സംസ്ഥാനത്ത് ചൂട് കൂടുന്നതിനോട് അനുബന്ധിച്ച് സുരക്ഷാ മുന്‍കരുതലിനുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിരുന്നു. 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്നും ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉപദേശങ്ങള്‍ അനുസരിച്ചതുകൊണ്ട് തനിക്ക് നാട്ടില്‍ ചീത്തപ്പേരായി എന്ന് പറയുകയാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. മുഖ്യമന്ത്രി മൂലം നാട്ടിലുണ്ടായിരുന്ന എല്ലാ സല്‍പ്പേരും നഷ്ടപ്പെട്ടുവെന്നും ശ്രീവിദ്യ പറയുന്നു.
പ്രിയപ്പെട്ട കേരള ചീഫ് മിനിസ്റ്റര്‍ പിണറായി വിജയന്‍ സാര്‍, എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്. ബഹുമാനമാണ്. പക്ഷേ ഇനി മുതല്‍ നിങ്ങള്‍ പറയുന്ന ഒരു കാര്യവും ഞാന്‍ അനുസരിക്കില്ല. കാരണം കുറച്ചുദിവസങ്ങള്‍ക്ക് മുന്നേ നിങ്ങളൊരു ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ചൂട് കൂടിവരുകയാണ്, എല്ലാവരും വെള്ളം കുടിക്കുക, പത്ത് മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ഇറങ്ങാതിരിക്കുക, സൂക്ഷിക്കുക എന്നൊക്കെ പറഞ്ഞ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ഒരു കേരള സിവിലിയന്‍ എന്ന നിലയ്ക്ക് ഞാന്‍ അത് അനുസരിക്കണം. നിങ്ങളോടുള്ള ബഹുമാനം കൊണ്ട് ഞാനത് അനുസരിച്ചു, ശ്രീവിദ്യ പറഞ്ഞു.
ഇന്ന് എന്‍റെ നാട്ടില്‍ ഒരു തെയ്യം ഉണ്ടായിരുന്നു. സണ്‍ഗ്ലാസ് ഉപയോഗിക്കണമെന്നും ആ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഞാന്‍ സണ്‍ഗ്ലാസ് വച്ചിട്ടാണ് പോയത്. കാരണം മുഖ്യമന്ത്രി അങ്ങനെ പറഞ്ഞതാണ്. ഇപ്പോള്‍ എന്നെ നാട്ടില്‍ പറയുന്നതെന്താണെന്ന് അറിയാമോ? ഓള് വലിയ മമ്മൂട്ടി ആയെന്നാ വിചാരമെന്ന്, കുഞ്ഞമ്പൂന്‍റെ പെണ്ണ് എങ്ങനാ നടന്നിരുന്നത്? ഇപ്പോള്‍ ഓള്‍ക്ക് സണ്‍ഗ്ലാസ് വച്ചാലേ തെയ്യത്തിനെ കാണൂന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു തെയ്യം. അപ്പോള്‍ ഇത് വച്ചിട്ട് തെയ്യത്തിനെ കാണാന്‍ പോവാന്ന് കരുതി. അതുവല്ല, മുഖ്യമന്ത്രി പറഞ്ഞിരുന്നല്ലോ. ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുമ്പോള്‍ പറയണ്ടേ, സണ്‍ഗ്ലാസ് വച്ചിട്ട് വരുന്ന പെണ്‍പിള്ളാരെയൊന്നും കുറ്റം പറയുന്ന നാട്ടുകാര്‍ക്ക് തക്കതായ ശിക്ഷ തരണമെന്ന്. അതെന്താ നിങ്ങള്‍ ഇടാത്തത്. ഞാനിപ്പോള്‍ അഹങ്കാരത്തിന് കയ്യും കാലും വച്ച വിത്താ എന്‍റെ നാട്ടില്‍. ഞാനുണ്ടാക്കിയ എല്ലാ സല്‍പ്പേരും നിങ്ങള്‍ കളഞ്ഞില്ലേ, ശ്രീവിദ്യ ചോദിച്ചു.
അതേസമയം തമാശരൂപേണ ശ്രീവിദ്യ പോസ്റ്റ് ചെയ്ത വിഡിയോക്ക് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പറഞ്ഞ ഗൗരവകരമായ വിഷയങ്ങളെ തമാശയാക്കരുതെന്നാണ് കമന്‍റില്‍ ഒരു വിഭാഗം പറയുന്നത്. 'വിവരകേട് പറയല്ലെ', 'വൈറൽ ആകാൻ ശ്രമിക്കുകയാണോ', 'ബുദ്ധി ശൂന്യത ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്', 'ദാരിദ്ര്യം...എല്ലാവരും ഒന്ന് ചിരിച്ചു കൊടുത്തേ... ', എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. അതേസമയം മര്യാദയുടെ പരിധി കടന്ന് അസഭ്യവും പറയുന്നുണ്ട് ചിലര്‍.