balussery-bank

TOPICS COVERED

ബാലുശേരി തുരുത്തിയാട്ടെ വീട്ടിലേക്ക് ബാങ്കില്‍ നിന്ന് ഫോണ്‍വിളി വന്നപ്പോള്‍ ജാനുവും മകളും അമ്പരന്നു. വായ്പാ പണം തിരിച്ചടവ് നാലുവര്‍ഷം കൊണ്ട് മുടങ്ങിയിരിക്കുന്നു. തുടര്‍നടപടിക്കായി ആവാം വിളിക്കുന്നതെന്ന ആശങ്കയായി. ബാങ്കിലേക്ക് ചെന്നതും ജീവനക്കാര്‍ കൈയ്യിലൊരു ഫയലുമായി കാത്തുനില്‍ക്കുന്നു, അപ്പോഴാണ് അറിഞ്ഞത് വീട് ഇനി നഷ്ടമാവില്ല എന്ന യാഥാര്‍ഥ്യം. ബാങ്കിലെ അസിസ്റ്റന്‍റ് സെക്രട്ടറിയായ മേഴ്സി ചെറിയാന്‍ വായ്പ അടച്ചുതീര്‍ത്തു. പിന്നെ കണ്ടത് കണ്ണിനിറയ്ക്കുന്ന കാഴ്ചയായിരുന്നു. മോളേ.... എന്ന് വിളിച്ച് ആ അമ്മ മേഴ്സിയുടെ കൈപ്പിടിച്ച് കരഞ്ഞു. 

2022ലാണ് ജാനുവിന്‍റെ പേരിലെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് ജപ്തി നടപടിയിലേക്കെത്തിയത്. ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി അദാലത്തിലേക്ക് ഇവരെ വിളിച്ചു. എണ്‍പതുകാരിയായ ജാനുവും മകളും മകളുടെ സുഖമില്ലാത്ത ഭര്‍ത്താവും അവരുടെ മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ഇളവ് നല്‍കിയാലും ബാക്കി പണമടയ്ക്കാന്‍ വഴിയില്ലെന്ന് ജാനു അന്ന് മേഴ്സിയോട് തുറന്നു പറഞ്ഞു.  

ബുദ്ധിമുട്ടുകള്‍ കേട്ടതോടെയാണ് തന്നെക്കൊണ്ട് ആകുന്ന പോലെ ആ കുടുംബത്തെ സഹായിക്കാന്‍ മേഴ്സി തീരുമാനിച്ചത്. അങ്ങനെ ഇളവ് കൊടുത്ത് ലോണ്‍ പുതുക്കി. പിന്നീട് എല്ലാ മാസവും മേഴ്സി ശമ്പളത്തിന്‍റെ ഒരു പങ്ക് അവര്‍ക്കായി മാറ്റിവച്ചു. അങ്ങനെ നാലു വര്‍ഷം കഴിഞ്ഞു. 31ന് വിരമിക്കേണ്ടി വന്നതോടെ മുന്നോട്ട് പണം അടയ്ക്കുക ബുദ്ധിമുട്ടായി. എന്നാല്‍ അവസാന നിമിഷവും അവരെ കൈയ്യൊഴിയാന്‍ മേഴ്സി തയ്യാറായില്ല. അങ്ങനെ വായ്പ അടച്ച് തീര്‍ത്തു. 

കോ– ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ( സിഐടിയു) അംഗമായ മേഴ്സി യൂണിയന്‍റെ ഒരു ഫണ്ടിലേക്കും മാസം തുക നല്‍കാറുണ്ട്. ജീവനക്കാര്‍ക്ക് ലോണ്‍ നല്‍കാനുദ്ദേശിച്ചാണ് ഈ ഫണ്ട്. 29 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ച മേഴ്സി തുകയും അതിന്‍റെ പലിശയും പിന്‍വലിച്ച് 1,07,000 രൂപ വരുന്ന ലോണ്‍ നിറഞ്ഞ സന്തോഷത്തോടെ അടച്ചുതീര്‍ക്കുകയായിരുന്നു. ആധാരം തിരികെ നല്‍കുമ്പോഴാണ് ഈ സത്പ്രവര്‍ത്തിയുടെ കാര്യം സഹപ്രവര്‍ത്തകരും അറിയുന്നത്. 

ജപ്തി നടപടികള്‍ക്ക് പോകുമ്പോഴൊക്കെ നിസാഹയമായി നില്‍ക്കുന്ന കുടുംബത്തിന് തന്‍റെ ബാഗില്‍ നിന്ന് ഒരു തുക നല്‍കുന്ന മേഴ് എന്ന ജീവനക്കാരിയെ ഓര്‍ക്കുമ്പോള്‍ ഒപ്പം ജോലി ചെയ്തവര്‍ക്കും അഭിമാനമാണ്. ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ഒരു കുടുംബത്തിന് പുത്തന്‍പ്രതീക്ഷകള്‍ പകര്‍ന്നു നല്‍കിയാണ് മേഴ്സി  വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. എങ്കിലും തന്‍റെ സാമൂഹിക സേവനം ഇനിയും തുടരുമെന്ന് മേഴ്സി പറഞ്ഞുവയ്ക്കുന്നു.

ENGLISH SUMMARY:

Janu, an 80-year-old woman from Balussery, and her distressed family were relieved of a four-year-long debt crisis when Mercy Cherian, an Assistant Secretary at their cooperative bank, stepped in to settle their loan. Facing foreclosure procedures since 2022 due to non-repayment, Janu had expressed her absolute inability to pay during a bank adalat, citing a family dependency that included an ailing son-in-law. Moved by their plight, Mercy began setting aside a portion of her monthly salary, eventually using her accumulated trade union fund savings of ₹1,07,000 to fully clear the loan just days before her retirement after 29 years of service. The noble gesture came to light only when the property deeds were officially handed back to the emotional family, cementing Mercy's legacy of quiet social service among her colleagues.