കുന്നത്തുനാട് നിയമസഭാ മണ്ഡലത്തില്‍ 554 വോട്ടുകള്‍ക്ക് മുകളില്‍ താന്‍ വിജയിക്കുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റുമായി പിവി ശ്രീനിജിന്‍ എംഎല്‍എ. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥി വിപി സജീന്ദ്രനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പി വി ശ്രീനിജിൻ രംഗത്തെത്തിയിരുന്നു. സ്ഥാനമാനങ്ങൾക്കായി എന്ത് നെറികേടും ചെയ്യുന്ന വ്യക്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ പാർട്ടി പിളർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും വരെ ശ്രീനിജിൻ ആരോപിച്ചിരുന്നു.
അതിന് ശേഷം പരസ്യമായ പ്രതികരണങ്ങളൊന്നും അധികം ഇല്ലാതിരിക്കെയാണ്, ഫലം വരുന്നതിന് മുമ്പ് 554 വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് അവകാശപ്പെട്ട് അദ്ദേഹം രംഗത്തെത്തിയത്. 554 എന്ന കണക്ക് ഇപ്പോള്‍ എവിടെ നിന്നു വന്നുവെന്നാണ് പോസ്റ്റിന് താഴെ വന്ന കമന്‍റുകളില്‍ ഭൂരിഭാഗവും. ഇത്ര വികസനം ചെയ്തിട്ടും 554, കഷ്ടം തന്നെ ശ്രീനി എന്ന് വിനീത് കുമാറെന്ന പ്രൊഫൈല്‍ കമന്‍റിട്ടു. 2500 വോട്ടിനു മുകളിൽ സഖാവ് ജയിച്ചിരിക്കുമെന്നാണ് ജാബിറിന്‍റെ അഭിപ്രായം.
ഒരു കാലത്തും ഇല്ലാത്ത വികസനം ആണ് നിയോജക മണ്ഡലത്തിൽ ചെയ്തത് എന്നല്ലേ അങ്ങ് അവകാശപ്പെട്ടതെന്നും, അങ്ങനെ എങ്കിൽ ഭൂരിപക്ഷം കൂടുക അല്ലേ വേണ്ടതെന്നും ചോദിക്കുന്നു സണ്ണി ഹെന്‍ട്രി. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും എക്സിറ്റ് പോളിന്റെ ഏഴയലത്ത് പോലും ഇല്ലാത്ത അണ്ണൻ കുന്നത്തുനാട് തൂക്കുമെന്ന് കമന്‍റിടുന്നു സ്റ്റാലിന്‍ അറക്കല്‍. കോണ്‍ഫിഡൻസ് താണ് താണ് അവസാനം അഞ്ഞൂറിൽ എത്തിയോ എന്നാണ് ആര്യന്‍ രാജിന്‍റെ ട്രോള്‍. തോറ്റാൽ അധികം ഒന്നും വേണ്ട, ഈ പറഞ്ഞ 554 രൂപ ഗൂഗിള്‍ പേയില്‍ അയച്ചുതരാമോയെന്നും, ഒരു വെല്ലുവിളി ആയി ഏറ്റെടുക്കാമോ എന്നും ചോദിക്കുന്നു ഷെരിന്‍ റാഫേല്‍.