kodumon-chandralekha-theatres-legacy

നാടകസംഘങ്ങൾ കുറവുള്ള പത്തനംതിട്ട ജില്ലയുടെ അഭിമാനമായിരുന്നു ഒരുകാലത്ത് കൊടുമൺ ചന്ദ്രലേഖ തിയേറ്റേഴ്സ്. പുരാണകഥകളെ ദൃശ്യവിസ്മയമാക്കിയ ആ സമിതിക്ക് പിന്നിൽ സത്യചന്ദ്രൻ എന്നൊരു മനുഷ്യന്റെ കഠിനാധ്വാനമുണ്ടായിരുന്നു. നൂറുകണക്കിന് വേദികൾ കീഴടക്കുകയും ഒട്ടേറെ പേർക്ക് ജീവിതമാർഗം നൽകുകയും ചെയ്ത ആ കലാകാരൻ ഇന്ന് രോഗശയ്യയിലാണ്.

നാടകസമിതിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായെങ്കിലും അന്നത്തെ നാടകവേഷങ്ങൾ ഇപ്പോഴും സത്യചന്ദ്രൻ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. ഇരുപതാം വയസ്സിൽ നാടകങ്ങൾക്കായി കർട്ടനുകളും രംഗപടങ്ങളും വാടകയ്ക്ക് നൽകിയാണ് സത്യചന്ദ്രൻ ഈ രംഗത്തേക്ക് വരുന്നത്. പിന്നീട് സുഹൃത്തുക്കളുടെ പിന്തുണയോടെ സ്വന്തമായി ഒരു നൃത്തസംഗീത നാടക ഗ്രൂപ്പ് ആരംഭിച്ചു. തന്റെ മൂത്തമകളുടെ പേരാണ് ആ സമിതിക്ക് അദ്ദേഹം നൽകിയത്— ചന്ദ്രലേഖ തിയേറ്റേഴ്സ്.

അങ്ങാടിക്കൽ വടക്ക് മാവിലാവ് ക്ഷേത്രമുറ്റത്ത് നടന്ന അവസാനവട്ട റിഹേഴ്സലുകൾ കാണാൻ അന്ന് നാട്ടുകാരെല്ലാം ഒത്തുകൂടുമായിരുന്നു. റെക്കോർഡിങ്ങുകൾ ഇല്ലാതിരുന്ന അക്കാലത്ത്, വേദിയിലെ കഥാപാത്രങ്ങളുടെ ചുണ്ടനക്കത്തിനനുസരിച്ച് പിന്നണിയിൽ ലൈവായി സംഭാഷണങ്ങൾ പറയുകയും ഗാനങ്ങൾ ആലപിക്കുകയുമായിരുന്നു രീതി.

കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയും, കൊച്ചി നേവൽ ബേസിൽ വരെയും ചന്ദ്രലേഖ തിയേറ്റേഴ്സ് തങ്ങളുടെ മൂന്നും നാലും മണിക്കൂർ നീളുന്ന നാടകങ്ങൾ അവതരിപ്പിച്ചു. നാൽപത് വർഷത്തോളം ഈ സമിതി നാടകരംഗത്ത് സജീവമായിരുന്നു.

ഇരുപതോളം തൊഴിലാളികൾക്ക് സ്ഥിരമായി തൊഴിൽ നൽകിയിരുന്ന ഒരു വലിയ പ്രസ്ഥാനമായിരുന്നു ചന്ദ്രലേഖ തിയേറ്റേഴ്സ്. നാടക സീസൺ ഇല്ലാത്ത സമയങ്ങളിൽ പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും കരാർ ജോലികൾ ഏറ്റെടുത്ത് നടത്തിയാണ് സത്യചന്ദ്രൻ തൊഴിലാളികളെ സംരക്ഷിച്ചത്. എന്നാൽ ഇരുപത് വർഷങ്ങൾക്ക് മുൻപ് ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് സമിതിയുടെ പ്രവർത്തനം പൂർണ്ണമായി നിർത്തേണ്ടി വന്നു. ഇന്ന്79-ാം വയസ്സിൽ വാർദ്ധക്യസഹജമായ രോഗങ്ങളോട് പൊരുതുകയാണ് അദ്ദേഹം. ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ ദൃശ്യവിരുന്നൊരുക്കിയ കലാകാരന് സർക്കാരിന്റെ യാതൊരു പെൻഷനോ പരിഗണനയോ ഇല്ല എന്നതാണ് ദുരവസ്ഥ.

ENGLISH SUMMARY:

Kodumon Chandralekha Theatres was once a pride of Pathanamthitta district, known for bringing mythological stories to life visually. Behind this renowned troupe was the hard work of a man named Sathyan, whose dedication to Malayalam theatre left a lasting legacy.