സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽശിക്ഷയനുഭവിച്ച ആദ്യ മലയാളി വനിതയെ അറിയുമോ? കൊച്ചി രാജ്യത്തെ ആദ്യ അഭിഭാഷകയെ? ചരിതം മറന്നുപോയ മറക്കാൻ പാടില്ലാത്ത ആ ധീരവനിതയുടെ പേരാണ് മുക്കാപ്പുഴ കാർത്ത്യായനിയമ്മ. 

വർഷം 1930 നവംബർ 16. നിരോധനാജ്ഞ ലംഘിച്ച് കോഴിക്കോടിന്‍റെ തെരുവുകളിൽ ത്രിവർണ പതാകയേന്തി പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് കാർത്ത്യായനിയമ്മ നടന്നുനീങ്ങി. കേരളത്തിൽ സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായി സ്ത്രീകൾ ആദ്യമായി അറസ്റ്റിലായ ചരിത്ര നിമിഷം. ആ മുന്നേറ്റത്തിന് നേതൃത്വം നൽകിയവളാണ് മുക്കാപ്പുഴ കാർത്ത്യായനിയമ്മ. ഗാന്ധിജിയുടെ അറസ്റ്റിൽ പ്രക്ഷുബ്ധമായ കാലത്ത് ബ്രിട്ടീഷ് ഭരണകൂടത്തെ വെല്ലുവിളിച്ച് തേക്കിൻകാട് മൈതാനത്ത് തീപ്പൊരി പ്രസംഗം നടത്തിയ അതേ കാർത്യായനിയമ്മ. 

കെ. കേളപ്പനൊപ്പം KPCC വർക്കിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത. ഗുരുവായൂർ സത്യഗ്രഹത്തിന്റെ മുൻനിര പോരാളി. പൊന്നാനിയിലെ അയിത്തോച്ചാടന സമ്മേളനത്തിന്റെ അമരക്കാരി. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമപഠനം പൂർത്തിയാക്കി കൊച്ചി രാജ്യത്തെ ആദ്യ വനിതാ അഭിഭാഷകയായി ചരിത്രം സൃഷ്ടിച്ച മഹാപ്രതിഭ. എന്നാൽ മുക്കാപ്പുഴ കാർത്ത്യായനിയമ്മയെ കുറിച്ച് അന്വേഷിച്ച് തൃശൂർ പൂങ്കുന്നത്തെ കോട്ടപ്പുറം റെയിൽവേ ഗേറ്റിനരികിലേക്ക് ചെന്നാൽ, അവിടെയുള്ളവരിൽ നിന്നു ഒരേയൊരു മറുചേദ്യമേ തിരിച്ചു കിട്ടൂ. മുക്കാപ്പുഴ കാർത്ത്യായനിയമ്മയോ? അതാരാ?

ചരിത്രത്തിന്‍റെ ഏടുകളിൽ നിന്ന് മാഞ്ഞുപോയ ധീരവനിതയാണ് മുക്കാപ്പുഴ കാർത്ത്യായനിയമ്മ. ഗൂഗിളിൽ തിരഞ്ഞാൽ പോലും മറുപടി ലഭിക്കില്ല. തേക്കിൻകാട് മൈതാനത്തെ മണികണ്ഠനാൽത്തറയിൽ നിന്ന് വെറും ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ ഇവർ ജീവിച്ചിരുന്ന ആ പഴയ തറവാട്ടു വീട്ടിലേക്ക്. 

പുല്ലത്ത് ഗോവിന്ദമേനോന്റെയും മുക്കാപ്പുഴ കല്യാണി അമ്മയുടെയും മകളായി 1907ൽ തൃശൂരിലാണ്  കാർത്യായനിയമ്മയുടെ ജനനം. തൃശൂർ വി.ജി. സ്‌കൂളിലും എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ 1927ൽ ബിരുദം നേടി.1928ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന് രാഷ്ട്രീയ പോരാട്ടത്തോടൊപ്പം ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്ന ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്തു. ഉപ്പ് സത്യഗ്രഹത്തെ തുടർന്ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃശൂർ തെക്കേക്കാട് മൈതാനത്ത് കാർത്യായനിയമ്മ നടത്തിയ പ്രസംഗം വിദ്യാഭ്യാസ വകുപ്പിന്‍റെ ശത്രുതയ്ക്ക് കാരണമായി. അക്കാലത്ത് സർക്കാർ സ്കൂൾ അധ്യാപികയായിരുന്ന അവർ ജോലി രാജിവെച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് പൂർണ്ണമായി ഇറങ്ങിത്തിരിച്ചു.

പിന്നീട് മലബാറിലേക്ക് പോയി മഹിളാ സമാജത്തിന് നേതൃത്വം കൊടുത്തു. 1930 നവംബറിൽ കേരളത്തിലെ ആദ്യത്തെ വനിതാ രാഷ്ട്രീയ തടവുകാരിയായി മാറി. തുടർന്ന് 1931ലെ കറാച്ചി കോൺഗ്രസ് സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള എഐസിസി അംഗമായും പങ്കെടുത്തു. ഗുരുവായൂർ സത്യഗ്രഹത്തിലും പ്രധാന പങ്ക് വഹിച്ചു. 1932 ജനുവരിയിൽ കോഴിക്കോട് യോഗത്തെ തുടർന്ന് വീണ്ടും വെല്ലൂർ ജയിലിൽ അടയ്ക്കപ്പെട്ടു.

1938ൽ നിയമബിരുദം നേടി തൃശൂരിൽ പ്രാക്ടീസ് ആരംഭിച്ചു. കൊച്ചി രാജ്യത്തെ ആദ്യത്തെ വനിതാ അഡ്വക്കേറ്റായി മാറി. സ്വാതന്ത്ര്യസമര സേനാനിയായ എൻ. രാമസ്വാമിയായിരുന്നു കാർത്യായനിയമ്മയുടെ ജീവിതപങ്കാളി. ഇരുവരും ചേർന്ന് 'സർവോദയ' എന്ന ഇംഗ്ലീഷ് മാസിക നടത്തിയിരുന്നു. 1951ൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാൻ ശ്രമം നടന്നെങ്കിലും അധികാരമോഹമില്ലാത്തതിനാൽ അവർ അത് നിരസിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നിട്ടും സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള പെൻഷൻ പോലും സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. 

1983ൽ ആ ജീവിതാഗ്നി അണഞ്ഞു. കറപിടിച്ച ഒരു താമ്രപത്രമല്ലാതെ വേറെയൊരു ശേഷിപ്പും ഇന്നില്ല. സ്മാരകങ്ങളില്ല, അനുസ്മരണങ്ങളില്ല, പാഠപുസ്തകങ്ങളിൽ പേരുകളുമില്ല. എങ്കിലും കോട്ടപ്പുറം റെയിൽവേ ഗേറ്റിനരികിലെ ആ പഴയ വീട് ഇന്നും ഒരു മൂകസാക്ഷിയായി അവിടെയുണ്ട്, കേരളത്തിലെ ആദ്യ വനിതാ അഭിഭാഷകയുടെയും സ്വാതന്ത്ര്യസമര സേനാനിയുടെയും ഓർമകൾ വിളിച്ചോതിക്കൊണ്ട്.