പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവനായി പിടഞ്ഞ പൂച്ചക്കുഞ്ഞിന് രക്ഷകരായി അഗ്നിരക്ഷാസേന. തൃപ്പൂണിത്തുറയില്‍ ഈ രക്ഷാദൗത്യത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കാകട്ടെ അഭിനന്ദനപ്രവാഹവും.

ജീവനായി പിടഞ്ഞു, ശ്വാസം മുട്ടി, പുറത്തേയ്ക്ക് വരാന്‍ കഴിയാതെ കരഞ്ഞു, തല പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ ഏകദേശം രണ്ട് മാസം മാത്രം പ്രായമുള്ള പൂച്ചക്കുഞ്ഞ്. അഗ്നിരക്ഷാനിലയത്തിന് സമീപം താമസിക്കുന്ന അക്ഷയ് എന്ന യുവാവും സിവില്‍ ഡിഫന്‍സ് അംഗമായ വിനോദ് കുമാറുമാണ് പൂച്ചക്കുഞ്ഞിനെ എത്തിച്ചത്. വളരെ ചെറിയ പൈപ്പ് ആയതിനാല്‍ പൂച്ചക്കുട്ടിയുടെ തല പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു.

തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ എന്‍.ജി ദിനകര്‍, സിന്‍മോന്‍, പ്രവീണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘം പൈപ്പ് മുറിച്ച് പൂച്ചക്കുഞ്ഞിനെ അതീവ കരുതലോടെ പുറത്തെടുത്തു. രക്ഷപ്പെടുത്തി സുരക്ഷിതമായി യുവാവിന് കൈമാറി. ഉദ്യോഗസ്ഥനായ പ്രവീണ്‍ കുമാര്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. പൈപ്പില്‍ തലയിട്ട് ഹീറോ അകാന്‍ ശ്രമിച്ച കുട്ടി പൂച്ച സാറിന്‍റെ കുസൃതിയെ ട്രോളിയും രക്ഷാദൗത്യത്തെ പ്രശംസിച്ചും നിരവധി കമന്‍റുകളാണ് വരുന്നത്.

ENGLISH SUMMARY:

Fire and rescue personnel in Tripunithura successfully saved a two-month-old kitten whose head became stuck inside a narrow pipe, capturing widespread attention on social media. After Akshay, a local resident, and Civil Defence member Vinod Kumar brought the distressed kitten to the fire station, a dedicated rescue team led by Fire and Rescue Officer Sunil Kumar carefully cut open the pipe to free it. Accompanied by team members N.G. Dinakar, Sinmon, and Praveen Kumar, the delicate operation ensured the kitten was safely rescued and returned. Praveen Kumar later shared a video of the heartwarming rescue on Instagram, drawing massive praise and humorous comments from netizens celebrating the successful mission.