സ്വന്തം ഡിവിഷനിലെ വിദ്യാർഥികൾക്ക് എട്ടു ലക്ഷം രൂപയുടെ നോട്ടുബുക്കുകൾ സൗജന്യമായി വിതരണം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് അംഗം മാതൃകയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബു താഹിർ പാണ്ടിക്കടവത്താണ് പുസ്തക വിതരണം നടത്തിയത്. പദ്ധതിയുടെ ഔദ്യോഗിക വിതരണോദ്ഘാടനം മന്ത്രി കെ.എം. ഷാജി നിർവഹിച്ചു.
ജൂണിൽ സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം അൽപമൊന്നു കുറയ്ക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഈ സഹായവുമായി എത്തിയത്. കാരാത്തോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലും മലപ്പുറം നഗരസഭയിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട് ഉൾപ്പെടുന്ന വാർഡിലുമാണ് സൗജന്യ പുസ്തക വിതരണം നടത്തിയത്. എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കാണ് ബുക്കുകൾ നൽകിയത്.
ബുക്ക് വിതരണം ചെയ്യുന്ന വിവരമറിഞ്ഞ് കുട്ടികളും രക്ഷിതാക്കളുമടക്കം വലിയൊരു ജനക്കൂട്ടമാണ് ചടങ്ങിൽ പങ്കെടുക്കാനായി എത്തിയത്. വിദ്യാഭ്യാസ മേഖലയ്ക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്ന് അബു താഹിർ പാണ്ടിക്കടവത്ത് അറിയിച്ചു.