അതിദാരുണമായ വാഹനാപകടമാണ് തൃശൂര്‍ കയ്പമംഗലത്തുണ്ടായത്. രാത്രി പതിനൊന്നേ മുക്കാലോടെയാണ് കയ്പമംഗലം പനമ്പിക്കുന്ന് സെന്ററില്‍ നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേര്‍ഷന്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് കാര്‍ ഇടിച്ചുകയറിയത്. ഡിണ്ടിഗല്‍ പി.എസ്.എന്‍.എ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളും ഡ്രൈവറുമാണ് മരിച്ചത്.
Also Read: കയ്പമംഗലത്ത് വന്‍ അപകടം; ചരക്ക് ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് 8 മരണം
സൈന്‍ ബോര്‍ഡ് പോലും വയ്ക്കാതെയാണ് ദേശീയപാതയില്‍ നിര്‍മാണം പുരോഗമിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സൈന്‍ബോര്‍ഡ് കാണാത്തതിന്റെ പ്രശ്നമുണ്ട്. ‘ടേക്ക് ഡൈവേര്‍ഷന്‍’ എന്ന സൈന്‍ ബോര്‍ഡ് അപകടത്തിനു ശേഷമാണ് അതോറിറ്റി കൊണ്ടുവച്ചതെന്നും അപകടം നടന്ന സമയത്ത് കോണ്‍ക്രീറ്റ് ബ്ലോക്ക് വച്ച് തടഞ്ഞിരിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. അതിവേഗത്തില്‍ വന്ന കാര്‍ സൈന്‍ ബോര്‍ഡ് കാണാതെ നേരെ പാലത്തിനു മുകളിലേക്ക് കയറുന്നു. ഈ ഭാഗത്ത് മൂന്ന് ലോറികള്‍ നിര്‍ത്തിയിട്ടിരുന്നു. കാര്‍ നേരെ ഒരു ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറുന്നു, കാറിന്റെ അവശിഷ്ടങ്ങള്‍ ലോറിയുടെ അടിയിലേക്ക് കിടക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ദേശീയപാതയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടുതന്നെ പല സമയത്തും ഗതാഗത നിയന്ത്രണമുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
ലോറി മുന്നോട്ടെടുത്ത ശേഷമാണ് കാര്‍ കാണാനായത്. കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ഏറെ നേരം ശ്രമിച്ചാണ് ആളുകളെ പുറത്തെടുത്തത്. കണ്ടുനില്‍ക്കാനാവാത്ത അവസ്ഥയായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു. ചോരക്കളം കണ്ട ഞെട്ടലിലാണ് നാട്ടുകാരും പൊലീസും. വിദ്യാര്‍ഥികളുടെ കണ്ണുകള്‍ പോലും പുറത്തേക്ക് വന്ന നിലയിലായിരുന്നുവെന്നും ശരീരഭാഗങ്ങള്‍ തകര്‍ന്ന കാറിന്റെ അവശിഷ്ടങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും നാട്ടുകാരും പൊലീസും പറയുന്നു. ഒരാള്‍ സീറ്റിനടിയിലായിരുന്നു, ചെവിയിലൂടെയും മൂക്കിലൂടെയും രക്തം ഒഴുകുകയായിരുന്നു. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ തന്നെയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആവര്‍ത്തിക്കുന്നു.
വിദ്യാര്‍ഥികളുടെ വിനോദയാത്രയായിരുന്നോ അതോ ഏതെങ്കിലും സുഹൃത്തിനെ കാണാന്‍ വന്നതാണോ എന്നതിലടക്കം വ്യക്തത വരുത്തേണ്ടതുണ്ട്, ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്ന വിദ്യാര്‍ഥികളാണ് തൃശൂരിലുണ്ടായ അപകടത്തില്‍ മരിച്ചത്. മാതാപിതാക്കള്‍ അറിയാതെയുള്ള യാത്രയായിരുന്നുവെന്നും ചില സൂചനകളുണ്ട്.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവര്‍ ഡിണ്ടിഗല്‍ പി.എസ്.എന്‍.എ എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളാണ്. കാറില്‍നിന്ന് ഒരു വിദ്യാര്‍ഥിയുടെ ഐ.ഡി. കാര്‍ഡ് ലഭിച്ചു. ഇതില്‍നിന്നാണ് മരിച്ചവരെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ചത്. ഡിണ്ടിഗല്‍ സ്വദേശികളായ സൂര്യ, യുവസഞ്ജിത്, മധുര സ്വദേശികളായ പ്രസന്ന, സന്തോഷ്, സേലം സ്വദേശി വിശ്വ എന്നിവരെ തിരിച്ചറിഞ്ഞു. മൃതദേഹങ്ങള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.