AI Generated Image
ലോറിയില്‍ ക്ലീനറായി ജോലി ചെയ്ത 17കാരിയെ പീഡിപ്പിച്ച ഡ്രൈവര്‍ പിടിയില്‍. വയനാട് മീനങ്ങാടി സ്വദേശി എ.എസ്.സനോജിനെതിരെ (26) പോക്സോ ചുമത്തി കേസെടുത്തു. ഇയാളെ മീനങ്ങാടി പൊലീസ് ബത്തേരി കോടതിയിൽ ഹാജരാക്കി റിമാൻഡ‍് ചെയ്തു.
ദാരിദ്ര്യത്തില്‍ നിന്നും കരകയറാനും അമ്മയുടെ രോഗം ചികിത്സിച്ചു ഭേദമാക്കാനുമാണ് താന്‍ പരിചയക്കാരനായ സനോജിന്റെ ലോറിയില്‍ ക്ലീനറായി ജോലിക്കു കയറിയതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. ജൂൺ രണ്ടിനാണു സനോജിന്റെ ലോറിയിൽ ക്ലീനറായി പെൺകുട്ടി ജോലിക്കു കയറിയത്. ഒരു പെണ്‍കുട്ടി ക്ലീനറാകുമ്പോള്‍ വരുന്ന അനാവശ്യ ചോദ്യങ്ങളില്‍ നിന്നും ആളുകളുടെ നോട്ടങ്ങളില്‍ നിന്നും രക്ഷ നേടാനായി അവള്‍ ആണ്‍കുട്ടിയെപ്പോലെ മുടിയൊക്കെ വെട്ടി വേഷംമാറിയാണ് ജോലിക്ക് കയറിയത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയം വരാത്തവിധമായിരുന്നു ഇത്.
എന്നാല്‍ രക്ഷകനെന്ന് കരുതി സ്വന്തം ചേട്ടനെപ്പോലെ കണ്ടയാള്‍ തന്നെ ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ലോഡ് കൊണ്ടുപോകുന്നതിനിടെ കോഴിക്കോട് വണ്ടി നിർത്തിയപ്പോൾ ലോഡ്ജിൽ വച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു. ഇറങ്ങിയോടിയാണു അന്ന് രക്ഷപ്പെട്ടത്. പിന്തുടർന്നെത്തിയ സനോജ് മാപ്പുപറഞ്ഞും ഇനി ആവർത്തിക്കില്ലെന്നു വ്യക്തമാക്കിയും അനുനയിപ്പിച്ചു. എന്നാൽ, ലോറി കോട്ടയത്തെത്തിയപ്പോൾ ഇയാൾ പീഡിപ്പിച്ചെന്നാണു പെണ്‍കുട്ടിയുടെ പരാതി.
സഹോദരനെപ്പോലെ കണ്ടയാളില്‍ നിന്നുണ്ടായ ഈ മോശം പെരുമാറ്റം സഹിക്കാതെ റെയിൽപാളത്തിലേക്കു ചാടി മരിക്കാമെന്നുറപ്പിച്ച് ആദ്യം കണ്ട ട്രെയിനിലേക്കു കയറിയെന്നും പൊലീസ് സംഘത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പതിനേഴുകാരി പറയുന്നു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ആൺകുട്ടികളെപ്പോലുള്ള ഹെയർ സ്റ്റൈലും വസ്ത്രധാരണവുമുള്ളയാൾ പുറത്തേക്കു ചാടാനെന്ന നിലയിൽ പടിയിൽ നിൽക്കുന്നതു കണ്ട ട്രെയിനിലെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനാണ് അനുനയിപ്പിച്ചു പിന്തിരിപ്പിച്ചത്.
പിന്നീട് റെയിൽവേ എസ്ഐ അനിൽ മാത്യുവിനെ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ തൃശൂർ സ്റ്റേഷനിൽ ഇറക്കി മൊഴിയെടുത്തു. പീഡനത്തിനിരയായതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. തുടർന്ന് മീനങ്ങാടി പൊലീസിനെ വിവരം അറിയിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തനിക്കിപ്പോൾ ഈ ലോകത്തോടു തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പെണ്‍കുട്ടി പറയുന്നു.