കെ.കരുണാകരന്‍, കെ.കെ.നായര്‍
'എനിക്ക് മന്ത്രിസ്ഥാനം വേണ്ട, ഒരു ജില്ല മതി'. സാക്ഷാൽ ലീഡർ കെ.കരുണാകരന് മുമ്പിൽ കെ.കരുണാകരൻ നായർ എന്ന കെ.കെ.നായർ പറഞ്ഞ ഈ വാക്കുകളിൽ പിറന്ന ജില്ലയാണ് പത്തനംതിട്ട. ഇടതു സഹയാത്രികനായ കെ .കെ.നായർ , പത്തനംതിട്ടയെ ഒരു രാഷ്ട്രീയ സമ്മർദ്ദ വിഷയമായി അവതരിപ്പിക്കുമ്പോൾ, സ്വന്തം മന്ത്രിസഭ നിലനിർത്താൻ ആ ആവശ്യം അംഗീകരിച്ചേ മതിയാകൂ എന്ന അവസ്ഥയിലായിരുന്നു ലീഡർ. Political compulsion എന്ന് പറയും. മൂവാറ്റുപുഴ ജില്ല രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറയുമ്പോൾ , സർക്കാറിന് മുമ്പിൽ അങ്ങനെയൊരു രാഷ്ട്രീയാവസ്ഥയോ സമ്മർദ്ദമോ ഇല്ല. Also Read: 'മൂവാറ്റുപുഴ ജില്ലയെന്ന ആവശ്യം ന്യായമാണ്': മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ
എട്ടു തവണ പത്തനംതിട്ടയിൽ നിന്ന് എംഎൽഎയായ കെ.കെ.നായർ ആദ്യകാലത്ത് ഇടത് സ്വതന്ത്രനായിരുന്നു. കൊല്ലത്തെ വികസന സമിതി യോഗങ്ങളിൽ പങ്കെടുക്കുമ്പോഴാണ് മലയോര മേഖലയോടുള്ള അവഗണന നായർ മനസ്സിലാക്കിയത്. തീരദേശ മേഖലയുടെ പ്രശ്നങ്ങൾ ആയിരുന്നു കൊല്ലത്തെ യോഗങ്ങളിലെ പ്രധാന അജണ്ട. അങ്ങനെയാണ് കെ.കെ.നായരുടെ മനസ്സിൽ പത്തനംതിട്ട ജില്ല എന്ന ആശയം ഉദിക്കുന്നത്. മഹാകവി പുത്തൻകാവ് മാത്തൻ തരകന്‍റെ പിന്തുണ കൂടി ആർജിച്ചെടുത്ത കെ.കെ.നായർ ആവശ്യം ശക്തമായി ഇടതു നേതാക്കൾക്ക് മുമ്പിൽ ഉയർത്തി.
1980ല്‍ ഇടതുമുന്നണി റിബലായി മത്സരിച്ച് വിജയിച്ച കെ.കെ.നായർ, ജില്ലാ രൂപീകരണ ആവശ്യം ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാറിന് മുന്നിൽ വീണ്ടുമുയർത്തി. 1980 ൽ രൂപീകൃതമായ പന്ത്രണ്ടാമത്തെ ജില്ലയായ വയനാട്ടിലെ കലക്ടർക്ക് കാർ വാങ്ങാൻ പോലും പൈസ ഇല്ലെന്ന് പറഞ്ഞ് ആവശ്യം സർക്കാർ തള്ളി.
അങ്ങനെയിരിക്കയാണ് ആ സർക്കാരിനെ അട്ടിമറിച്ച് സ്പീക്കറുടെ പിൻബലം കൂടി വേണ്ടിവരുന്ന കാസ്റ്റിങ് മന്ത്രിസഭയ്ക്ക് കെ.കരുണാകരൻ രൂപം നൽകിയത്. ഓരോ എംഎൽഎയ്ക്കും പൊന്നിൻ വിലയുള്ള കാലം. മഹാകവി പുത്തൻകാവ് മാത്തൻ തരകനിലൂടെ കെ.കെ.നായരെ സമീപിച്ച ലീഡർ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തു. മറ്റൊന്നും ആലോചിക്കാൻ ഉണ്ടായിരുന്നില്ല കെ.കെ.നായർക്ക് മന്ത്രിസ്ഥാനം വേണ്ടെന്നു പറഞ്ഞു, പകരം പത്തനംതിട്ട ജില്ലാ രൂപീകരണ ആവശ്യം മുന്നോട്ടുവച്ചു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി ലീഡർ ആണയിട്ടു - സർക്കാരിനെ പിന്തുണച്ചാൽ പത്തനംതിട്ട ജില്ല രൂപീകരിച്ചിരിക്കും. പിന്നാലെ റവന്യൂ സെക്രട്ടറി മിനി മാത്യുവിനെ കമ്മീഷനായി നിയമിച്ചു. അതേവർഷം 1982 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട പിറവി കൊണ്ടു.
ആ ഘട്ടത്തിൽ തന്നെ കെ.കരുണാകരൻ പറഞ്ഞ ഒന്നാണ് മൂവാറ്റുപുഴ ജില്ലാ രൂപീകരണം. രണ്ടു വർഷത്തിനുശേഷം ലീഡർ മുഖ്യമന്ത്രിയായിരിക്കെ തന്നെ, 1984 ൽ പതിനാലാം ജില്ലയായി കാസർകോട് രൂപീകരിക്കപ്പെട്ടു. നാല് പതിറ്റാണ്ടിനിപ്പുറം മൂവാറ്റുപുഴ ജില്ല രൂപീകരണം വീണ്ടും ചർച്ചയാകുമ്പോൾ സർക്കാരിന് മുന്നിൽ രാഷ്ട്രീയ സമ്മർദമില്ല. എങ്കിലും വി.ഡി. സതീശന്റെ പ്രഥമ ബഡ്ജറ്റിൽ തന്നെ, ജില്ലാ , താലൂക്ക് രൂപീകരണം പഠിക്കാൻ കമ്മീഷനെ വയ്ക്കുമെന്ന പ്രഖ്യാപനം ഉണ്ട്. അത് മൂവാറ്റുപുഴയിൽ മാത്രം ഒതുങ്ങില്ല. മലപ്പുറം, തിരുവനന്തപുരം ജില്ല വിഭജനങ്ങളും പരിഗണനയ്ക്ക് വരും. ഒപ്പം അതുണ്ടാക്കുന്ന കോടികളുടെ ചെലവും.