ചെറുപുഴയില്‍ പ്രളയരക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തെ അനാദരിച്ചെന്ന് ആക്ഷേപം. ഫ്രീസർ ഇല്ലാത്ത ആംബുലൻസിലാണ് മൃതദേഹം പരിയാരത്തുനിന്നും തിരുവനന്തപുരത്തേക്ക് കയറ്റിവിട്ടതെന്ന് അനുഗമിച്ച പൊതുപ്രവർത്തകരായ മഹേഷും റാണയും പറഞ്ഞു. ദുർഗന്ധം വന്നതിനെ തുടർന്ന് ചാവക്കാട് വച്ച് ആംബുലൻസ് മാറ്റേണ്ടി വന്നെന്നും ഇരുവരും മനോരമ ന്യൂസിനോട് പറഞ്ഞു.
Also Read: അതിശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ചെറുപുഴയില്‍ പ്രളയരക്ഷാ പ്രവര്‍ത്തനത്തനം നടത്തുന്നതിനിടെയാണ് രാജേഷ് മുങ്ങി മരിച്ചത്. മറ്റൊരാള്‍ക്ക് തന്‍റെ ലൈഫ് ജാക്കറ്റ് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജേഷിനു ജീവന്‍ നഷ്ടമായത്. മൃതദേഹം കൊണ്ടുപോകുമ്പോള്‍ അനാദരവ് ഉണ്ടായെന്നാണ് ഒപ്പം അനുഗമിച്ച പഞ്ചായത്തംഗം മഹേഷും പൊതുപ്രവര്‍ത്തകന്‍ റാണയും പറയുന്നത്. പരിയാരത്തെത്തുമ്പോള്‍ തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുളള തയാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു.
Also Read: ഡിഗ്രിക്ക് ചേരാന്‍ പ്ലസ്ടു വേണ്ട; ഉത്തരവ് പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്
മൃതദേഹം കയറ്റിയ ആംബുലന്‍സില്‍ പക്ഷേ ഫ്രീസര്‍ സൗകര്യം ഉണ്ടായിരുന്നില്ല. ഇത്രയും ദൂരം യാത്ര ചെയ്യേണ്ടുന്നതിനാല്‍ തന്നെ ഫ്രീസറില്ലാതെ എങ്ങനെ മൃതദേഹം കൊണ്ടുപോകുമെന്ന് സംശയിച്ചു. പിന്നാലെ ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ ഒരു പ്രശ്നവും ഉണ്ടാകില്ല ധൈര്യമായി കൊണ്ടുപോകാനായിരുന്നു മറുപടി. മാത്രമല്ല മൃതദേഹം പ്രത്യേക രീതിയില്‍ കവര്‍ ചെയ്ത് ഭദ്രമാക്കിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. അതുപക്ഷേ ഒട്ടും വിശ്വാസയോഗ്യമായിരുന്നില്ലെന്നും മഹേഷ് പറയുന്നു.
വീണ്ടും താന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ തങ്ങള്‍ ഇത്തരത്തില്‍ കവര്‍ ചെയ്ത് മൃതദേഹം അങ്ങ് അസം വരെ കൊണ്ടുപോയിട്ടുണ്ടെന്നായിരുന്നു ആശുപത്രിയുടെ മറുപടി. വെള്ളത്തില്‍ കിടന്ന മൃതദേഹം താന്‍ കണ്ടപ്പോള്‍ തന്നെ തീര്‍ത്തും ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്നും അടുത്തുപോലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും മഹേഷ് പറയുന്നു. അതുകൊണ്ടാണ് താനീ സംശയം ആവര്‍ത്തിക്കുന്നതെന്നും മഹേഷ് പറഞ്ഞു. ഒരു പ്രശ്നവും വരില്ലെന്ന ആശുപത്രി അധികൃതരുടെ ഉറപ്പിന്‍മേല്‍ ഒടുവില്‍ അതേ രീതിയില്‍ തന്നെ മൃതദേഹവുമായി യാത്ര തിരിച്ചു. എന്നാല്‍ ചാവക്കാട് എത്തുംമുന്‍പേ മൃതദേഹത്തില്‍ നിന്നും പസ് പുറത്തുവന്നു, ആംബുലന്‍സിനകമെല്ലാം പഴുപ്പൊലിച്ച് വീണു. പിന്നാലെ പരിയാരം ആശുപത്രി അധികൃതരെ വിളിച്ച് സംസാരിച്ചു.
തുടര്‍ന്ന് ചാവക്കാട് ആശുപത്രിയിലെത്തിച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റി. പിന്നീട് തിരുവല്ലയില്‍വച്ച് ആ ആംബുലന്‍സ് കേടായെന്നും വീണ്ടും മറ്റൊരു ആംബുലന്‍സ് എത്തിച്ചാണ് മൃതദേഹം വീട്ടിലെത്തിച്ചതെന്നും മഹേഷ് പറയുന്നു. വെള്ളത്തില്‍ വീണു മരിച്ച് ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ നല്ല രീതിയില്‍ എംബാം ചെയ്യുകയോ ഫ്രീസര്‍ ഉപയോഗിക്കുകയോ ചെയ്യേണ്ടത് ഏറ്റവും അടിസ്ഥാനമായ ആവശ്യമാണെന്നിരിക്കേയാണ് ഇത്രയും അനാസ്ഥയുണ്ടായതെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരും പറയുന്നു.