തിരുവനന്തപുരം നെടുമങ്ങാട് കരിക്കുഴിയില്‍ അര്‍ഷിദിന്‍റെ മരണത്തില്‍ അമ്മ അഖിലയുടെ പങ്ക് പുറത്ത്. മുത്തശിക്കൊപ്പം കഴിഞ്ഞിരുന്ന അര്‍ഷിദിനെ ഒരു മാസം മുന്‍പാണ് അഖിലയും അഷ്കറും കൂട്ടികൊണ്ടുപോകുന്നത്. വീട്ടില്‍ നിന്നും ഇറങ്ങിയ അഷ്കര്‍ കുട്ടിയെ പുഴുത്ത പട്ടിയെപ്പോലെ നോക്കുമെന്ന് പരസ്യമായി പറഞ്ഞിരുന്നു. കുട്ടിയുടെ സുരക്ഷയെ പറ്റിയുള്ള ആശങ്കയുമായി മുത്തശി റീന നെടുമങ്ങാട് പൊലീസിനെ സമീപിച്ചെങ്കിലും അഖിലയുടെ നാടകത്തില്‍ പൊലീസും വീഴുകയായിരുന്നു.
ജോലിക്ക് പോകുന്ന റീനയ്ക്കും പ്രായമായ മുതുമുത്തശ്ശിക്കും കുഞ്ഞിനെ നോക്കുന്നത് പ്രയാസമായതോടെയാണ് അര്‍ഷിദിനെ അമ്മയ്ക്കൊപ്പം വിട്ടത്. എന്നാല്‍ കുട്ടിയെ വിളിക്കാനെത്തിയ അഷ്കര്‍ മോശമായ രീതിയിലാണ് അന്ന് പെരുമാറിയത്. 'ഞാൻ കൂടിപ്പോയാൽ അഞ്ചാറ് ദിവസം നോക്കും പിന്നെ പുഴുത്ത പട്ടിയെ പോലെ നോക്കും' എന്നാണ് അഷ്കര്‍ പരസ്യമായി വിളിച്ചു പറഞ്ഞത്.
പിന്നീട് കുഞ്ഞിന്‍റെ ഇരുകയ്യിലും പരുക്കേറ്റത്തോടെ മുത്തശി റീന പൊലീസിനെ സമീപിച്ചിരുന്നു. പക്ഷേ കുട്ടി സൈക്കിളിൽ നിന്ന് വീണതാണെന്നെ അമ്മയുടെ മൊഴിയാണ് പൊലീസ് വിശ്വസിച്ചത്. കുട്ടിയോട് തനിക്കും പങ്കാളിക്കും വലിയ സ്നേഹമാണെന്നും അമ്മ അഖില പൊലീസിനെ വിശ്വസിപ്പിച്ചു. പിന്നീട് കുഞ്ഞിന്‍റെ പോസ്റ്റ്മോര്‍ട്ടം ആശുപത്രിയില്‍ നടക്കുമ്പോഴും അഖില നാടകം തുടര്‍ന്നു. കുഞ്ഞ് വീണു പരുക്കേറ്റതാകാമെന്നും പൊള്ളലേറ്റത് തിളച്ച വെള്ളം വീണതാണ് എന്നുമായിരുന്നു അഖിലയുടെ സംസാരം.
കുഞ്ഞ് വീണതാണെന്നും കുഞ്ഞിന്റെ കൈ ഒടിഞ്ഞത് വീണപ്പോഴാണെന്നുമാണ് അഖില ആശുപത്രിയില്‍ പറഞ്ഞിരുന്നത്. കുഞ്ഞിന്റെ ശരീരത്തിലുള്ള മറ്റ് പരിക്കുകൾ തിളച്ച വെള്ളം വീണുണ്ടായതാണ്. കുഞ്ഞിന്റെ തന്നെ ഭാഗത്ത് നിന്ന് ഉണ്ടായ പരുക്കാണ്. കുഞ്ഞിനപ്പടി പിരിപിരിപ്പാണ് എന്നൊക്കെയായിരുന്നു അഖില പറഞ്ഞുകൊണ്ടിരുന്നത്.
തുടര്‍ച്ചയായ മര്‍ദ്ദനം കാരണമുളള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. ഒന്നര വയസുകാരന്‍റെ ശരീരം മുഴുവന്‍ ഗുരുതര മുറിവുകളുണ്ട്. തുടര്‍ച്ചയായ മര്‍ദ്ദനം കാരണമുളള ആന്തരിക രക്തസ്രാവമാണ് കുഞ്ഞിന്‍റെ മരണ കാരണമെന്ന് പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തി. ഇതോടെ അമ്മ അഖിലയേയും രണ്ടാം ഭര്‍ത്താവ് അഷ്കറിനേയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.