പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ നവകേരള യാത്രയ്ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷണത്തിന് യുഡിഎഫ് സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചതോടെ സോഷ്യൽ മീഡിയയിലെയാകെ ചർച്ച ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എ.പി.ഷൗക്കത്തലിയെപ്പറ്റിയാണ്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുക.
ഷൗക്കത്തലി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അന്വേഷണ മികവിനുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥനാണ്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഷൗക്കത്തലി ടി.പി.കേസ് സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ നടുറോഡില്‍ കാര്‍ തടഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല കൊടി സുനി ഉള്‍പ്പെടെയുള്ള കൊടും ക്രിമിനലുകളെ അകത്താക്കിയതും ഇദ്ദേഹം തന്നെയാണ്.
1995ൽ ഒന്നാം റാങ്കോടെ കേരളാ പൊലീസിൽ എസ്.ഐ ആയി നിയമിതനായ ഷൗക്കത്തലി 2014ൽ ദേശീയ അന്വേഷണ ഏജൻസിയിലെത്തി. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്, കനകമല കേസ്, തമിഴ്‌നാട്ടിലെ ഒട്ടേറെ ഭീകരവാദ കേസുകൾ, പാരീസ് ഭീകരാക്രമണ കേസിൽ ഫ്രഞ്ച് ഏജൻസികളുമായി ചേർന്നുള്ള അന്വേഷണം എന്നിവയിലെല്ലാം ഷൗക്കത്തലി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ സ്പെഷലിസ്റ്റായാണ് ഷൗക്കത്തലി അറിയപ്പെടുന്നത്.
2020-ലെ സ്വർണ്ണക്കടത്ത് കേസിൽ ചുമതലയേറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷിനേയും സന്ദീപിനേയും അറസ്റ്റ് ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞു. തലശ്ശേരി ഡിവൈഎസ്പിയായിരുന്ന സമയത്താണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരെയും സി.പി.എം. നേതാക്കളായ പി.കെ. കുഞ്ഞനന്തനെയും പി.മോഹനനേയും അറസ്റ്റു ചെയ്തത്. പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസ് അന്വേഷണത്തിൽ ഡിവൈഎസ്പി അടക്കം അഞ്ച് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.
15 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 2024 ഡിസംബര്‍ 15ന് നവകേരള യാത്രയുടെ ബസ് ആലപ്പുഴയിലൂടെ കടന്ന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജംക്ഷനില്‍ കാത്തുനിന്ന നിലവിലെ ആലപ്പുഴ എംഎല്‍എയും അന്നത്തെ കെഎസ്യു ജില്ലാ പ്രസിഡന്റുമായ എ.ഡി.തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവര്‍ കുര്യാക്കോസ് എന്നിവര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. ഇവരെ നടുറോഡിലിട്ട് പിണറായി വിജയന്‍റെ ഗണ്‍മാന്‍ അനില്‍കുമാറും സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്.സന്ദീപും ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അന്ന് പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുക്കാന്‍ ആദ്യം പൊലീസ് തയാറായിരുന്നില്ല.
തുടര്‍ന്ന് കോടതി ഇടപെടലിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ദൃശ്യങ്ങളിലൂടെ കേരളം മുഴുവന്‍ കണ്ട ആ അക്രമം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍റെ ന്യായീകരണം. കോടതി നിര്‍ദേശത്തില്‍ കേസെടുത്തുവെങ്കിലും പ്രതികളെ ചോദ്യം ചെയ്യാന്‍ പോലും കഴിഞ്ഞിരുന്നില്ല. 'ഞങ്ങളുടെ കുഞ്ഞുങ്ങളെ തല്ലിച്ചതച്ചത് മറന്നിട്ടില്ലെന്നും എല്ലാം ഓര്‍ത്തുവയ്ക്കുമെന്നും' വി.ഡി.സതീശനും ഇതില്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ആദ്യം പ്രഖ്യാപിച്ചത് ഈ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നാണ്.