ക്ലാസ് മുറിയിലെ ബോര്‍ഡിനു താഴെ കുട്ടിയെ ചേര്‍ത്തുനിര്‍ത്തി അവള്‍ക്കു ചിറകുകള്‍ വരച്ചുനല്‍കി ആത്മവിശ്വാസം പകര്‍ന്ന അധ്യാപിക സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മലപ്പുറം ജില്ലയിലെ ചേളാരി വെളിയംമുക്ക് വി.എ. യു.പി. സ്കൂളിലെ കെ.ജംഷിയയാണ് കുഞ്ഞുമനസുകളില്‍ ആത്മവിശ്വാസം നിറച്ചു പുഞ്ചിരി വിരിയിച്ച ആ അധ്യാപിക.
സിംപിളാണ്, എന്നാല്‍ പവര്‍ഫുളും
കാര്യം വരെ സിംപിളാണ്. ക്ലാസ് മുറിയിലെ ബോര്‍ഡിനോട് ചേര്‍ന്നു കെ.ജി. ക്ലാസിലെ കുട്ടികളെ നിര്‍ത്തുക. എന്നിട്ട് അവര്‍ക്ക് ഇരുവശത്തുമായി ചോക്ക് ഉപയോഗിച്ചു ചിറകുകള്‍ വരച്ചു തീര്‍ക്കുക. ദൂരെ നിന്നു നോക്കുമ്പോള്‍ പറക്കാന്‍ വെമ്പുന്ന പൂമ്പാറ്റയായി കുഞ്ഞുമക്കളെ തോന്നിക്കുന്ന തരത്തിലാണ് വരി. കഴിഞ്ഞ ദിവസം ജംഷിയ പൂമ്പാറ്റകളെ വരയ്ക്കുന്നത് ക്ലാസിലെ ഖയാല്‍ എന്ന വിദ്യാര്‍ഥി ഫോണില്‍ പകര്‍ത്തി. ടീച്ചര്‍ തന്നെ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.
വിഡിയോ ഇതിനകം1.7 മില്യണ്‍ കാഴ്ചക്കാരുടെ ചുണ്ടില്‍ പുഞ്ചിരി വിരിയിച്ചു. അരലക്ഷത്തിനടുത്ത് ലൈക്കും പതിനായിരത്തിലധികം കമന്റും നേടി. ചെട്ടിപ്പടി കുപ്പിവളവിലെ സഫിയയുടെയും കുഞ്ഞുമുഹമ്മദിന്റെയും മകളും ദുബൈയില്‍ ബിസിനസുകാരനുമായ കല്ലാക്കന്‍ ഹനീഫയുടെ ഭാര്യയുമാണു ജംഷിയ. മൂന്നുവര്‍ഷമായി ചേളാരി വി.എ.യു.പി സ്കൂള്‍ അധ്യാപികയായ ജംഷിയ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പരപ്പനങ്ങാടി സേഫ് കമ്മ്യൂണിറ്റി ഔട്ട് റീച്ചിന്റെ വനിതാ വിങ് ജനറല്‍ കണ്‍വീനറാണ്. പാലിയേറ്റീവ് കെയര്‍ രംഗത്തും ജംഷിയ സജീവമാണ്.
ചെറു പ്രായത്തില്‍ തന്നെ സ്കൂളുകളിലെത്തുന്ന കെ.ജി. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസവും സ്കൂളിനോടും അധ്യാപകരോടും ഇഷ്ടവും ആത്മവിശ്വാസവും ഉണ്ടാക്കാനുള്ള ശ്രമമാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ജംഷിയ പറയുന്നു.