്തു. ഈ രണ്ടു കേസുകളിലും പ്രതിയെ സ്‌റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചത് വിവാദമായിരുന്നു. കേസിൽ പൊലീസിന് വീഴ്ചയുണ്ടായില്ലെന്നും മുഹമ്മദ് അൻസാറിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ കാളി രാജ് മഹേഷ് കുമാർ പറഞ്ഞു. നിരന്തരം പരാതി ഉയരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടൊ എന്നതിൽ പരിശോധന കർശനമാക്കുവാനാണ് നീക്കം.