ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍രാജിന്‍റെ മരണത്തില്‍, കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി മാല പാർവതി. ഹർത്താലിലുണ്ടായ അക്രമ സംഭവങ്ങളിൽ,  ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് നോട്ടിസും നല്‍കിയ കോടതി, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 

ഹർത്താൽ ഒരു സമരമാർഗ്ഗമായി, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ, എക്കാലത്തും  സ്വീകരിച്ചിട്ടുണ്ടെന്നും, നിതിൻ രാജിൻ്റെ മരണം ചിലരുടെ മാത്രം ദു:ഖമാണ് എന്ന് തെളിയിക്കുന്ന പ്രതികരണമാണ് പലരിലും കണ്ടതെന്നും ഹർത്താലിനെ പിന്തുണച്ചുകൊണ്ട് മാല പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.

 "ദളിത് പാർട്ടകളല്ലേ.. അവര് എന്ത് ചെയ്യാനാ" എന്ന നിലയിൽ, ചിലരെങ്കിലും, ഇന്നത്തെ ഹർത്താലിനെ  കണ്ടു. സാധാരണ ഹർത്താൽ പ്രഖ്യാ‌പനം  വന്നാൽ, മുൻ കരുതലുകൾ എടുക്കാറുണ്ട്. എന്താ ചെയ്യേണ്ടത് എന്ന് എല്ലാവർക്കും അറിയുകയും ചെയ്യാം.അങ്ങനെ ഒന്നും ഇവിടെ ഉണ്ടാകാത്തത് എന്ത് കൊണ്ടായിരിക്കും?

നിതിൻ രാജിൻ്റെ മരണം ചിലരുടെ മാത്രം ദു:ഖമാണ് എന്ന് തെളിയിക്കുന്ന പ്രതികരണമാണ് പലരിലും കണ്ടത്. സമരത്തിനും അയിത്തം കല്പിച്ച്.. പല ജാതി കോമരങ്ങളുടെയും പ്രതികരണം കണ്ടു. സമരം ഒരു പ്രതിഷേധ മുറയാണ്. അത് കേരളത്തിൽ നടന്ന ആദ്യ സംഭവം എന്ന നിലയ്ക്കുള്ള  വിചാരണകളോട്  യോജിപ്പില്ല. നിതിൻ്റെ മരണം ഒരു ഗൗരവമായ പ്രശ്നമാണ്. ഇൻസ്റ്റിറ്റ്യൂഷനുകളിലും, മറ്റ്  പല ഇടങ്ങളിൽ, ഇക്കാലത്തും  വംശീയ അധിക്ഷേപം നടക്കുന്നുണ്ട് എന്നതും ഉറക്കെ പറയേണ്ട കാര്യമാണ്!. 

നിതിൻ്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തിട്ടില്ല എന്നത് ആർക്കും ഒരു പ്രശ്നമല്ലാത്തത് പോലെ!. വംശീയതയുടെ വിഷയം ചർച്ച ചെയ്യുമ്പോൾ, കേരളം മുന്നോട്ടാണ് പോകുന്നത് എന്ന് തോന്നുന്നില്ല. ഈ ഹർത്താൽ അവശ്യമായിരുന്നു എന്ന് തോന്നാൻ കാരണവുമതാണ്''. - മാല വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Malayala Manorama Online News reported on the hartal called by Dalit organizations regarding the death of BDS student Nitin Raj and the subsequent actions by the High Court. The High Court has suo motu taken up the case regarding the violence during the hartal and issued notices to those who called for it, demanding a report from the DGP.