നാല് മാസം മുൻപ് ജീവിതത്തിലെ ഏറ്റവും വലിയ നിസ്സഹായതയിൽ സ്വന്തം കൈകളാൽ അമ്മത്തൊട്ടിലിൽ ഏൽപ്പിക്കേണ്ടിവന്ന കുഞ്ഞിനെ, അതേ അമ്മയുടെ കൈകളിലേക്ക് തന്നെ തിരികെ എത്തിച്ചിരിക്കുകയാണ് വിധി. കണ്ണീരും കാത്തിരിപ്പും നിയമനടപടികളും കടന്നുപോയ ആ പോരാട്ടത്തിനാണ് ഇന്ന് സന്തോഷകരമായ അവസാനമായത്.
കുടുംബപ്രശ്നങ്ങളും ജീവിത പ്രതിസന്ധികളും മൂലം കഴിഞ്ഞ മാർച്ച് 12-നാണ് കോഴിക്കോട് ബീച്ച് ഗവൺമെന്റ് ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ എട്ടുദിവസം പ്രായമായ ആൺകുഞ്ഞിനെ അമ്മ ഉപേക്ഷിച്ചത്. എന്നാൽ ദിവസങ്ങൾക്കകം തന്നെ തന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞ അമ്മ കുഞ്ഞിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചു.
അമ്മയുടെ അവകാശവാദം പരിശോധിച്ച പൊലീസ്, കുഞ്ഞിനെ തിരിച്ചുനൽകുന്നതിന് മുമ്പ് ഡി.എൻ.എ പരിശോധന നടത്തണമെന്ന് റിപ്പോർട്ട് നൽകി. തുടർന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അമ്മയുടെയും കുഞ്ഞിന്റെയും ഡി.എൻ.എ പരിശോധന നടത്തി. എന്നാൽ പരിശോധനയ്ക്ക് 25,000 രൂപ ചെലവാകുമെന്നും ആ തുക അടച്ച ശേഷമേ തുടർനടപടികൾ പൂർത്തിയാക്കാനാകൂ എന്ന നിലപാട് അമ്മയെ വീണ്ടും പ്രതിസന്ധിയിലാക്കി.
ഈ നിസ്സഹായതയും അമ്മയുടെ കണ്ണീരും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തതോടെ വിഷയം സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ ഇടപെട്ടു.പണത്തിന്റെ പേരിൽ അമ്മയ്ക്ക് നൊന്തുപെറ്റ കുഞ്ഞിനെ കിട്ടാതിരിക്കില്ല എന്ന് ഉറപ്പ് നൽകി. തുടർന്ന് ഡി.എൻ.എ പരിശോധനാ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ചു. പരിശോധനയിൽ കുഞ്ഞിന്റെ അമ്മ തന്നെയാണ് പരാതിക്കാരിയെന്ന് സ്ഥിരീകരിച്ചു. തുടർന്ന് കുഞ്ഞിനെ സുരക്ഷിതമായി വളർത്താൻ ആവശ്യമായ സാഹചര്യങ്ങൾ അമ്മയ്ക്കുണ്ടോയെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി വിശദമായി വിലയിരുത്തി. അമ്മയ്ക്ക് കുട്ടിയെ പരിപാലിക്കാനും വളർത്താനും അനുയോജ്യമായ സാഹചര്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് നാല് മാസത്തെ വേർപിരിയലിന് ശേഷം കുഞ്ഞിനെ അമ്മയുടെ കൈകളിലേക്ക് കൈമാറിയത്.