വളർത്തു പൂച്ചകൾ കാരണം വിഷപാമ്പിന്‍റെ വായില്‍ നിന്ന് അത്ഭുതകരമായി രക്ഷപെട്ടതിന്‍റെ ആശ്വാസത്തിലാണ് കോഴിക്കോട് വടകര സ്വദേശി സുനിതയും കുടുംബവും. മൂര്‍ഖന്‍ വീടിനുള്ളില്‍ കയറിയത് അരുമകളായ പൂച്ചകള്‍ ബഹളം വച്ചു സുനിതയെ അറിയിക്കുകയായിരുന്നു.
അന്നവും അഭയവും നല്‍കുന്നവര്‍ക്കു ജീവന്‍ പണയം വച്ചും സംരക്ഷണമൊരുക്കണമെന്ന് ഈ മാര്‍ജാരന്‍മാര്‍ക്കറിയാം. അല്ലെങ്കില്‍ പത്തിവിടര്‍ത്തിയാടുന്ന മൂര്‍ഖനെ അനങ്ങാന്‍ സമ്മതിക്കാതെ നീണ്ട ഇരിപ്പിരിക്കാന്‍ സിനിപ്പൂച്ച തയാറാകുമോ. വടകര കുഴിച്ചാലില്‍ സുനിത വീട്ടില്‍ സിനിയെന്ന രണ്ടു പൂച്ചകളെ വളര്‍ത്തുന്നുണ്ട്. വീടു പണി നടക്കുന്നതിനടുത്തുള്ള ഷെഡിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് സുനിത വീടിനു പുറത്തായിരുന്ന സമയത്താണു പാമ്പ് അകത്ത് കയറിയത്. ഇതു പൂച്ചകള്‍ കണ്ടു. ഒരാള്‍ പാമ്പിനെ ഗ്യാസ് സിലിണ്ടറിനടുത്ത് വച്ച് ബന്ദാക്കി കാവലിരുന്നു. അടുത്തയാള്‍ ഉടമയായ സുനിതയുടെ അടുത്തേക്കോടി. രോമം ഉയർത്തി ഗൗരവത്തോടെ പൂച്ച നിരന്തരം വീടിനുള്ളിലേക്കും പുറത്തേക്കും ഓടുന്നതു ശ്രദ്ധിച്ച സുനിത പിന്നാലെ നടന്നപ്പോള്‍ കണ്ടത് മൂര്‍ഖനെ! പാമ്പ് പിടുത്തക്കാരെത്തി മൂര്‍ഖനെ സുരക്ഷിതമായി പിടികൂടി. അരുമകള്‍ കാരണം വലിയ അപകടത്തില്‍ നിന്നു രക്ഷപെട്ടതിന്‍റെ ആശ്വസത്തിലാണ് കുടുംബം.