കഴിഞ്ഞ പത്ത് വർഷം കോണ്‍ഗ്രസിനായി തന്നെ പോലെ ജീവനും ജീവിതവും നൽകി ജയിലിൽ കിടന്നവര്‍ ദൂരെ നിന്ന് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുമ്പോൾ, ആൻ ജോർജ് എന്ന ഒരു യൂട്യൂബ് റീൽ മോഡൽ മാത്രമായ സ്ത്രീയെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് കയറ്റിവിട്ടത് ആരാണെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നിഖില്‍ പൈലി. ഞങ്ങളെപ്പോലുള്ളവരെയൊക്കെ മറന്ന് ഇവരെ പോലുള്ളവരെ ഓർക്കുമ്പോൾ ഒരു കാര്യം മറന്നുപോകരുത്. എല്‍ഡിഎഫ് സർക്കാരിനെതിരെ സമരം ചെയ്തും സിപിഎമ്മിന്റെ തല്ല് കൊണ്ടും, വീടുകൾ കയറി വോട്ട് ചോദിച്ചും കിട്ടിയതാണ് ഈ മന്ത്രി കസേരകൾ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
സത്യപ്രതിജ്ഞ ചടങ്ങിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂക്കി വിളച്ചതില്‍ പ്രതികരിച്ച് നടി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതിന് പിന്നാലെയാണ് നിഖില്‍ പൈലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 'ചില കുലംകുത്തികൾ ഓരിയിട്ടു...' എന്നാണ് റിനി ഈ സംഭവത്തെ വിശേഷിപ്പിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് റിനിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂവിയത്. സത്യപ്രതിജ്ഞ ചടങ്ങില്‍ ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു. അതിനെ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ അവഗണിക്കുകയും ചെയ്തു എന്നാണ് റിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കൂവിയത് കോൺഗ്രസുകാരാണെന്ന് കരുതുന്നില്ലെന്നും കോണ്‍ഗ്രസുകാര്‍ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും റിനിയുടെ പോസ്റ്റിലുണ്ട്.
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് റിനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സത്യപ്രതിജ്ഞയ്ക്ക് വന്ന എന്നെ കോണ്‍ഗ്രസുകാര്‍ ആട്ടിയോടിച്ചെന്ന് പറയുന്നവര്‍ക്ക് ചിത്രം സമര്‍പ്പിക്കുന്നുവെന്നും റിനി എഴുതി. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് റിനി. നേരത്തെ ഒരു അഭിമുഖത്തിനിടെ റിനി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിനെതിരായ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതും, പീഡനത്തിനരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതും.