സലിംകുമാറിന്‍റെ വീട്ടിൽ അനധികൃത ഓൺലൈൻ മാധ്യമങ്ങൾ എല്ലാ സീമകളും ലംഘിച്ചുവെന്ന് നടനും പാലക്കാട് എംഎല്‍എയുമായ രമേശ് പിഷാരടി. സ്വകാര്യത എന്നത് ഭരണഘടനാ അവകാശമാണെന്നും ആ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അതിന്‍റെ എല്ലാ അതിർവരമ്പുകളും ലംഘിച്ച കാഴ്ചയാണ് സലിം കുമാറിന്‍റെ മരണവീട്ടിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലുകൾക്ക് ലൈസന്‍സ് ഏർപ്പെടുത്തണമെന്ന് പറഞ്ഞ പിഷാരടി തനിക്കുണ്ടായ അനുഭവവും പങ്കുവച്ചു.

‘സ്വകാര്യത എന്ന് പറയുന്നത് ഒരു ഭരണഘടനാ അവകാശമാണ്. ആ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അതിന്‍റെ എല്ലാ അതിർവരമ്പുകളും ലംഘിച്ച ഒരു കാഴ്ചയാണ് സലീമേട്ടന്‍റെ മരണ വീട്ടിൽ കാണ്ടത്. സുബി മരിച്ച സമയത്തും നവാസിക്ക മരിച്ച സമയത്തുമെല്ലാം ഇത് പലതരത്തിൽ സഹപ്രവർത്തകരായ ഞങ്ങളും ബന്ധുമിത്രാദികളുമൊക്കെ അനുഭവിച്ചിട്ടുണ്ടെങ്കിലും സലീമേട്ടന്‍ മരിച്ചപ്പോൾ ഉണ്ടായിരുന്നത് അതിന്‍റെ എല്ലാ സീമകളെയും ലംഘിച്ചിട്ടുള്ള കടന്നുകയറ്റമായിരുന്നു’– രമേഷ് പിഷാരടി പറഞ്ഞു. താന്‍ പറയുന്നത് തങ്ങളുടെ ജോലി എല്ലാ മാന്യതയോടും മര്യാദയോടും കൂടി ചെയ്യുന്ന വരെ കുറിച്ചല്ലെന്നും മറിച്ച് കാണുന്ന എല്ലാ കാര്യങ്ങളും ഷൂട്ട് ചെയ്യണമെന്ന് നിർബന്ധമുള്ള പോലെയെത്തുന്ന ‘മൊബൈല്‍ മാധ്യമ പ്രവര്‍ത്തരെ കുറിച്ചും ചില കാഴ്ചക്കാരെ കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘സലിമേട്ടന്‍റെ മരണവുമായി ബന്ധപ്പെട്ട്, മുഴുവൻ സമയവും അവിടെ ഉണ്ടായിരുന്ന ഒരാളാണ് ഞാൻ. ഇന്നലെ ചിത കത്തിതീര്‍ന്നതിന് ശേഷം മുറിയിൽ എത്തിയപ്പോൾ ചന്തു എന്നോട് ചോദിച്ചു,‘ ചേട്ടാ ഞാൻ അങ്ങനെ ഒച്ച എടുത്തത് മോശമായിപ്പോയോ’. ഇല്ല, മറ്റൊരു വഴിയില്ലായിരുന്നു എന്നാണ് ഞാന്‍ പറഞ്ഞത്. കാരണം സലീമേട്ടന്‍ തന്നെ പറഞ്ഞിരുന്നു... ‘ഞാൻ ഇതിനുശേഷം വന്ന് നിങ്ങളെ അങ്ങനെ ഇങ്ങനെ ഉപദ്രവിക്കുകയൊന്നുമില്ല. അതുകൊണ്ട് എനിക്ക് ചടങ്ങുകൾ ഒന്നും വേണ്ട’ എന്ന്’– രമേഷ് പിഷാരടി പറഞ്ഞു.

തനിക്കുണ്ടായ അനുഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ‘നല്ല ക്വാളിറ്റിയും സൂമുമുള്ള മൊബൈലുകളാണ് എല്ലാവരുടെയും കയ്യിലിരിക്കുന്നത്. നമ്മൾ ഏതെങ്കിലും ഒരു ഹോട്ടലില്‍ ഒരു മൂലയ്ക്കിരുന്ന് ഭക്ഷണം കഴിച്ച് വീട്ടിലെത്തി പത്ത് മിനിറ്റ് നോക്കുമ്പോള്‍ സാധാരണക്കാരനെ പോലെ ഭക്ഷണം കഴിക്കുന്ന പിഷാരടി എന്ന് പറഞ്ഞ് വിഡിയോ വരും. എന്ത് പറയാൻ പറ്റും? അതിന് താഴെ ‘പിന്നെ ഞങ്ങള്‍ക്കൊക്കെ പഞ്ചായത്ത് പ്രസിഡന്‍റ് വന്നിട്ടാണ് ചോറ് വാരി തരുന്നത്’ എന്ന് പറഞ്ഞ് നാട്ടുകാര്‍ കമന്‍റിടും. വെറുതെ വെള്ളം കുടിച്ചാല്‍പ്പോലും സാധാരണക്കാരെ പോലെ വെള്ളം കുടിക്കുന്ന പിഷാരടിയെ കണ്ടോ എന്ന് ചോദിച്ചാല്‍ എന്തുപറയാനാണ്. നമ്മളെ നാട്ടുകാരെ കൊണ്ട് ചീത്തവിളി കേൾപ്പിക്കുക, അതിലൂടെ റീച്ച് ഉണ്ടാക്കുക... അതാണ്’– രമേഷ് പിഷാരടി പറഞ്ഞു. ഇതൊരു പ്രോസസും അഡിക്ഷനുമായിട്ട് മാറുകയാണെന്നും ഇവരൊന്നും ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ അറിയില്ലെന്നും ആ നിമിഷത്തില്‍ ജീവിക്കുന്നില്ലെന്നും രമേഷ് പിഷാരടി പറഞ്ഞു.

വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി നേരത്തേ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഓൺലൈൻ മാധ്യമങ്ങളുടെ സമീപനത്തെ ‘അശ്ലീലം’ എന്നാണ് സുപ്രിയ മേനോന്‍ വിശേഷിപ്പിച്ചത്. തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തിയാണെന്നും ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കണമെന്നും അവർക്ക് ധാരാളം വേദനയുണ്ടെന്നും സുപ്രിയ സമൂഹമാധ്യമ പോസ്റ്റില്‍ കുറിച്ചു. ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ എന്നാണ് സുപ്രിയ വിശേഷിപ്പിച്ചത്. തിരക്കിൽ മനുഷ്യത്വം നഷ്ടപ്പെട്ടെന്ന് നടി രജീഷ വിജയനും പ്രതികരിച്ചിരുന്നു.

ENGLISH SUMMARY:

Actor and Palakkad MLA Ramesh Pisharody has strongly criticized unauthorized online media outlets and YouTube channels for breaching all boundaries of privacy at the funeral of late actor Salim Kumar. Emphasizing that privacy is a fundamental constitutional right, Pisharody highlighted how the insensitive behavior of mobile-wielding content creators severely disrupted the mourning family and relatives. He shared a heartbreaking moment where Salim Kumar's son, Chandu, felt structurally forced to react out of sheer distress due to the continuous, unvetted recording of private family rituals. Pisharody further advocated for strict licensing regulations on YouTube channels, citing personal grievances where regular, mundane activities are sensationally recorded merely to drive digital engagement and clickbait comments. The actor clarified that his criticism targets predatory mobile paparazzi rather than professional media personnel who carry out their duties with dignity and ethics. This outcry aligns with severe backlash from other prominent film personalities, including Supriya Menon, who dynamically compared these invasive digital channels to vultures targeting grieving individuals.