bindu-krishna-payasam

കെ.എസ്.ആര്‍.ടി.സിയില്‍ വനിതകള്‍ക്ക് സൗജന്യയാത്ര തുടങ്ങിയ ദിവസം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ട ഒരു വിഡിയോ ഉണ്ട്. വനിതാശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണയുടെ നെറുകയില്‍ ചൂടുപായസം വീഴുന്ന ദൃശ്യം. കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ വച്ച് പ്രിയദര്‍ശിനി പദ്ധതി ഉദ്ഘാടനം ചെയ്തശേഷം യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍റെ നേതൃത്വത്തില്‍ പായസവിതരണം നടത്തി. ബസിനകത്ത് തിരക്കിനിടെ പേപ്പര്‍ കപ്പില്‍ കൈമാറിയ പായസം സീറ്റിലിരുന്ന മന്ത്രിയുടെ തലയില്‍ത്തന്നെ വീണു. മന്ത്രി നടുക്കത്തോടെ എഴുന്നേറ്റു. ഒപ്പമുണ്ടായിരുന്നവര്‍ പായസം തുടച്ചുകളയാന്‍ ശ്രമിച്ചു. ആ ദൃശ്യം കണ്ട ആര്‍ക്കും തോന്നിയത് നടുക്കമായിരിക്കും. ‘അയ്യോ പൊള്ളിയിട്ടുണ്ടാകുമോ...’ എന്ന് ഉള്ളില്‍ ചോദിക്കാത്തവര്‍ ഉണ്ടാവില്ല. ആശുപത്രിയില്‍ പോകാത്തതെന്താണെന്നും പലരും ആശങ്കപ്പെട്ടിട്ടുണ്ടാകും.

 

പക്ഷേ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. ഭൂരിഭാഗം കമന്‍റുകളും മന്ത്രിക്കെതിര്! പലരും വ്യക്തിഹത്യയുടെ അതിരുകള്‍ ലംഘിച്ച് കമന്‍റുകള്‍ വാരിയിട്ടു. 'ഇവര്‍ക്ക് ഇത് ആവശ്യമാണ്', 'ക്ഷീരദിന ആശംസകള്‍', 'ബിര്‍ണാണി കഴിഞ്ഞപ്പോള്‍ പായസം', 'ഇവരിത് ചിരിപ്പിച്ച് കൊല്ലും' എന്നൊക്കെയായിരുന്നു പലരുടെയും പ്രതികരണം. അതിരുവിട്ടുള്ള അധിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്നവരുമുണ്ട്.

bindu-krishna-screenshot

 

ആളുകൾ തിങ്ങിനിറഞ്ഞ ബസിനുള്ളില്‍ വെച്ച് കൈയബദ്ധം കൊണ്ടോ തിരക്കിൽപ്പെട്ടോ ഒരാളുടെ മേൽ എന്തെങ്കിലും വീഴുക എന്നത് എവിടെയും ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്. എന്നാൽ, അതിനെ ഒരു വനിതയെ വേട്ടയാടാനുള്ള അവസരമാക്കി മാറ്റിയവരുടെ മാനസികാവസ്ഥ മുന്‍പും കണ്ടിട്ടുണ്ട്! ഒരു സ്ത്രീ പൊതുവേദിയിൽ അപ്രതീക്ഷിതമായൊരു പ്രയാസം നേരിടുമ്പോൾ സഹായിച്ചില്ലെങ്കിലും ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ആനന്ദം കണ്ടെത്തുന്നവരുടെ മനോനില എന്തായിരിക്കും. ബിന്ദുകൃഷ്ണ എന്ന രാഷ്ട്രീയ നേതാവിനോട് എതിര്‍പ്പ് ഉണ്ടാകാം. അവരുടെ ശൈലിയെയും രാഷ്ട്രീയത്തെയും ഒക്കെ എതിര്‍ക്കാം. പക്ഷേ ഈ സംഭവത്തില്‍ അതിരുവിട്ട പരിഹാസത്തിനോ അധിക്ഷേപത്തിനോ ഇടമില്ലായിരുന്നു.

bindu-krishna-screenshots

 

കമന്‍റ് ബോക്സ് അരിച്ചു പെറുക്കി നോക്കിയാല്‍ ബിന്ദു കൃഷ്ണയോട് അനുതാപം പ്രകടിപ്പിക്കുന്ന ചുരുക്കം പ്രതികരണങ്ങള്‍ കാണാം. മനുഷ്യപ്പറ്റ് എവിടെയൊക്കെയോ അവശേഷിക്കുന്നുണ്ട് എന്നത് ആശ്വാസം. സാധാരണ സാഹചര്യങ്ങളില്‍ നിന്നുവന്ന്, ഒരുപാട് തോല്‍വികള്‍ ഏറ്റുവാങ്ങിയ ശേഷം വിജയം കുറിച്ച് ഒരു വീട്ടമ്മ കൂടിയാണ് അവരെന്ന് ഓര്‍മിപ്പിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത് മറ്റൊരു സാമൂഹിക യാഥാര്‍ഥ്യം കൂടിയാണ്. പൊരുതുന്ന സ്ത്രീകളുടെ വിജയങ്ങളെ നമ്മള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്ന യാഥാര്‍ഥ്യം.

Bindu Krishna Payasam Incident: How Social Media Lost Its Empathy | Cyberbullying Against Women Politicians in Kerala:

During the inauguration of the Priyadarshini project at the Kollam KSRTC depot, hot payasam accidentally spilled onto the head of political leader Bindu Krishna inside a crowded bus. While the incident naturally evokes shock and concern for her safety, the response on social media was overwhelmingly negative, filled with severe cyberbullying and personal attacks. Many internet users used this unfortunate accident as an opportunity to mock and vilify her due to political differences, sidelining basic human empathy. This toxic reaction highlights a disturbing societal trend regarding how women in leadership and public life are targeted and mistreated online.